ADVERTISEMENT

കാസർകോട് ∙ അര നൂറ്റാണ്ടു മുൻപത്തെ കാസർകോട് ഗവ.കോളജ്. ചുറുചുറുക്കുള്ള ഒരു അധ്യാപകൻ മനോഹരമായ ഇംഗ്ലിഷിൽ പ്രീഡിഗ്രി വിദ്യാർഥികൾക്കു ക്ലാസെടുക്കുന്നു. വിഷയം ഇംഗ്ലിഷ് ആയിരുന്നുവെങ്കിലും അദ്ദേഹം ലോകത്തെ സകല വിഷയങ്ങളും കുട്ടികളുമായി പങ്കുവെക്കുമായിരുന്നു. പിന്നീട് അദ്ദേഹം മലയാള സിനിമയിലെ തിരക്കുള്ള നടനായി. നടൻ സുകുമാരന്റെ വേർപാടിന് ഇന്ന് 25 വർഷം തികയുമ്പോൾ അന്നത്തെ കോളജ് കാലം ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായ എഴുത്തുകാരൻ എം.എ.റഹ്മാൻ.

1972 ൽ ഒരു വർഷം മാത്രമേ സുകുമാരൻ കാസർകോട് ഉണ്ടായിരുന്നുള്ളുവെങ്കിലും ഒട്ടേറെ ശിഷ്യരെ സമ്പാദിച്ചായിരുന്നു മടക്കം. മല്ലികാർജുന ക്ഷേത്രത്തിനു സമീപം എയർലൈൻസ് ലോഡ്ജിലായിരുന്നു താമസം. ബദ്‌രിയ ഹോട്ടലിൽ നിന്നു പ്രഭാത ഭക്ഷണം കഴിച്ച ശേഷം ബസിൽ കോളജിലേക്കു പോകുന്നതായിരുന്നു പതിവ്. ഉച്ചയ്ക്കു 12നും ഒന്നിനും ഇടയിലായിരുന്നു സുകുമാരന്റെ ജനറൽ ഇംഗ്ലിഷ് ക്ലാസ്. കുട്ടികൾക്ക് ഉറക്കം വരുന്ന സമയമായിരുന്നിട്ടും സുകുമാരന്റെ ക്ലാസിന്റെ ആകർഷണീയത കാരണം ക്ലാസിൽ ബെഞ്ചുകൾ ഒഴിവുണ്ടാവില്ല. നെറ്റിയുടെ മുൻവശത്തേക്കു തൂങ്ങി നിൽക്കുന്ന മുടിയിഴകൾ ഇടയ്ക്കിടെ പിറകിലോട്ട് മാടിയൊതുക്കി ഒഴുക്കുള്ള ഇംഗ്ലിഷിൽ അദ്ദേഹം ക്ലാസു തുടരും.

പ്രീഡിഗ്രി രണ്ടാം വർ‌ഷ വിദ്യാർഥിയായിരുന്നപ്പോഴാണ് എം.എ.റഹ്മാന് അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാനുള്ള ഭാഗ്യമുണ്ടായത്. നീലേശ്വരം നഗരസഭാ മുൻ ചെയർമാനായ പ്രഫ.കെ.പി.ജയരാജൻ, എഴുത്തുകാരൻ ഇബ്രാഹിം ബേവിഞ്ച, റഷീദ് ചേരങ്കൈ, കെ.കെ.ഷാഫി ഉദുമ തുടങ്ങിവരും അന്നത്തെ ക്ലാസിൽ സഹപാഠികളായി ഉണ്ടായിരുന്നുവെന്ന് റഹ്മാൻ ഓർക്കുന്നു. ‘ലൈബ്രറിയോടു ചേർന്നുള്ള മുറിയിലായിരുന്നു സുകുമാരന്റെ ക്ലാസ്. ഞാനടക്കമുള്ള ഏതാനും പേർ പിൻ സീറ്റിലിരുന്ന് അത്യാവശ്യം ബഹളവും കമന്റു പറച്ചിലും പതിവായിരുന്നു. എന്നാൽ സുകുമാരൻ അതിൽ ഒരിക്കലും ക്ഷുഭിതനായില്ല. ക്ലാസ് കഴിഞ്ഞ് കോളജിന്റെ ചുമരിൽ ചാരി നിന്ന് അദ്ദേഹം ഞങ്ങളുടെ തമാശകൾ ആസ്വദിച്ചു.’ റഹ്മാൻ ഓർക്കുന്നു.

