ADVERTISEMENT

ബദിയടുക്ക ∙ കേരളത്തിൽ ഗുസ്തിയും ബംഗാളിൽ ചങ്ങാത്തവുമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റയും രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തിനു പുറത്ത് ഒന്നിച്ചുനിൽക്കുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കേരളത്തിൽ എൻഡിഎക്കെതിരാണ്. കേരള ജനതയ്ക്ക് മുൻപിൽ ഇവർ നാടകം കളിക്കുകയാണ്.–സ്മൃതി ഇറാനി പറഞ്ഞു.കാസർകോട്, മഞ്ചേശ്വരം  മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം  വിവിധ റോഡ് ഷോകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.കാസർകോട്  സ്ഥാനാർഥി കെ. ശ്രീകാന്തിനു വേണ്ടി ബദിയടുക്കയിലും മഞ്ചേശ്വരം സ്ഥാനാർഥി കെ.സുരേന്ദ്രനുവേണ്ടി പെർളയിലുമായിരുന്നു റോഡ് ഷോ.ചെണ്ടവാദ്യങ്ങളും കൊടികളും കാവി നിറത്തിലുള്ള ബലൂണുകളും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. ബദിയടുക്കയിൽ റജിസ്ട്രാർ ഓഫിസ് ഗ്രൗണ്ട് പരിസരത്ത് ഉച്ചയ്ക്ക് 12ന് ആരംഭിച്ച റോഡ് ഷോയിൽ കനത്ത ചൂടിനെയും അവഗണിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്തു.

 ഒരു മുന്നണി സോളർ തട്ടിപ്പാണ് നടത്തിയതെങ്കിൽ മറ്റേ മുന്നണി സ്വർണ്ണക്കടത്താണ് നടത്തിയത്. ഒരു മുന്നണിയുടെ നേതാവ് കടലിൽ എടുത്തു ചാടുമ്പോൾ വേറെ മുന്നണിയുടെ നേതാവ് കടൽ തന്നെ വിൽക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.അധികാരമുപയോഗിച്ച് ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത് ഇടത് മുന്നണിയും കോൺഗ്രസുമാണ്.  ജില്ലയിൽ ബിജെപി എംഎൽഎ വിജയിച്ചാൽ കേന്ദ്രത്തിൽ തുറന്ന വാതിലായിരിക്കും.എൽഡിഎഫ് ചൈനയെയും യുഡിഎഫ് അമേരിക്കയെയും പിന്തുണയ്ക്കുമ്പോൾ ഭാരതത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രയത്നിക്കുന്ന പാർട്ടി ബിജെപി മാത്രമാണ്. –സ്മൃതി ഇറാനി പറഞ്ഞു. ബദിയടുക്ക ബോളുക്കട്ടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. 

സ്ഥാനാർഥി കെ.ശ്രീകാന്ത്,ബിജെപി ദേശീയ സമിതി അംഗം എം.സഞ്ജീവഷെട്ടി,സതിഷ് കുമ്പള, ശൈലജ ഭട്ട്, രമേശ, ഹരീഷ് നാരംപാടി,പി.ആർ.സുനിൽ,കെ.എൻ.കൃഷ്ണഭട്ട് എന്നിവർ പ്രസംഗിച്ചു.  പെർളയിൽ മഞ്ചേശ്വരം മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.സുരേന്ദ്രൻ,മംഗളുരു എംഎൽഎ ഭരത്ഷെട്ടി, ബണ്ട്വാൾ എംഎൽഎ രാജേഷ് നായക്ക്,രൂ വാണി.ആർ.ഭട്ട്, ബാലകൃഷ്ണഷെട്ടി, സതീഷ് ചന്ദ്രഭണ്ഡാരി, രമേശ,ആദർശ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com