ADVERTISEMENT

സുള്ള്യ ∙ മൂന്ന് ഭാഷകളിൽ ഒരേ സമയം വോളിബോൾ കളിയുടെ വിവരണം നൽകി കാണികളിൽ ആവേശം നിറയ്ക്കുകയാണ് കാസർകോട് മുള്ളേരിയ സ്വദേശിയായ ബി.എം.പ്രകാശൻ. മലയാളം, കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ ഒരേ സമയം കളിയുടെ വിവരണം നൽകും.   കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തന്റെ ശബ്ദം കൊണ്ടു വോളിബോൾ കളിയുടെ ആവേശം വാനോളം ഉയർത്തുന്ന പ്രകാശൻ സുള്ള്യയിൽ നടന്ന ദേശീയ വോളിബോൾ ടൂർണമെന്റിലും താരമായി. ആദ്യ ദിനം മുതൽ എല്ലാ ദിവസവും വിവരണം നൽകിയ പ്രകാശൻ 2005, 2009 വർഷങ്ങളിൽ സുള്ള്യയിൽ നടന്ന ടൂർണമെന്റിലും കളി വിവരണം നൽകിയിരുന്നു. കാസർകോട് നെട്ടണിഗെ ജിഎൽപി സ്കൂളിന്റെ പ്രധാന അധ്യാപകനായ പ്രകാശൻ 1993 മുതൽ കളിയുടെ വിവരണം നൽകുന്നു.

 30 വർഷമായി കാസർകോട്, കണ്ണൂർ, ദക്ഷിണ കന്നഡ, ഹാസൻ തുടങ്ങി വിവിധ ജില്ലകളിലായി ദേശീയ, സംസ്ഥാന മത്സരങ്ങൾ ഉൾപ്പെടെ മുന്നൂറിലധികം ടൂർണമെന്റുകളിൽ കളിയുടെ വിവരണം നൽകിയിട്ടുണ്ട്. കളിയുടെ ഓരോ ഘട്ടവും ആവേശം ചോരാതെ കാണികളിൽ എത്തിക്കും ഒപ്പം വോളിബോൾ കളിയുടെ ചരിത്രം, മഹത്വം, നിയമങ്ങൾ, കളിക്കാരെ കുറിച്ചുള്ള വിവരങ്ങളും നൽകും. മൂന്നു ഭാഷകളിൽ മാറി മാറി വിവരണം നൽകുമ്പോൾ ഭാഷകൾ പരസ്പരം കലർന്നു പോകാതെ ശ്രദ്ധിക്കും. വോളിബോൾ പ്രേക്ഷകരുടെയും സംഘാടകരുടെയും പിന്തുണ കൊണ്ടാണ് മൂന്ന് ദശാബ്ദങ്ങളോളം വോളിബോൾ വിവരണം നൽകാൻ സാധിച്ചതെന്ന് പ്രകാശൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com