ADVERTISEMENT

രാജപുരം ∙ നിർമാണത്തിലെ അപാകതയെന്ന് ആരോപണം. 3 മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു. കഴിഞ്ഞ മാർച്ച് 5നാണ് നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തിയത്. നിലവിൽ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുകയാണ്. 

ഓഫിസ് മുറി, 2 ക്ലാസ് മുറികൾ, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോർച്ചയുള്ളത്. ഇന്നലെ രാവിലെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോൾ സ്കൂളിനകത്തെ നടുമുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാർ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. കെട്ടിടത്തിന്റെ മേൽക്കുരയിൽ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ച് കെട്ടിടത്തിനടിയിൽ ‍കൂടി പുറത്തെ ടാങ്കിൽ എത്തിക്കുന്ന തരത്തിലാണ് നിർമാണം. എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് തിരിച്ച് നടുമുറ്റത്ത് തന്നെ എത്തുന്നതായി ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പല സ്ഥലത്തും ചോർച്ച തുടങ്ങി. 

വെള്ളം തളംകെട്ടി ക്ലാസ് മുറികൾ

ക്ലാസ് മുറികളിൽ വെള്ളം തളംകെട്ടി നിൽക്കുന്നതിനാൽ കുട്ടികളെ ഇരുത്താൻ സാധിക്കുന്നില്ലെന്ന് അധ്യാപികമാർ പറയുന്നു. നടക്കുമ്പോൾ തെന്നി വീഴും എന്നതിനാൽ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കെട്ടിട നിർമാണ സമയത്ത് തന്നെ സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോൺക്രീറ്റ് സമയത്ത് ഒരു ഭാഗം തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. കാലവർഷത്തിൽ ‍ശക്തമായ മഴ വരാനിരിക്കെ എങ്ങനെ കുട്ടികളെ ക്ലാസിൽ ഇരുത്തും എന്ന ആശങ്കയിലാണ് സ്കൂൾ ജീവനക്കാർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com