ADVERTISEMENT

രാജപുരം ∙ കോവിഡ് പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ പാലുൽപാദനത്തിൽ 35 ശതമാനം വർധന. 2020 ഏപ്രിൽ മാസം പ്രതിദിന സംഭരണം 55,263 ലീറ്റർ ആയിരുന്നത് 8 മാസത്തിനുള്ളിൽ 74,459 ലീറ്റർ ആയി വർധിച്ചു. 19,196 ലീറ്റർ വർധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പാലുൽപാദനം നടന്നത് (23,944 ലീറ്റർ).

സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾക്കൊപ്പം കോവിഡ് കാലത്ത് കൂടുതൽ പേർ ക്ഷീര കൃഷി മേഖലയിലേക്ക് തിരിഞ്ഞതും കെസിസി പദ്ധതിയിൽ ക്ഷീരകർഷകർക്ക് വായ്പ നൽകിയതും ക്ഷീരമേഖലയ്ക്കു പുത്തൻ ഉണർവേകി. പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. ജില്ലയിൽ 144 സംഘങ്ങളിലായി 9949 പുരുഷന്മാരും 11679 സ്ത്രീകളുമടക്കം 21628 റജിസ്റ്റർ ചെയ്ത ക്ഷീര കർഷകരുണ്ട്.

∙ ചെലവഴിച്ചത് 52.33 കോടി

‌14.67 കോടി രൂപ ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകൾ മുഖേനയും 13.68 ലക്ഷം രൂപ എസ്‌സിഎ ടു എസ്‌സിപി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് കഴിഞ്ഞ 5 വർഷങ്ങളിലായി ജില്ലയിലെ ക്ഷീരകർഷകർക്കു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.

∙ ക്ഷീര ഗ്രാമം പദ്ധതി

ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ പനത്തടി പഞ്ചായത്തിൽ വലിയ നേട്ടമാണുണ്ടാക്കിയത്. പനത്തടിയിൽ 2017-18ൽ 14,30,628 ലിറ്റർ പാലുൽപാദനം ഉണ്ടായിരുന്നത് 2020 ൽ 20,03,084 ലീറ്റർ ആയി വർധിച്ചതായി ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജീജ സി കൃഷ്ണൻ പറഞ്ഞു. ജില്ലയിൽ രണ്ടാം ഘട്ടം ക്ഷീര ഗ്രാമം പദ്ധതി അജാനൂർ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.

∙ മിൽക്ക് ഷെഡ് വികസന പദ്ധതി

ക്ഷീര കർഷകർക്കും പുതുതായി കടന്നു വരുന്നവർക്കും ഏറെ പ്രയോജനകരമായ മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ഒരു പശു, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, കിടാരി യൂണിറ്റുകൾ എന്നിവയ്ക്ക് ധനസഹായം ലഭിക്കും. ക്ഷീര വികസന യൂണിറ്റ് ഓഫിസുകൾ വഴിയാണ് ഇവ ലഭ്യമാക്കുക. 50,000 രൂപ വരെ ധനസഹായം ലഭിക്കും.

∙ തീറ്റപ്പുൽക്കൃഷി വികസന പദ്ധതി

പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് തീറ്റപ്പുൽക്കൃഷി വ്യാപകം ആക്കുന്നതിനുള്ള പദ്ധതികളും ജില്ലയിൽ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള നല്ലയിനം പുൽവിത്ത്/പുൽക്കടകൾ വിതരണം, ഹ്രസ്വകാല തീറ്റപ്പുൽ വിളകൾ, അസോള കൃഷി, നഴ്സറികൾ, തരിശുഭൂമിയിൽ തീറ്റപ്പുൽകൃഷി തുടങ്ങിയ അനുബന്ധ പദ്ധതികളും ജില്ലയിൽ പുരോഗമിക്കുകയാണ്.

∙ ഇൻഷുറൻസ് പദ്ധതി

കർഷകർക്കുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതി, കർഷകർക്ക് ചികിത്സ ധനസഹായം ഉറപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി, പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി, ഉൽപാദന ശേഷി നഷ്ടപ്പെട്ട പശുക്കൾക്ക് അവയുടെ മൂല്യത്തിന് അനുസരിച്ച് തുക ലഭ്യമാക്കുന്ന പെർമനന്റ് ടോട്ടൽ ഡിസബിലിറ്റി ക്ലെയിം തുടങ്ങിയവയാണ് ക്ഷീര കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ.

∙ഗുണനിയന്ത്രണ പ്രവർത്തനങ്ങൾ

സുരക്ഷിതവും മികച്ചതുമായ പാൽ ഉൽപാദിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി ഗുണനിലവാര നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗുണനിലവാരം പരിശോധിക്കാൻ ക്വാളിറ്റി കൺട്രോൾ യൂണിറ്റ്, ഒരു റീജനൽ ഡയറി ലാബ് കം ഡയറി ട്രെയിനിങ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ വലിയ നേട്ടമാണ് ക്ഷീര മേഖലയിലുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com