ADVERTISEMENT

പെരിയ ∙ വീണ്ടുമൊരു ഫെബ്രുവരി 17. കനലെരിയുന്ന ഓർമകൾക്ക് നാളെ രണ്ടു വയസ്സ്. രാഷ്ട്രീയാന്ധത ബാധിച്ചവരുടെ കൊലക്കത്തിയ്ക്ക് ഇരയായി കല്യോട്ട്  കൃപേഷും ശരത്‌ലാലും ‍പിടഞ്ഞു വീണത് 2019 ഫെബ്രുവരി 17ന് രാത്രിയായിരുന്നു. എല്ലാമായിരുന്ന പ്രിയപ്പെട്ട ഏട്ടൻമാരുടെ  ഓർമ ദിനത്തിൽ  അവരെക്കുറിച്ചുള്ള നല്ല ഓർമകൾ ‘മനോരമ’യുമായി പങ്കുവയ്ക്കുകയാണ് കൃപേഷിന്റെ സഹോദരി  കൃഷ്ണപ്രിയയും ശരത്‍ലാലിന്റെ സഹോദരി അമൃതയും.

കൃഷ്ണപ്രിയ (കൃപേഷിന്റെ സഹോദരി)

ഓർമകൾക്ക് മരണമില്ലാത്ത കാലംവരെയും കിച്ചുവേട്ടൻ എന്നും എപ്പോഴും എന്റെ കൂടെയുണ്ടാകും. ഓർമകൾ അങ്ങനെയാണ്, ഒരേ സമയം ചുണ്ടിൽ പുഞ്ചിരി നൽകാനും കണ്ണുകളെ ഈറനണിയിക്കാനും സാധിക്കും. ഏട്ടനെക്കുറിച്ചുള്ള നല്ല ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ടം.ഒറ്റമുറിക്കുടിലിലാണെങ്കിലും സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. എന്റെ അഹങ്കാരമായിരുന്നു എന്റെ ഏട്ടൻ. കൂട്ടുകാരുമൊത്ത് സംസാരിക്കുമ്പോഴൊക്ക ഏട്ടനെക്കുറിച്ച് പറയാനായിരുന്നു എനിക്ക് ഏറെയിഷ്ടം. പറയുമ്പോഴൊക്കെ ആവേശവുമായിരുന്നു. രാത്രിസമയത്താണ് ഏട്ടനെ കൂടുതൽ സമയം അടുത്ത് കിട്ടുന്നത്. പകലൊക്കെ കളിയും ജോലിയുമായി വീട്ടിലുണ്ടാകില്ല. പഠിക്കാൻ പോകാൻ കഴിയാത്തതിനാൽ വളരെ സങ്കടപ്പെട്ടിരുന്നു.

  കൃപേഷിന്റെ  സഹോദരി  കൃഷ്ണപ്രിയ
കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ

പക്ഷേ അവസാനദിനങ്ങളിൽ എന്റെ അടുത്ത് തന്നെയുണ്ടായിരുന്നു. എന്റെ സ്റ്റഡി ലീവ് സമയത്ത് ഏട്ടൻ മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. പഠനം കഴിഞ്ഞാൽ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരിക്കും. വൈകിട്ട് ഫുട്ബോൾ കളിയും കഴിഞ്ഞ് കുളിച്ച് വന്നാൽ എന്തെങ്കിലും പറഞ്ഞിരിക്കും. പാർട്ടിയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചും പറഞ്ഞിരുന്നു. ‘അതിനൊന്നും പോകേണ്ട ഏട്ടാ’ എന്നു ഞാൻ പറഞ്ഞാൽ ‘നീ പേടിക്കേണ്ട ഉമ്മിണീ’ന്ന് പറഞ്ഞ് കണ്ണിറുക്കിയുള്ള  ചിരിയായിരുന്നു മറുപടി. 

എന്റെ 17-ാം പിറന്നാളിന് അപ്രതീക്ഷിതമായാണ് ഏട്ടൻ കേക്കുമായി വന്നത്. അതുവരെയും ഞങ്ങൾ ആരുടെയും പിറന്നാൾ ആഘോഷിച്ചിട്ടില്ല. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. പക്ഷേ ഇന്ന് അതേക്കുറിച്ചോർക്കുമ്പോൾ ഏറ്റവും വലിയ വേദനയായി മാറുകയാണ്. പ്രതീക്ഷിതമാണെങ്കിലും എന്റെ ഏട്ടനൊപ്പം ഞാൻ ആദ്യമായും അവസാനമായും ആഘോഷിച്ച പിറന്നാൾ ആയിരുന്നു അത്. 

