ADVERTISEMENT

കാസർകോട് ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി പരിശോധന ശക്തമാക്കി പൊലീസ്. കാഞ്ഞങ്ങാട് നിന്നു വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ചന്ദ്രഗിരി ജംക‍്ഷനിലും മംഗളൂരുവിൽ നിന്നുമെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ കറന്തക്കാടും ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് പരിശോധന തുടങ്ങി. ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലും പരിശോധന നടത്തുന്നു. ആദ്യഘട്ടത്തിൽ എല്ലാവർക്കും മുന്നറിയിപ്പും ബോധവത്കരണവുമാണ് നൽകുന്നത്.

മാസ്‌ക് ധരിക്കാത്തവരെയും കുട്ടികളുമായി എത്തുന്നവരെയും ബോധവൽക്കരിച്ച് മാസ്‌ക് ധരിക്കാത്തതിന് പിഴയും ഈടാക്കുന്നുണ്ട്. ടൗണുകളിൽ വെറുതെ കറങ്ങി നടക്കാനായി എത്തുന്നവരെ തിരിച്ചയക്കുന്നു. വ്യക്തമായ കാരണം ബോധിപ്പിക്കാതെ ചന്ദ്രഗിരി ജംക‍്ഷൻ വഴി എത്തിയവരെ തിരിച്ചയച്ചു. ഇതിന് പുറമേ രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹന ഉടമകളിൽ നിന്ന് പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. അനാവശ്യമായ നഗരത്തിൽ ഇറങ്ങുന്നത് നിർത്തണമെന്നും കുട്ടികളെ കൂടെക്കൂട്ടരുതെന്നുമാണ് പൊലീസിന്റെ നിർദേശം.

അടുത്ത ആഴ്ചമുതൽ നിയന്ത്രണം കടുപ്പിക്കുന്നുണ്ട്. കോവിഡ് ഇല്ലെന്ന് രേഖയോ അല്ലെങ്കിൽ 2 ഡോസ് വാക്‌സീനുകളും എടുത്തുവെന്ന രേഖയോ ഇല്ലാതെ യാത്ര അനുവദിക്കില്ലെന്നും യാത്രക്കാരോട് പൊലീസ് നിർദേശിക്കുന്നു. നഗരത്തിലെത്താൻ രേഖകൾ ഹാജരാക്കണമെന്നതടക്കമുള്ള പൊലീസിന്റെ കർശന നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പരിശോധന ഭയന്ന് കാസർകോട് നഗരത്തിൽ ഇന്നലെ തിരക്ക് കുറവായിരുന്നു. നിയന്ത്രണം കടുപ്പിക്കുന്നത് റമസാൻ വിപണിയെയും ബാധിക്കുന്നതിൽ വ്യാപാരികൾക്കും ആശങ്കയുണ്ട്. 

വിമർശിച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി

ചെറുവത്തൂർ∙ ജില്ലയിലെ വിവിധ ടൗണുകളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണമേർപ്പെടുത്താനുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ നവമാധ്യമങ്ങളിലൂടെ രംഗത്ത്. കമ്മിറ്റിയുടെ ചെയർമാനായ കലക്ടർ സജിത്ത്ബാബുവിനെതിരെയുള്ള പരാമർശമാണ് പോസ്റ്റിലുള്ളത്.

ദിവസങ്ങൾ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാൻ കഴിയില്ല എന്ന സന്ദേശമാണ് പോസ്റ്റിലൂടെ നൽകുന്നത്. മഞ്ചേശ്വരം അതിർത്തി കടക്കണമെങ്കിൽ കോവിഡില്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങൾക്ക് ജില്ലയ്ക്ക് അകത്തുള്ള ഗ്രാമങ്ങളിൽ നിന്ന് ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡില്ല സർട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ കഴിയില്ല എന്ന് പോസ്റ്റിൽ പറയുന്നു.

കോവിഡ് പകരാതിരിക്കാൻ ശാസ്ത്രീയ വഴികൾ വിദഗ്ധരുമായി ആലോചിച്ച കണ്ടെത്തുന്നതിന് പകരം ഇത്തരം തീരുമാനമെടുത്തത് ശരിയല്ല. 45 വയസ് തികയാത്തവർക്ക് ഇനിയും വാക്സിൻ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം നിയന്ത്രണങ്ങൾ ജനജീവിതത്തെ ദുരിതത്തിലാക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടിയും പറഞ്ഞു.

മാസ്‌ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കി

കാസർകോട്∙  മാസ്‌ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കി പൊലീസ്. കാസർകോട് ടൗൺ  എസ്.ഐ ഷെയ്ക്ക് അബ്ദുൽറസാഖിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ 142 പേരെ പിടികൂടി. ഇവരിൽ നിന്ന് 500 രൂപ വീതം പിഴ ഈടാക്കി. മാസ്‌ക് ശരിയായവിധം ധരിക്കാത്തതിന് 2470 പേർക്ക് താക്കീത് നൽകി.കുമ്പളയിൽ  94 പേർക്കെതിരെയാണ് കേസെടുത്തത്.

500 പേരെ താക്കീത് ചെയ്തു. കുമ്പള എസ്.ഐ എം.ബി ഷാജിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള ടൗണിലും പരിസരത്തും പരിശോധന നടത്തിയത്. പിഴ അടക്കാൻ പറ്റാത്തവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ആദ്യ തവണ പിടിച്ചാലാണ് 500 രൂപ പിഴ ഈടാക്കുന്നത്. തുടർന്നും പിടിച്ചാൽ 2500 രൂപ വരെ പിഴ ചുമത്തും. വീണ്ടും ലംഘിച്ചാൽ നടപടി കടുപ്പിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

ബോധവൽകരണത്തിന് ഇനി സമയമില്ല;കർശന നടപടിയെന്ന് കലക്ടർ

കാസർകോട് ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കലക്ടർ ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആകെയുള്ള 376 ബെഡുകളിൽ 200 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്.

ആറ് ഐസിയു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവൽകരണത്തിനു നീക്കിവയ്ക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറൽ മജിസ്‌ട്രേട്ടുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കലക്ടർ പറഞ്ഞു. സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എഡിഎം: അതുൽ സ്വാമിനാഥ് പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com