ADVERTISEMENT

ചെറുവത്തൂർ ∙ ദേശീയപാതാ നിർമാണ ജോലികളുടെ ഭാഗമായി മണ്ണെടുത്ത സ്ഥലങ്ങളിലും മണ്ണിട്ടു നികത്തിയ സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുമോയെന്ന ആശങ്ക ഈ മാസം 7ന് പ്രത്യേക വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. കാലവർഷമെത്തിയാൽ ‘വെള്ളത്തിലാകുമോ?’യെന്ന സംശയമാണ് അന്നു നാട്ടുകാർ പലരും പ്രകടിപ്പിച്ചത്. എന്നാൽ കാലവർഷമെത്തും മുൻപ് വെള്ളത്തിലും ചെളിയിലുമായ അനുഭവമാണ് ദേശീയ പാതയോരത്തെ നാട്ടുകാർക്കു പറയാനുള്ളത്.

2 ദിവസത്തെ വേനൽമഴ കൊണ്ട് ചെറുവത്തൂരിൽ ദേശീയപാതയോരത്ത് താൽക്കാലിക വെള്ളച്ചാട്ടം പോലുമുണ്ടായി. ദേശീയപാതയിലേക്ക് വീരമലക്കുന്നിൽ നിന്നു മഴവെള്ളം കുതിച്ചെത്തിയത് ഗതാഗത തടസ്സത്തിനു വരെ കാരണമായി. മണ്ണു മാറ്റിയ ശേഷം അപകടകരമായ ഉയരത്തിൽ നിന്ന വശങ്ങളിലെ കല്ലും മണ്ണുമടക്കം താഴെയെത്തി. മഴയുടെ ശക്തി കുറഞ്ഞപ്പോൾ വെള്ളമൊഴുകുന്നതു നിന്നെങ്കിലും സമീപത്തു താമസിക്കുന്നവർക്ക് ആശങ്ക മാറുന്നില്ല.

മഴ കനത്താൽ ഇനിയും മല മുകളിൽ നിന്നു വെള്ളം ഒഴുകിയെത്തുമെന്നാണ് ഇവർ കരുതുന്നത്. റോഡിന്റെ വശത്ത് മണ്ണു നികത്തിയ അവസ്ഥയിലാണ്. അതിനാൽ പാഞ്ഞെത്തുന്ന വെള്ളം മണ്ണിലൂടെ നേരെ റോഡിലെത്തും. വളവും തിരിവും റോഡ് പണിയും മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുമെന്നുറപ്പാണ്. മയിച്ചയിലും വെങ്ങാട്ടും വെള്ളക്കെട്ടുണ്ടായി.

കഴിഞ്ഞ ദിവസം വെള്ളം ശക്തമായി ഒഴുകിയ സ്ഥലത്തിനടുത്തുള്ള മൺതിട്ടയും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീണേക്കാമെന്ന അവസ്ഥയിലാണ്. മണ്ണിട്ടു റോഡിന്റെ വശം നികത്തിയപ്പോൾ മൂടിപ്പോയ ഓട കണ്ടെത്തി അവിടേക്കു ചാലു കീറി വെള്ളത്തിന് ഒഴുകാൻ വഴിയുണ്ടാക്കാനാണ് ഇന്നലെ കരാർ കമ്പനി ജീവനക്കാർ ശ്രമിച്ചത്. വെള്ളമൊഴുകിയ ഭാഗത്ത് സാമാന്യം വലിപ്പമുള്ള കല്ലുകൾ വരെ ഒഴുകിയെത്തിയിട്ടുണ്ട്. ഇന്നലെ മഴ ശക്തമായി പെയ്യാത്തത് ജോലികൾ ചെയ്യാൻ സഹായകമായി.

വീരമലക്കുന്നിൽ‌ തട്ടുകൾ തീർക്കും

ചെറുവത്തൂർ ∙ ദേശീയ പാതയ്ക്ക് സമീപമുള്ള മയിച്ച വീരമലക്കുന്ന് ഇടിയുന്നത് തടയാൻ കുന്നിൽ തട്ടുകൾ തീർക്കുമെന്ന് ഇവിടം സന്ദർശിച്ച ദേശീയപാത അസിസ്റ്റന്റ് മാനേജർ അരവിന്ദൻ, എൻജിനീയർ ബോള എന്നിവർ പറഞ്ഞു. പാതയോരങ്ങളിലെ ഓവുചാലുകളിൽ മണ്ണ് നിറഞ്ഞതാണു പലയിടത്തും വെള്ളക്കെട്ടിനു കാരണമായി കാണുന്നത്. മഴ കനത്തതോടെയാണ് ഇങ്ങനെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റെയിൽവേ മേൽപാലത്തിന് സമീപത്തെ കളരി തോടിൽ കെട്ടിനിൽക്കുന്ന വെള്ളം പൈപ്പ് സ്ഥാപിച്ച് പനക്കാപുഴയിലെക്ക് ഒഴുക്കുംപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, അംഗങ്ങളായ പി.പത്മിനി, സി,വി.ഗിരീശൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com