ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജീവനക്കാരുടെ കുറവും പണമില്ലാത്തതുമാണു റെയിൽവേ വികസനത്തിന് തടസ്സമെന്നു പാലക്കാട് ഡിവിഷനൽ‍ മാനേജർ ത്രിലോക് കോത്താരി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി റെയിൽവേക്കു കാര്യമായ വരുമാനമില്ല. കൂടാതെ ജീവനക്കാരുടെ എണ്ണവും കുറവാണ്. 30 % ജീവനക്കാരുടെ കുറവുണ്ട്. 700 പേർ വേണ്ടിടത്ത് 500 പേരാണ് ഉള്ളത്. പണവും ആവശ്യത്തിന് ജീവനക്കാരുമുണ്ടായാൽ  മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

റെയിൽവേ ട്രാക്ക്, വൈദ്യുത വിതരണ സംവിധാനം, സിഗ്നൽ സംവിധാനം, ട്രെയിൻ ഓപ്പറേഷൻസ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഡിസംബറിൽ മംഗളൂരു മുതൽ കണ്ണൂർ വരെ പരിശോധന നടത്തുന്നുണ്ട്. അതിനു മുന്നോടിയായാണ് ഡിവിഷനൽ മാനേജർ മംഗളൂരു മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിലെത്തിയത്. 4 വർഷത്തിലൊരിക്കലാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പരിശോധനയ്ക്കെത്തുക. സുരക്ഷാ പരിശോധനകൾ മുൻ നിർത്തിയാണു ഡിവിഷനൽ മാനേജർ പരിശോധന നടത്തിയത്. 

കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലെ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കാത്തതിനു കാരണം ജീവനക്കാരുടെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് പ്രശ്നം പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം ചൂണ്ടിക്കാട്ടി. പാർക്കിങ് വിപുലീകരണത്തിന് സന്നദ്ധ സംഘടനകൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വകാര്യ സഹകരണം നിലവിൽ റെയിൽവേ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം മുക്കാൽ മണിക്കൂർ നേരം അദ്ദേഹം സ്റ്റേഷനിൽ ചെലവഴിച്ചു. നിർമാണത്തിന്റെ ഭാഗമായി ഉണ്ടായ കുഴി ഉടൻ മൂടാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

റെയിൽവേ പാളത്തിന് ഇടയിലെ പൂന്തോട്ട നിർമാണം കണ്ട് ജീവനക്കാരെ അനുമോദിക്കാനും അദ്ദേഹം മറന്നില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട് സീതറാം കോളി, കൊമേഴ്‌സ്യൽ സൂപ്രണ്ട് മോളി, ഹെൽത്ത് സൂപ്രണ്ട് ലക്ഷ്മി എന്നിവർ ചേർന്ന് ഡിവിഷനൽ മാനേജരെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com