അമൃത (ശരത്‍ലാലിന്റെ സഹോദരി)

ഞെട്ടൽ ഇന്നും മാറിയിട്ടില്ല, മനസ്സിനെ മരവിപ്പിച്ച ആ കാഴ്ചയും മായുന്നില്ല.. ഏട്ടന്റെ സ്നേഹവും കരുതലും ആത്മധൈര്യവും ഞങ്ങൾക്ക് ജീവിക്കാനുള്ള ആവേശമായിരുന്നു. എന്റെ പഠനകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയായിരുന്നു ഏട്ടന്. അച്ഛനും അമ്മയ്ക്കും കുട്ടൻ, പ്രിയപ്പെട്ടവരുടെ ജോഷി- അതായിരുന്നു ഏട്ടൻ. എന്തിനുവേണ്ടിയായിരുന്നു ഏട്ടനെ കൊന്നത്? അവന്റെ സ്വപ്നങ്ങളെയും ഞങ്ങളുടെ പ്രതീക്ഷകളെയും ഇല്ലാതാക്കിയത് എന്തിനായിരുന്നു? 

  ശരത്‍ലാലിന്റെ സഹോദരി അമൃത
ശരത്‍ലാലിന്റെ സഹോദരി അമൃത

ചെറുപ്രായത്തിൽ തന്നെ പൂരോത്സവ നാളുകളിൽ ഏട്ടൻ കല്യോട്ടമ്മയുടെ തിരുനടയിൽ പൂരക്കളിച്ചുവടു വയ്ക്കുന്നത് എന്റെ ഓർമയിലുണ്ട്. സ്കൂൾ പഠന കാലത്ത് കലാകായിക രംഗങ്ങളിൽ കാണിച്ച മികവ് രാഷ്ട്രീയത്തിനതീതമായി അവന് ഒരുപാട് സ്നേഹസൗഹൃദങ്ങളുണ്ടാക്കിക്കൊടുത്തു. അതായിരുന്നു അവന്റെ സമ്പാദ്യവും. വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചതിനായിരിക്കണം ഇരുട്ടിന്റെ മറവിൽ അവർ ആ ക്രൂരത ചെയ്തത്. കിച്ചു(കൃപേഷ്)വിന് ഭീഷണിയുണ്ടായപ്പോൾ എന്നെ എന്തു ചെയ്താലും അവന് ഒന്നും സംഭവിക്കരുതെന്നായിരുന്നു ഏട്ടൻ പറഞ്ഞിരുന്നത്. ഭീഷണിയുടെ  കാര്യങ്ങളൊക്കെ പൊലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അന്നു നടപടിയെടുത്തിരുന്നെങ്കിൽ കല്യോട്ടിന്റെ മണ്ണിൽ ഇപ്പോഴും അവരുണ്ടാകുമായിരുന്നു. 

ഫെബ്രുവരി 16ന് രാത്രി കല്യോട്ട് ക്ഷേത്രത്തിൽ പോയി വൈകിയാണ് ഏട്ടൻ വന്നത്. എനിക്ക് പാഠഭാഗങ്ങൾ പറഞ്ഞു തന്ന് കുറച്ചു നേരം സംസാരിച്ചതും  കള്ളക്കേസിൽപ്പെടുത്തിയതിനെക്കുറിച്ചും ഭീഷണിയെക്കുറിച്ചുമായിരുന്നു.  ഉത്സവത്തിന്റെ  സ്വാഗതസംഘം യോഗം കഴിഞ്ഞ് ജോലിക്കായി പോകുമെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. നേരിട്ട് എന്റെ ഏട്ടനെ ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല, അത്രയ്ക്ക് ധൈര്യമായിരുന്നു അവന്. അതുകൊണ്ടായിരിക്കാം അവനെ ഇല്ലാതാക്കാൻ അവർ ഈ മാർഗം സ്വീകരിച്ചത്.  

17ന് ക്ഷേത്രത്തിലെ പരിപാടിയെല്ലാം കഴിഞ്ഞ് ഏട്ടനും കിച്ചുവും കുട്ടികളോടൊപ്പം ഫോട്ടോയെടുക്കുന്നത് കണ്ടിരുന്നു. വൈകിട്ട് ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ അവനെ വിളിച്ചപ്പോൾ വരുന്നില്ലെന്നും നീ പോയി വാ എന്നും പറഞ്ഞ് എന്നെ യാത്രയാക്കിയതാണ്. ഏഴരയോടെ തിരികെ വരുമ്പോൾ ജീപ്പിലിരുന്ന്  വെട്ടിനുറുക്കപ്പെട്ട ഏട്ടന്റെ ശരീരം കാണാനുള്ള ദുർവിധിയും എനിക്കുണ്ടായി. അപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല അവന്റെ പ്രിയപ്പെട്ട കിച്ചു അൽപമകലെ വെട്ടേറ്റു വീണിട്ടുണ്ടെന്ന്. അവരുടെ ജീവനുവേണ്ടിയുള്ള പ്രാർഥനകളായിരുന്നു പിന്നീട്. രണ്ടുേപേരെയും ദൈവം ഞങ്ങൾക്ക് തിരികെ തന്നില്ല. ഇനി സിബിഐയിലാണ് ഞങ്ങളുടെ പ്രതീക്ഷ. നിലവിലുള്ളവവർ മാത്രമല്ല പ്രതികൾ, യഥാർഥ പ്രതികൾ, ഗൂഢാലോചന നടത്തിയവർ എല്ലാവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാനാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com