ADVERTISEMENT

ഉദുമ ∙ 2016 ൽ കെ.സുധാകരനെന്ന കരുത്തനെ അങ്കത്തിനിറക്കിയിട്ടും വിജയം വഴുതിമാറിയ ഉദുമ മണ്ഡലം ഇത്തവണ കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. മൂന്നു പതിറ്റാണ്ടിലേറെയായി ഒപ്പമുള്ള ‘കോട്ട’യ്ക്ക് ഇത്തവണയും ഇളക്കമുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണിയും പടനയിക്കുമ്പോൾ ഉദുമയിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം അസാധ്യം. നിഷ്പക്ഷ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണു മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണം.

2016 ലെ സ്ഥിതിയല്ലെന്ന് യുഡിഎഫ്

2016ൽ കെ.സുധാകരൻ മത്സരിക്കുമ്പോഴുണ്ടായ സ്ഥിതിയല്ല ഇപ്പോഴെന്ന് യുഡിഎഫ് സമർഥിക്കുന്നു. രാജ്മോഹൻ‍ ഉണ്ണിത്താന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച പെരിയ ഇരട്ടക്കൊലപാതകമുൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോഴും മണ്ഡലത്തിൽ സജീവ ചർച്ചയാണ്.

അതിനാൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്നും ഉണ്ണിത്താനു മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം നിലനിർത്താനാകുമെന്നുമാണു യുഡിഎഫ് പ്രതീക്ഷ. 2016ൽ 3,832 വോട്ടുകൾക്കായിരുന്നു കെ.കുഞ്ഞിരാമന്റെ വിജയം. എന്നാൽ 2019ൽ മണ്ഡലം രാജ്മോഹൻ ഉണ്ണിത്താന് 8,937 വോട്ടിന്റെ ഭൂരിപക്ഷം നൽകി. അതിനാൽ ഉദുമ എൽഡിഎഫിന്റെ ഉറച്ച കോട്ടയെന്ന അവകാശവാദത്തിൽ കഴമ്പില്ലെന്നാണു യുഡിഎഫ് വാദം.

യുഡിഎഫ് പ്രതീക്ഷ

ബേഡഡുക്ക പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിനു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുക. ദേലംപാടി പഞ്ചായത്തിൽ തുല്യനിലയിലെത്തും. ചെമ്മനാട്, പുല്ലൂർ പെരിയ, മുളിയാർ, പള്ളിക്കര, ഉദുമ, കുറ്റിക്കോൽ പഞ്ചായത്തുകളിൽ യുഡിഎഫ് വ്യക്തമായ ലീഡ് നേടും. പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയിൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും.

ഉദുമ ‘ചുവന്നു’ തന്നെയെന്ന് എൽഡിഎഫ്

2016ൽ കെ.സുധാകരൻ മത്സരിക്കാൻ വന്നപ്പോൾ ഉദുമയിലെ യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ ചലിച്ചത് എൽഡിഎഫ് കേന്ദ്രങ്ങളിലും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ അതിനെയെല്ലാം അതിജീവിക്കാനായി.

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇടതു മുന്നണിക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. യുഡിഎഫ് ഉറച്ചതെന്നു കരുതിയ മഞ്ചേശ്വരത്ത് ചെർക്കളം അബ്ദുല്ലയെ അട്ടിമറിച്ച സി.എച്ച്.കുഞ്ഞമ്പുവിന് ഇത്തവണ ഉദുമയിൽ യുഡിഎഫ് ഉയർത്തുന്ന വെല്ലുവിളിയും അതിജീവിക്കാനാകുമെന്ന ഉറച്ച വിശ്വാസമാണ് എൽഡിഎഫിന്.

എൽഡിഎഫ് പ്രതീക്ഷ

ചെമ്മനാട്, മുളിയാർ പഞ്ചായത്തുകളിലൊഴികെ യുഡിഎഫ് ലീഡ് നേടില്ല. മറ്റെല്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് ആധിപത്യം നേടും. 8000-10000 വോട്ടുകൾക്ക് എൽഡിഎഫ് മണ്ഡലം നിലനിർത്തും.

നിഷ്പക്ഷ വോട്ടുകളിൽ കണ്ണുനട്ട് എൻഡിഎ

ഉദുമയുടെ വികസനത്തിനു വേണ്ടിയാണു വോട്ടു ചോദിക്കുന്നതെന്ന് എൻഡിഎ. ഉദുമയിൽ 30 ശതമാനം നിഷ്പക്ഷ വോട്ടുകളുണ്ടെന്നാണു എൻഡിഎ കണക്ക്.  കാൽ ലക്ഷത്തോളം വരുന്ന തങ്ങളുടെ ഉറച്ച വോട്ടുകൾക്കൊപ്പം നിഷ്പക്ഷമതികളിലെ ഭൂരിഭാഗവും ഇത്തവണ തങ്ങൾക്കനുകൂലമാകുമെന്നാണു എൻഡിഎ കരുതുന്നത്.

എൻഡിഎ പ്രതീക്ഷ

കുറ്റിക്കോൽ, ദേലംപാടി, ചെമ്മനാട് പഞ്ചായത്തുകളിൽ എൻഡിഎയ്ക്കു വോട്ടു ബാങ്കുകളുണ്ട്. ഇതോടൊപ്പം സാമുദായിക വോട്ടുകളും അനുകൂലമായാൽ ഉദുമയിൽ വിജയത്തിനൊപ്പം നിൽക്കുന്ന പ്രകടനം നടത്തനാകുമെന്നാണു എൻഡിഎയുടെ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com