ADVERTISEMENT

കാസർകോട് ∙ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ മുസ്‍ലിം ലീഗിനും ബിജെപിക്കും ഒരുപോലെ വോട്ട് ചോർച്ച ഉണ്ടായി എന്നതാണ് കാസർകോട് മണ്ഡലത്തിലെ വോട്ടു കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എൽഡിഎഫ് മുൻവർഷത്തെക്കാൾ അധികമായി നേടിയത് ആറായിരത്തിലേറെ വോട്ടുകളാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് നേടിയത് 64727 വോട്ടുകളായിരുന്നുവെങ്കിൽ ഇത്തവണ 62824 ആയി കുറഞ്ഞു. അന്ന് 56120 വോട്ട് നേടിയ ബിജെപി ഇത്തവണ നേടിയത് 49737 വോട്ടുകൾ മാത്രം.ആറായിരം വോട്ടുകളാണ് ബിജെപിക്ക് ഒറ്റയടിക്ക് ഇല്ലാതായത്.

kasargod-votes-JPG

യുഡിഎഫിനും ബിജെപിക്കും വോട്ടുകൾ കുറ‍ഞ്ഞപ്പോൾ കേരളമാകെ ഉണ്ടായ തരംഗത്തിൽ ആറായിരത്തിലേറെ വോട്ടുകൾ അധികം നേടിയ എൽഡിഎഫ് നേട്ടം കൊയ്തു. എൽഡിഎഫിൽ ഐഎൻഎൽ സ്ഥാനാർഥിക്ക് 2016ൽ 21615 വോട്ടുകൾ ലഭിച്ചപ്പോൾ ഈ തിരഞ്ഞെടുപ്പിൽ 28028 വോട്ടുകളാണ് നേടിയത്. വർഷങ്ങളായി മുസ്‍ലിംലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ 2500 വോട്ടുകളാണ് അതേ നഗരസഭാ പരിധിയിലെ സ്ഥാനാർഥിയായ എൻ.എ.നെല്ലിക്കുന്നിനു കുറഞ്ഞത്.

സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്‍ലിംലീഗിലും പ്രാദേശിക നേതൃത്വവുമായ പടലപിണക്കങ്ങളും വോട്ട് കുറയാൻ കാരണമായി മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിൽ കാറഡുക്ക, ചെങ്കള,ബെള്ളൂർ കുമ്പഡാജെ, മധൂർ  എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് മുൻ തവണയേക്കാൾ അധികമായി വോട്ടുകൾ കിട്ടി. എന്നാ‍ൽ മുസ്‍ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ചെങ്കളയിൽ കഴിഞ്ഞ തവണത്തെക്കാൾ 8 വോട്ടാണ് അധികമായ കിട്ടിയത്. കാറഡുക്കയിൽ ഇത് 1154 ആയി ഉയർന്നു.  മധൂർ (150)കുമ്പഡാജെ (138) ബെള്ളൂർ (13) വോട്ടുകളാണ് 2016 നെക്കാൾ എൻ.എ.നെല്ലിക്കുന്നിനു ഈ വർഷം അധികമായി ലഭിച്ചത്.

ചെങ്കളയിൽ 20,000 ത്തിലേറെ വോട്ടുകളാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ 17965 മാത്രമാണു കിട്ടിയത്. ബദിയടുക്ക, മൊഗ്രാൽപൂത്തൂർ  പഞ്ചായത്തുകളിൽ നിന്നാണ് ഉയർന്ന ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻവർഷത്തെക്കാൾ കുറഞ്ഞ വോട്ടുകളാണു കിട്ടിയത്. ബിജെപിയുടെ എ ക്ലാസ് അംസബ്ലി മണ്ഡലമായ കാസർകോട്ട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് മത്സരിച്ചിട്ടും വോട്ട് ചോർച്ച ഉണ്ടായത് പാർട്ടിയിൽ വൻ ചർച്ചയായി. ബിജെപി കുത്തക പഞ്ചായത്തായ മധൂരിൽ കഴിഞ്ഞ തവണയേക്കാൾ 867 വോട്ടിന്റെ കുറവാണു ബിജെപിക്കു ഉണ്ടായത്. കാസർകോട് നഗരസഭയിൽ 1485 വോട്ടിന്റെ കുറവാണ് ഉണ്ടായത്.

2016 ലെ തിരഞ്ഞെടുപ്പിൽ കാസർകോട് നഗരസഭയിൽ 10808 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 9323 വോട്ടുകൾ മാത്രമായി ചുരുങ്ങി. മണ്ഡലത്തിലെ ഒരു പ‍ഞ്ചായത്തിൽ പോലും ബിജെപി സ്ഥാനാർഥിക്കു കഴി‍ഞ്ഞ തവണത്തേക്കാൾ ഒരു വോട്ട് പോലും അധികമായി നേടാനാകാത്തത് ചർച്ചയായിട്ടുണ്ട്. ഇതിനിടെ ചെങ്കള പ‍ഞ്ചായത്തിൽ 2 ബൂത്തുകളിൽ ഒരു വോട്ട് പോലും ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചില്ല. എൽഡിഎഫ് സ്ഥാനാർഥിയായ ഐഎൻഎല്ലിലെ എം.എ.ലത്തീഫാണു മണ്ഡല പരിധിയിലെ എല്ലാം പഞ്ചായത്തുകളിലും മുൻ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് വർധിപ്പിച്ചു.  കാസർകോട് നഗരസഭയിൽ മാത്രം 1641 വോട്ടാണ് അധികമായി നേടിയത്. കാറഡുക്കയിൽ (486) ചെങ്കള (1021) ബെള്ളൂർ (494) കുമ്പഡാജെ (171) ബദിയടുക്ക (650)മധൂർ (1354) മൊഗ്രാൽപുത്തൂർ (706) വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായി നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com