യുദ്ധസമാനം ഭാവി; യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾ ആശങ്കയിൽ

SHARE

കാസർകോട് ∙ യുക്രെയ്ൻ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്നു മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കിയതോടെ ആശങ്കയിലായത് മടങ്ങിയെത്തിയ എല്ലാ വിദ്യാർഥികളുമാണ്.  ചുരുക്കം കോഴ്സുകൾക്ക് മാത്രമാണ് ഇപ്പോൾ ഓൺലൈൻ ക്ലാസെങ്കിലും നടക്കുന്നത്. പ്രാക്ടിക്കൽ വിഷയങ്ങൾ ഉള്ളവരെല്ലാം വലിയ ആശങ്കയിലാണ്. കോഴ്സ് പൂർത്തിയാക്കാൻ സാധിക്കുമോ, ജോലി ലഭിക്കുമോയെന്നൊക്കെയുള്ള ആശങ്കകൾ പല കുടുംബങ്ങളിലുമുണ്ട്.

നാഷനൽ എയ്റോ സ്പേസ് യൂണിവേഴ്സിറ്റിയിൽ  ഖാർക്കീവ് എവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ് മുഹമ്മദ് മൊഹമ്മദ് സുരൂർ. 2020 സെപ്റ്റംബറിലാണ് കോഴ്സിനു ചേർന്നത്. എടനീർ എതിർത്തോട് എസ്.മുഹമ്മദ് റഹീമിന്റെയും കെ.റാഫിയാത്തിന്റെയും മകനാണ്. ദിവസങ്ങളോളം ബങ്കറിൽ കഴിഞ്ഞ ശേഷമാണ് പല കടമ്പകൾ കടന്ന് നാട്ടിലെത്തിയത്.

തിരുവനന്തപുരത്ത് ഉമ്മയുടെ വീട്ടി‍ൽ തങ്ങി ഓൺലൈൻ പഠനത്തിലാണ് മുഹമ്മദ്. യുക്രെയ്നിൽ നിന്നു തിരിച്ചുവരേണ്ടി വന്ന വിദ്യാർഥികൾക്കു നാട്ടിൽ പഠന സൗകര്യം ഒരുക്കാൻ നടപടികൾ തുടങ്ങുമെന്ന വാർത്തകൾ പ്രതീക്ഷ നൽകിയതാണ്. എന്നാൽ അതെല്ലാം വെറും വാക്കായി. ഖാർക്കീവ് എവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഓൺലൈൻ പഠനം ലഭിക്കുന്നതു കൊണ്ട് മുഹമ്മദിനു ക്ലാസ് മുടങ്ങില്ലെന്നത് ആശ്വാസം. ഇനി തിരിച്ചു പോകാൻ കഴിയുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും അവ്യക്തമാണ്.

ഒരു രക്ഷിതാവ് പറയുന്നു;
വഴി തുറക്കണം പഠനത്തിനും: സുവർണ‍ ജോസഫ്
(എരുമപ്പള്ളം, കോടോം ബേളൂർ പഞ്ചായത്ത്) 

യുക്രെയ്നിൽ നിന്നു പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയ മക്കളുടെ ഭാവിയിൽ ഞങ്ങൾ രക്ഷിതാക്കൾ ആശങ്കയിലാണ്. വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തിയവരുടെ ജനന സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ് എന്നിവ യൂണിവേഴ്സിറ്റികളിലാണുള്ളത്. ഇവ ലഭിച്ചില്ലെങ്കിൽ തുടർപഠനം നടത്താൻ സാധിക്കില്ല. മകൾ മാർത്ത ഹണി ഒഡേസ നാഷനൽ മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. പരീക്ഷയും നടത്തുമെന്ന് പറയുന്നു.

പക്ഷേ ഇതിന്റെയൊക്കെ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയാൽ മാത്രമേ ഞങ്ങളുടെ ആശങ്ക മാറുകയുള്ളു. കുട്ടികളെ തിരികെ എത്തിക്കുന്നതിൽ കാണിച്ച പരിഗണന തുടർന്നും കുട്ടികൾക്ക് ലഭ്യമാക്കണം. തിരിച്ചെത്തിയ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പാക്കാനും സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കാനും‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്തണം. വൻതുക വായ്പ എടുത്താണ് പലരും മക്കളെ പഠനത്തിനയച്ചത്. ഇതുവരെ സർക്കാരുകളുടെ കൃത്യമായ നിർദേശം ലഭിച്ചിട്ടില്ല. 

വിദ്യാർഥികൾ പറയുന്നു;
തിരിച്ചുപോക്ക് അസാധ്യം: ടിനു ടോമി ,മാലക്കല്ല് (ബോഗോമൊളെറ്റ്സ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി എംബിബിഎസ് 3ാം വർഷ വിദ്യാർഥി)

യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രെയ്നിൽ നിന്നും രക്ഷപ്പെട്ടു സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികളാണ് ഞങ്ങൾ. ഒന്നാം വർഷം മുതൽ ആറാം വർഷം ആയവർ വരെ ഞങ്ങളുടെ ഇടയിൽ ഉണ്ട്. സ്വന്തം നാട്ടിലേക്ക് ഞങ്ങളെ തിരിച്ചു കൊണ്ടുവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഞങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഇനി ഞങ്ങളുടെ ആശങ്ക പഠനം എങ്ങനെ പൂർത്തിയാക്കും എന്നതാണ്. ഇതുവരെയും യുദ്ധം തീരാത്ത സാഹചര്യത്തിൽ യുക്രെയ്നിൽ തിരിച്ചു പോയി പഠിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുന്നതല്ല. തിരിച്ചെത്തിയ മിക്ക വിദ്യാർഥികളും മാനസികമായി തകർന്നിരിക്കുകയാണ്. ഞങ്ങളുടെ തുടർപഠനം ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം. ഞങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന സർക്കാരുകൾ ഞങ്ങളെ കൈവിടില്ല എന്ന് തന്നെയാണ് പ്രതീക്ഷ.

സർക്കാരിൽ പ്രതീക്ഷ: മിഥുൻ മധു, ആവിക്കര (യുക്രെയ്ൻ ഇവാനോ ഫ്രാങ്ക് ഐവിഎസ്കെ നാഷനൽ ഒന്നാം വർഷ വിദ്യാർഥി)

ഓൺലൈൻ വഴി ഇപ്പോൾ ക്ലാസ് നടക്കുന്നുണ്ട്. ജൂൺ വരെ ഇത്തരത്തിൽ ക്ലാസ് നടക്കും. ഇതോടെ ഒരു സെമസ്റ്റർ പൂർത്തിയാകും. അടുത്ത ക്ലാസ് മുതൽ എങ്ങനെയാണെന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. അപ്പോഴേക്കും സർക്കാർ പരിഹാരം കാണുമെന്നാണു പ്രതീക്ഷ. ഇതിനായി ബന്ധപ്പെട്ടവരെയെല്ലാം എല്ലാവരെയും സമീപിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA