ADVERTISEMENT

കാസർകോട് ∙ വയലിലെ കിളികളെ കണ്ടെത്താൻ ‘പറവ’യിലെ കുട്ടിക്കൂട്ടം അതിരാവിലെ മുതൽ ആവേശത്തോടെ ഇറങ്ങി. വഴികാട്ടികളായി മുതിർന്നവർ ഒപ്പം നടന്നു. വയലിലും അരികിലെ മരങ്ങളിലും ഒളിച്ചിരുന്ന പക്ഷികളെയും ഇടയ്ക്കു മാനത്തു പ്രത്യക്ഷപ്പെട്ട് മാറുന്ന പക്ഷികളെയും വിടാതെ കയ്യിലെ നോട്ട്ബുക്കിലും ഇ–ബേഡ് ആപ്പിലും രേഖപ്പെടുത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആകെ രേഖപ്പെടുത്തിയത് 60 ഇനം പക്ഷികളെ. ഏഷ്യൻ നീർപക്ഷി സെൻസസിന്റെ ഭാഗമായാണ് കുട്ടികൾ ഇന്നലെ ബേക്കൽ അരവത്ത് വയലിലെത്തിയത്.

പട്ടത്താനം പാലം മുതൽ അരവത്ത് വയൽ വരെയുള്ള ഭാഗത്താണു സർവേ നടത്തിയത്. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയും പുലരി എൻജിഒയുടെ കീഴിലെ ‘പറവ’ കൂട്ടായ്മയും ചേർന്നാണു സെൻസസിനു നേതൃത്വം നൽകിയത്. ബ്ലിത്ത്സ് റീഡ് വാർബ്ലർ(ഈറ്റ പൊളപ്പൻ), ഗ്രീൻ സാൻഡ് പൈപ്പർ(കരിമ്പൻ കാടക്കൊക്ക്), ചെമ്പൻ അരിവാൾ കൊക്കൻ തുടങ്ങിയ ജലാശയങ്ങളുമായി ബന്ധപ്പെട്ട പക്ഷികളും ചാരത്തലക്കാളി, മഞ്ഞക്കിളി തുടങ്ങിയ പക്ഷികളെയും സർവേയിൽ രേഖപ്പെടുത്തി.

ഈ മാസം 16 വരെയാണു നീർപക്ഷികളുടെ സർവേ. ജനകീയ പങ്കാളിത്തം ഇനിയുമുണ്ടാകണമെന്ന് കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെ തുടക്കക്കാരനായ മാക്സിം റോഡ്രിഗൂസ് പറഞ്ഞു. പൊതുവേ നീർപക്ഷികളും ദേശാടനപ്പക്ഷികളും കുറവാണെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷവും ‘പറവ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീർപക്ഷികളുടെ സർവേ നടത്തിയിരുന്നു.

പുലരി എൻജിഒ അംഗമായ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ, പുലരി പ്രസിഡന്റ് പ്രണബ് കുമാർ, പറവ കോ ഓഡിനേറ്റർ അനിത, പുലരി എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ, വേണുഗോപാൽ, മഹേഷ്, മാധവൻ എന്നിവരും 10 കുട്ടികളുമാണ് സർവേയിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com