ADVERTISEMENT

കാഞ്ഞങ്ങാട് ∙ കള്ളന്റെ ഒളിച്ചു കളി ഒടുവിൽ അവസാനിച്ചു. മാസങ്ങളായി നൂറുകണക്കിന് നാട്ടുകാരും പൊലീസും കാടടച്ച് അന്വേഷണം നടത്തിയിട്ടും കാണാമറയത്ത് തുടരുന്ന കള്ളനെ കൊച്ചി മറൈൻഡ്രൈവിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. മോഷണം നടത്തി കാടു കയറുന്ന അശോകനെ നാട് ഒന്നടങ്കം അന്വേഷിക്കുമ്പോഴും ഇയാൾ പുറത്തെത്തി മോഷണം നടത്തി വീണ്ടു കാടു കയറുമായിരുന്നു. കാട്ടിനുള്ളിൽ നിന്ന് അശോകൻ എങ്ങനെയാണ് കൊച്ചിയിലെത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ അശോകനെ ചോദ്യം ചെയ്താലേ അറിയൂ.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കാഞ്ഞിരപ്പൊയിലിനെ ചെങ്കൽ കുന്നുകളിൽ പരിശോധന നടത്തിയത്. കാശാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ നിന്നു പ്രതിയെ തപ്പി കണ്ടെത്തുക അതീവ സാഹസമായിരുന്നു. രാവും പകലുമില്ലാതെ നാട്ടുകാർ ഒന്നടങ്കം അശോകനെ തേടി കാട്ടിൽ അലഞ്ഞു.  സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും അശോകനെ തിരയാൻ സ്ഥലത്തെത്തി. പൊലീസ് നായയും തിരച്ചിലിന് എത്തി. ഡ്രോൺ പറത്തി പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താൻ കഴിഞ്ഞില്ല.

300 ഏക്കറിലധികം വ്യാപിച്ച കിടക്കുന്ന ചെങ്കൽ കുന്നുകളിലൂടെയുള്ള വഴികൾ അശോകന് ഏറെ പരിചിതമാണ്. കാടിനകത്തെ ഓരോ വഴികളും ഇയാൾക്ക് കാണാപ്പാഠമാണ്. ചെങ്കൽ കുന്നുകളിലുള്ള പാറമടങ്ങളും അശോകന് വ്യക്തമായി അറിയാം. ബിജിതയെ അക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ശേഷം അശോകൻ വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും കവർന്നു. മോഷണം നടത്തുന്നിടത്ത് നിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകൻ മടങ്ങാറുള്ളത്.  ഏഴാം ക്ലാസിൽ പഠനം നിർത്തി നാടുവിട്ടതാണ് അശോകൻ. യാത്രക്കിടെ പലരുമായി ചങ്ങാത്തത്തിലായി. പലകേസുകളിലും പ്രതിയായി. പല കുറ്റവാളികളുമായി ചെറുപ്പത്തിൽ തന്നെ അശോകൻ കൂട്ടായി. ഇതിനിടയിൽ ബസിൽ കണ്ടക്ടറായും ക്ലീനറായും ജോലി നോക്കി. 

നാട് വിട്ടു തിരികെ എത്തിയ അശോകൻ സൈക്കിൾ മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. പിന്നീട് ധാരാളം ചെറുമോഷണങ്ങൾ നടത്തി. മോഷണം പിടികൂടി നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു വിടുന്നതിൽ പൊലീസ് കേസുകളൊന്നും അശോകനെതിരെ ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് വീണ്ടും വ്യാപകമായി മോഷണം തുടങ്ങിയത്. പ്രദേശവാസിയായ പ്രഭാകരന്റെ വീട്ടിൽ നിന്നു രണ്ടേമുക്കാൽ പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയ സംഭവത്തിൽ പരാതി കിട്ടിയതോടെയാണ് അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് അശോകന്റെ കൂട്ടാളിയായ മഞ്ജുനാഥിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുന്നത്. പ്രദേശത്തെ കുറിച്ച് ധാരണയില്ലാത്തതാണ് മഞ്ജുനാഥിനെ കുടുക്കിയത്. 

മോഷണം തുടർക്കഥ

നാട്ടിൽ‍ ഒട്ടേറെ മോഷണം നടത്തിയ അശോകൻ മാർച്ച് 9 നാണ് കാഞ്ഞിരപ്പൊയിലിലെ അനിൽ കുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ച ശേഷം ശരീരത്തിലുണ്ടായിരുന്ന മാലയും കമ്മലും മോതിരവും ഊരിയെടുത്ത ശേഷം കാടു കയറിയത്. രാവിലെ കുട്ടികളെ സ്കൂൾ ബസ് കയറ്റി വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ബിജിത. പുറത്തെ കസേരയിൽ ഇരുന്ന് മൊബൈലിൽ കവിത ടൈപ്പ് ചെയ്യുന്നതിനിടെയാണ് അശോകൻ പിന്നാലെത്തി തലയ്ക്കടിച്ചത്. തലക്കടിയേറ്റതോടെ ബിജിത ബോധരഹിതയായി. ഈ സമയത്ത് ഇയാൾ മാലയും കമ്മലും മോതിരവും ഊരിയെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ വീട്ടിനകത്ത് കയറി ഭക്ഷണം കഴിച്ചു. ഇതിനിടയിൽ ബിജിതയ്ക്ക് ബോധം തിരിച്ചു കിട്ടി.

പേര് വിളിച്ചതോടെ ഷൂസിന്റെ ലേസ് കൊണ്ട് കഴുത്തിൽ കുരുക്കി ബിജിതയെ വലിച്ചിഴച്ച് കൊണ്ടു പോകുകയും ചെയ്തു. സംഭവത്തിന് ശേഷം കാടു കയറിയ അശോകനെ മാസങ്ങളോളം നാട്ടുകാരും പൊലീസും ചേർന്നു തപ്പിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ ഇയാൾ കാടിനു വെളിയിൽ പോയതായും പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കാടിന് വെളിയിലേക്ക് വ്യാപിപ്പിച്ചിരുന്നു. പിടികൂടിയ അശോകനെ കസ്റ്റഡിയിൽ എടുക്കാൻ എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലേക്ക് തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com