ADVERTISEMENT

പെരിയ ∙ നവതി പിന്നിട്ട രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ എൽപി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും സ്വകാര്യ വ്യക്തിയുടെ പേരിലായതായി ആക്ഷേപം. റവന്യൂ അധികൃതരുടേത് ഉൾപ്പെടെയുള്ള ശ്രദ്ധക്കുറവാണ് സ്കൂൾ കെട്ടിടവും സ്ഥലവും നഷ്ടപ്പെടാനിടയാക്കിയതെന്ന് ആരോപണം. 2012 വരെ സ്കൂളിൽ എൽപി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. പുതിയ കെട്ടിടം നിർമിച്ചതോടെയാണ് എൽപി വിഭാഗം ഇവിടെ നിന്നു മാറിയത്. 

എന്നാൽ പൊതുപരിപാടികൾ ഈ കെട്ടിടത്തിലാണ് നടന്നിരുന്നത്.  2015 വരെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നികുതി സ്വീകരിക്കുന്ന വിവരം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പിടിഎയുടെ പരാതി പ്രകാരം 2007 മുതൽ നികുതി സ്വീകരിക്കുന്നത് നിർത്തിയിരുന്നു. ഈ പരാതി നിലനിൽക്കേയാണ് 2012 മുതൽ സ്വകാര്യ വ്യക്തിയിൽ നിന്നു വീണ്ടും നികുതി സ്വീകരിച്ചു തുടങ്ങിയത്.  

സ്കൂൾ കെട്ടിടമുള്ള സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നൽകുമ്പോൾ റവന്യൂ വിഭാഗം ആവശ്യമായ അന്വേഷണം നടത്തിയില്ലെന്നും സ്കൂൾ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ചേർക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്ന് റവന്യൂ അധികൃതർ പറയുന്നുണ്ടെങ്കിലും പരാതി നൽകേണ്ടത് സ്കൂൾ അധികൃതരും പഞ്ചായത്തുമാണ്. ഇവർ ഇതുവരെ പരാതി നൽകാൻ തയാറായിട്ടുമില്ല. 

സ്കൂളിന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്കൂളധികൃതരുടെ പക്കലോ സ്വകാര്യ വ്യക്തിയുടെ പക്കലോ രേഖകളില്ല. നികുതി സ്വീകരിക്കുന്നത് നിർത്തിയപ്പോൾ സ്വകാര്യവ്യക്തി ജില്ലാ കലക്ടർക്കുൾപ്പെടെ നൽകിയ പരാതിയെത്തുടർന്ന്  തഹസിൽദാർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് വീണ്ടും നികുതി സ്വീകരിച്ചു തുടങ്ങിയതെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഈ കെട്ടിടമില്ല. കെട്ടിടത്തിനു മുൻപ് പഞ്ചായത്ത് നമ്പർ ഉണ്ടായിരുന്നെങ്കിലും പ്രധാനാധ്യാപകന്റെ പേരിൽ പഞ്ചായത്ത് കംപ്യൂട്ടറിൽ ഇതു സംബന്ധിച്ച് രേഖയൊന്നുമില്ല. 

ഈ സ്കൂൾ കെട്ടിടം പ്രാദേശിക ചരിത്രപഠന കേന്ദ്രമായി നിലനിർത്തുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനായി 8 ലക്ഷം രൂപയും വകയിരുത്തി. എന്നാൽ ഇതും അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി നാട്ടുകാരുടെ യോഗം വിളിക്കാൻ ആലോചനയുണ്ടെന്ന് സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ശശി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com