കാറൽ മാർക്സും നാട്യശാസ്ത്രവും അടക്കമുള്ള പല വിഷയങ്ങൾ വിദ്യാർഥികളുമായി പങ്കുവക്കുമായിരുന്നു. ക്ലാസ് കഴിഞ്ഞ് ലോഡ്ജിലേക്കു മടങ്ങുമ്പോൾ ലൈബ്രറിയിൽ നിന്നെടുത്ത 3 പുസ്തകങ്ങളെങ്കിലും കയ്യിൽ കാണും. കാസർകോട് അന്നു സാംസ്കാരിക പ്രവർത്തനങ്ങളൊന്നും കാര്യമായി ഇല്ലാതിരുന്നതിനാലാവും അത്തരം പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തതായി അറിവില്ല.’– റഹ്മാൻ പറഞ്ഞു. പെട്ടെന്ന് ഒരു നാൾ അധ്യാപനം നിർത്തി സുകുമാരൻ പോയപ്പോൾ ഞങ്ങളിൽ പലരും അന്വേഷിച്ചിരുന്നു. സിംഗപ്പൂരിലാണെന്ന് എവിടെയോ കേട്ടു. തൊട്ടടുത്ത വർഷം 1973ൽ എം.ടി.വാസുദേവൻ നായരുടെ നിർമാല്യം സിനിമയിലെ നടനായി അദ്ദേഹം വരുന്നതറിഞ്ഞപ്പോൾ അദ്ഭുതവും ആരാധനയുമായിരുന്നു.

ബിഎയ്ക്കു പഠിക്കുന്ന സമയത്ത് 1973ൽ കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സർഗസംവാദം പരിപാടിയിൽ നിർമാല്യവും ഉത്തരായനവും തിയറ്റർ റിലീസിനു മുൻപേ പ്രദർശിപ്പിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യർ ഒന്നിച്ചാണ് അന്ന് ആ സിനിമകൾ കാണാൻ പോയത്. പഴയ അധ്യാപകനെ തിയറ്ററിൽ കണ്ടത് വലിയ ആവേശമായിരുന്നു. വർഷങ്ങൾക്കു ശേഷം 1982ൽ എന്റെ ഡോക്യുമെന്ററി സിനിമ നിർമാണവുമായി ബന്ധപ്പെട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയിലുള്ള ചില സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനായി അദ്ദേഹത്തെ സമീപിച്ചു.

പഴയ ശിഷ്യനാണെന്നു പറഞ്ഞപ്പോൾ വലിയ സ്വീകരണമാണ് കിട്ടിയത്. ബാധ്യതയുള്ള തുകയിൽ പലിശ ഒഴിവാക്കി ബാക്കി മാത്രം അടച്ചാൽ മതിയെന്നു പറഞ്ഞ് സഹായിച്ചു. മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായിരുന്ന സുകുമാരൻ ഒരു വർഷത്തോളം കാസർകോട് ഉണ്ടായിരുന്നു എന്ന കാര്യം പോലും പിന്നീട് ആളുകൾ മറന്നു. കാസർകോട് ഗവ. കോളജിൽ ഈ വേളയിലെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്താനുള്ള സംവിധാനം ഉണ്ടാകണമെന്നാണ് ആഗ്രഹം.’–എം.എ.റഹ്മാൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com