ADVERTISEMENT

കാസർകോട് ∙ ബിജെപിയിൽ താഴെത്തട്ടു മുതൽ സമ്പൂർണമായ അഴിച്ചു പണിയുണ്ടാകുമെന്നു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബഹുജന പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും പാർട്ടി അച്ചടക്കം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നേതാക്കൾ നേരിട്ടു പങ്കെടുത്ത ആദ്യ സംസ്ഥാന ഭാരവാഹി യോഗത്തിനു ശേഷമാണ് കെ.സുരേന്ദ്രൻ യോഗതീരുമാനങ്ങൾ അറിയിച്ചത്. സംസ്ഥാന ഭാരവാഹി യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണൻ നിർവഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷനായി.

എല്ലാ നിയോജക മണ്ഡലങ്ങളിലും സന്ദർശനം നടത്താൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 5 സമിതികളെയും ഇവരുടെ പ്രവർത്തന രീതി നിശ്ചയിച്ച് മാസ്റ്റർ പ്ലാനും തയാറാക്കും. എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്താൻ ഉടൻ മുന്നണി യോഗം വിളിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പു തോൽവി പഠിക്കുന്ന മൂന്നംഗ സമിതി മൂന്നു ദിവസം ജില്ലകളിൽ താമസിച്ചു പ്രവർത്തകരെ കാണും. താഴെത്തട്ടിൽ ബൂത്ത് തലത്തിൽ ചുമതലയുള്ളവരെ കാണുന്നതിനും എല്ലാം തുറന്നുപറയാൻ പ്രവർത്തകർക്ക് അവസരമൊരുക്കുവാനുമാണു നിർദേശം.

നിയമസഭാ തിരഞ്ഞെടുപ്പു നേരത്തേ വന്നതു തോൽവിക്കു കാരണമായെന്നാണു നേതൃയോഗത്തിലുണ്ടായ വിലയിരുത്തൽ. ശരിയായി മുന്നൊരുക്കം നടത്താൻ പറ്റിയില്ല. ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പാർട്ടിക്കെതിരായ കേസുകൾ ഇടതുപക്ഷ സർക്കാരിന്റെ പ്രതികാര രാഷ്ട്രീയ നീക്കങ്ങളായി യോഗം വിലയിരുത്തി.അതിരാവിലെയോ, ആരെയും അറിയിക്കാതെയോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com