ADVERTISEMENT

പെരിയ ∙ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു. പെരിയ ചെർക്കാപ്പാറ തരംഗം ക്ലബ്ബിനു സമീപത്തെ മഞ്ഞംകാട് ഹൗസിൽ ദിനേശന്റെ മകൻ ദിൽജിത്ത് (12), പ്രവാസി രവീന്ദ്രനാഥിന്റെ മകൻ നന്ദഗോപൻ (അമ്പാടി–15) എന്നിവരാണു ചെർക്കാപ്പാറയിലെ പള്ളിക്കര പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചത്.

കൂട്ടുകാരായ മറ്റു 4 പേർക്കൊപ്പം ഇന്നലെ ഉച്ച കഴിഞ്ഞ് 3നു കുളിക്കാൻ എത്തിയതായിരുന്നു ഇവർ. അഞ്ചരയോടെ 2 പേർ മുങ്ങുന്നതു കണ്ട് മറ്റുള്ളവർ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്നു സമീപവാസികളെത്തി ദിൽജിത്തിനെ ആദ്യം കരയ്ക്കെത്തിച്ചു. ബേക്കൽ പൊലീസിന്റെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നന്ദഗോപന്റെ മൃതദേഹം കണ്ടെടുത്തത്. പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഈ വർഷം 8ാം ക്ലാസിലേക്കു പ്രവേശനം കാത്തിരിക്കുകയായിരുന്നു ദിൽജിത്ത്. അമ്മ രേഷ്മ.കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂൾ 9–ാം ക്ലാസ് വിദ്യാർഥി ആണ് നന്ദഗോപൻ. അമ്മ ഷീബ. സഹോദരി നന്ദന. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

പെരിയ ∙ തോരാത്ത മഴയോടൊപ്പം പെയ്തൊഴിയാതെ ചെർക്കാപ്പാറ ഗ്രാമത്തിന്റെ കണ്ണീരും. ഉച്ചവരെ കളിച്ചും ചിരിച്ചും തങ്ങളോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെയാണ് പള്ളിക്കര പഞ്ചായത്ത് കുളത്തിന്റെ ആഴങ്ങൾ കവർന്നത്. നാടിന്റെ പ്രാർഥനയും പിടിവള്ളിയാകാതെ ദിൽജിത്തും നന്ദഗോപനും നിത്യതയിലേക്ക് യാത്രയായത് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് ചെർക്കാപ്പാറ ഗ്രാമം.പഠനത്തിലെന്നപോലെ ഫുട്ബോളിലും മികവു കാട്ടിയവരായിരുന്നു ഇരുവരും.

വീടിനടുത്തെ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാംപിലും ഇരുവരും സജീവമായിരുന്നു. പുലർച്ചെ 5 നു തുടങ്ങുന്ന ക്യാംപിൽ കൃത്യസമയത്തു തന്നെ എത്താനും ഇരുവരും ഉത്സാഹം കാണിച്ചിരുന്നതായി ക്ലബ് പ്രവർത്തകർ പറഞ്ഞു.കോവിഡിനെത്തുടർന്ന് രണ്ടു വർഷമായി അടച്ചിട്ടിരുന്ന കുളം അടുത്തനാളിലാണ് തുറന്നത്. നന്നായി നീന്തലറിയാവുന്ന കുട്ടികൾ മുങ്ങിമരിച്ചുവെന്നത് നാട്ടുകാർക്കും വിശ്വസിക്കാനാകുന്നില്ല.

മഴയിൽ ഒഴുകിയെത്തിയ വെളളവും കുളത്തിൽ നിറയുന്നതിനാൽ ചെളി അടിഞ്ഞിട്ടുണ്ടാകാമെന്നും കാൽ ചെളിയിൽ പൂണ്ടതാകാം അപകടത്തിനു കാരണമായതെന്നുമാണ് പൊലീസും അഗ്നിരക്ഷാസേനയും പറയുന്നത്. സ്ഥിരമായി കുളത്തിൽ കുളിക്കാനെത്തുന്നവരാണ് ഇവർ. അപകടം നടക്കുന്ന സമയത്ത് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരനുൾപ്പെടെയുള്ളവർ തൊട്ടടുത്ത് ഊരുകൂട്ട യോഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞയുടൻ യോഗം നിർത്തിവെച്ച് എല്ലാവരും അപകട സ്ഥലത്തേക്ക് കുതിച്ചെത്തി. ബേക്കൽ പൊലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. പനയാൽ വില്ലേജ് ഓഫിസർ കെ.രാജനും സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സബ് കലക്ടർ ഡി.ആർ.മേഘശ്രീ, എഡിഎം എ.കെ.രമേന്ദ്രൻ, ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് എന്നിവർ കുട്ടികളെ എത്തിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com