ADVERTISEMENT

കാസർകോട് ∙ സിപിഎം–ലീഗ് അന്തർധാര ശക്തമെന്ന ആരോപണമുന്നയിച്ച് കെ.സുരേന്ദ്രൻ. ഉദുമയിലും മഞ്ചേശ്വരത്തും സിപിഎമ്മും മുസ്‌ലിം ലീഗും തമ്മിൽ ധാരണയുണ്ടാക്കിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപണമുന്നയിച്ചത്. ഉദുമയിൽ മുൻ മഞ്ചേശ്വരം എംഎൽഎ കുഞ്ഞമ്പുവിന് വോട്ടു നൽകാമെന്നും പകരം മഞ്ചേശ്വരത്ത് സിപിഎം ലീഗിനു വോട്ടു ചെയ്യുമെന്നുമാണ് ധാരണ. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം മുതൽ ഇതു വ്യക്തമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. 

കോൺഗ്രസിന്റെ ഇരട്ടവോട്ട് ആരോപണത്തിൽ ഇരട്ടത്താപ്പുണ്ട്. 

ലീഗിനെ സഹായിക്കാൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഇരട്ടവോട്ട് പട്ടിക നൽകിയില്ലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഈ രണ്ട് മണ്ഡലങ്ങളിലെ മൂവായിരത്തോളം ഇരട്ടവോട്ടുകളുടെ തെളിവ് ബിജെപി കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റൽ വോട്ടിലെ കൃത്രിമം തുടരുകയാണ്. തദ്ദേശത്തിലെ പോലെ തന്നെ സിപിഎമ്മിനെ സഹായിക്കാനാണ് ബിഎൽ ഒമാരുടെ ശ്രമം. സിപിഎം കേഡർമാരെപ്പോലെയാണു ബിഎൽഒമാരുടെ ഇടപെടലെന്ന് കെ.സുരേന്ദ്രൻ വിമർശിച്ചു.  ഇവർ മറ്റു  ബൂത്ത് ലവൽ എജൻറുമാരെ വിവരങ്ങൾ അറിയിക്കുന്നില്ല. ഇലക്ഷൻ കമ്മിഷൻ നിർദേശങ്ങളുടെ ലംഘനമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

 

തിരഞ്ഞെടുപ്പ് കമ്മിഷൻ നോക്കുകുത്തിയായി പെരുമാറുന്നെന്ന ആരോപണവും സുരേന്ദ്രൻ ഉന്നയിച്ചു. പ്രശ്നബാധിത ബൂത്തുകളുടെ കാര്യത്തിൽ അലംഭാവം കാണിച്ചു. 

കള്ളവോട്ടിനു സഹായകമാകുന്ന രീതിയാണ് നിലവിൽ. കേന്ദ്രസേന ആവശ്യമായ ഇടങ്ങളിൽ പോലും അതി ചെയ്തിട്ടില്ല. പോസ്റ്റിൽ വോട്ടിലെ കൃത്രിമം തിരഞ്ഞെടുപ്പിനെ സംഘർഷത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല ഇക്കുറിയും തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്നും സംസ്ഥാന സർക്കാരിന്റെ അഴിമതിക്ക് ജനം തിരിച്ചടി നലൽകുമെന്നും അദ്ദേഹം പറഞ്ഞു. പണമുണ്ടാക്കാൻ രാജ്യദ്രോഹ ഇടപാടുകൾ നടത്തിയെന്നും, സർക്കാർ ഇടപാടുകളിൽ വ്യക്തിഗത നേട്ടമുണ്ടാക്കിയെന്നും, ഇതു മറയ്ക്കാനാണ് എജൻസിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കാസർകോട് പ്രസ്ക്ലബ് നടത്തിയ  പഞ്ചസഭ സംവാദത്തിലാണ് കെ.സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചത്.

‘നോക്കിയിട്ട് പറയൂ... കാസർകോട് പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ‘പഞ്ചസഭ’യിൽ പങ്കെടുക്കാനെത്തിയ കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അടങ്ങിയ ലഘുലേഖ യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷിനു കാണിച്ചു കൊടുക്കുന്നു.
‘നോക്കിയിട്ട് പറയൂ... കാസർകോട് പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ‘പഞ്ചസഭ’യിൽ പങ്കെടുക്കാനെത്തിയ കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അടങ്ങിയ ലഘുലേഖ യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷിനു കാണിച്ചു കൊടുക്കുന്നു.

 

3,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ 5 വർഷം കൊണ്ടു കാഞ്ഞങ്ങാട്  മണ്ഡലത്തിലുണ്ടായെന്ന് എൽഡിഎഫ് സ്ഥാനാർഥി ഇ.ചന്ദ്രശേഖരനും വികസന മുരടിപ്പാണ് മണ്ഡലത്തിൽ ഇപ്പോഴുമെന്ന വാദമുയർത്തി യുഡിഎഫ് സ്ഥാനാർഥി പി.വി.സുരേഷും ചർച്ചയിൽ സജീവമായി.

 

ഇ.ചന്ദ്രശേഖരൻ, എൽഡിഎഫ്

 

അഞ്ചു വർഷത്തിനിടെ 3530 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കി. മലയോര ഹൈവേ, വിനോദ സഞ്ചാര മേഖല, ആരോഗ്യമേഖല, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വികസനത്തിനു ശ്രദ്ധ നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്കു സ്ഥലമേറ്റെടുക്കാൻ സംസ്ഥാനം 20 കോടി വകയിരുത്തി. കേന്ദ്രത്തിന്റെ മെല്ലെപ്പോക്കാണു പ്രശ്നം. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. റവന്യു മന്ത്രിയെന്ന നിലയിൽ വ്യവസായ വകുപ്പിനു ജില്ലയിൽ 100 ഏക്കർ ഭൂമി നൽകി. മന്ത്രിയെന്ന പ്രകടനം വിലയിരുത്തി ജനം ഇത്തവണ പ്ലസ് മാർക്ക് നൽകും എന്നുറപ്പാണ്. 

 

പി.വി.സുരേഷ്, യുഡിഎഫ്

 

റവന്യു മന്ത്രിയെന്ന നിലയിൽ പരിഹരിക്കാമായിരുന്ന റീ സർവേ പ്രശ്നങ്ങൾ ഇപ്പോഴും മണ്ഡലത്തിന്റെ പല ഭാഗത്തുമുണ്ട്. തീരദേശത്തെ പൂർണമായി അവഗണിച്ചതിനു തെളിവാണ് അജാനൂർ മിനി ഹാർബർ യാഥാർഥ്യമാകാത്തത്. മണ്ഡലത്തിലെ ആശുപത്രികളുടെ കെട്ടിട നിർമാണം മാത്രമാണു പൂർത്തിയായത്. ഹൈടെക് സ്കൂളുകളെന്നതു പലയിടത്തും പ്രഹസനമാണ്. മലയോരത്തു വന്യമൃഗ ശല്യം പരിഹരിക്കാൻ ഒന്നും ചെയ്തില്ല. കാർഷിക മേഖലയ്ക്കു താങ്ങാകാൻ യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കും. സ്ഥലം ലഭ്യമായിട്ടും പുതിയ പദ്ധതികളോ തൊഴിൽ സാധ്യതകളോ ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com