ADVERTISEMENT

ചിറ്റാരിക്കാൽ ∙ വർഷങ്ങൾ നീണ്ട സമരങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ മാലോം വില്ലേജിലെ അത്തിയടുക്കത്തെ കർഷകരുടെ കൈവശ ഭൂമിക്കു റവന്യു അധികൃതർ നികുതി സ്വീകരിച്ചുതുടങ്ങി. ഇതോടെ കഴിഞ്ഞ 15 വർഷത്തിലേറെയായി സ്വന്തം ഭൂമിക്കു നികുതിയടക്കാനാകാതെ വിഷമിക്കുന്ന ഇവിടുത്തെ 27 കൈവശക്കാർക്ക് ആഹ്ലാദം. 3 സെന്റുള്ള ദലിത് കുടുംബങ്ങൾ മുതൽ 5 ഏക്കറോളം ഭൂമിയുള്ള ഇടത്തരം കർഷകർ വരെ ഇവരിലുൾപ്പെടും.

കർണാടക വനാതിർത്തിയിലെ കൊന്നക്കാട്–തയ്യേനി റോഡിനോടുചേർന്ന മലഞ്ചരുവിലാണ് അത്തിയടുക്കം ഗ്രാമം. 50 വർഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും. 7 പട്ടികവർഗ കുടുംബങ്ങളുൾപ്പെടെ കേസിൽ കക്ഷിചേരാത്ത 12 കുടുംബങ്ങളുടെ നികുതി പ്രശ്നം മാത്രമാണ് ഇനി പരിഹരിക്കപ്പെടാനുള്ളത്.

സാങ്കേതികക്കുരുക്കിൽ കുരുങ്ങി..

ഇവിടെ സർവേ നമ്പർ 201(1)ലെ 55 ഹെക്ടർ ഭൂമിയിൽ 35 ഹെക്ടർ നിക്ഷിപ്തവനഭൂമിയാക്കി 1971 മേയ് 10ന് വനം വകുപ്പ് വിജ്ഞാപനമിറക്കിയതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. ശേഷിക്കുന്ന 20 ഹെക്ടർ ജനവാസമുള്ളതായിരുന്നു. 35 ഹെക്ടർ ഏറ്റെടുത്തതിനെതിരെ ഭൂവുടമകൾ കോഴിക്കോട് വനംവകുപ്പ് ട്രിബ്യൂണലിൽ പരാതിപ്പെട്ടു.

ഇവർക്കനുകൂലമായിരുന്നു അന്ന് കോടതിവിധി. ഇതു ചോദ്യംചെയ്തു വനംവകുപ്പ് ഹൈക്കോടതിയിലെത്തി. ജനവാസമുള്ള 20 ഹെക്ടറടക്കം 55 ഹെക്ടറും വനഭൂമിയാണെന്നായിരുന്നു ഹൈക്കോടതിവിധി. ഈ വിധിയോടെ ഇവിടുത്തെ കുടുംബങ്ങൾ വെട്ടിലായി. തങ്ങൾ ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട വിവരം ഇവർ വൈകിയാണറിഞ്ഞത്.

അതിനാൽ തങ്ങളുടെ അവകാശവാദങ്ങൾ കോടതിയെ അറിയിക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല. 39 കൈവശക്കാരിൽ എല്ലാവർക്കും പട്ടയമുണ്ട്. 24 കുടുംബങ്ങളാണ് ഇവിടെ സ്ഥിരതാമസമുള്ളത്. ഇതിൽ 10 കുടുംബങ്ങൾ പട്ടികവർഗത്തിൽപ്പെട്ടവരാണ്. 1958ൽ കൈവശ സർട്ടിഫിക്കറ്റു ലഭിച്ചവർവരെ ഇക്കൂട്ടത്തിലുണ്ട്. രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും 1977നു മുമ്പുള്ള താമസക്കാരുമാണ്.

പോരാട്ടത്തിന്റെ വിജയം

2006 ലാണ് അത്തിയടുക്കം ഭൂമി പ്രശ്നം ഉടലെടുത്തത്. നീണ്ട വർഷങ്ങളായി തങ്ങൾ കൈവശം വച്ചനുഭവിക്കുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയിൽപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് അന്നു കർഷകർ കേട്ടത്. ഭൂപ്രശ്നം പരിഹരിക്കുന്നതിനായി പിന്നീടു ഒട്ടേറെ സമരങ്ങളും ഇവിടെ നടന്നു. 2012 ൽ കുടിയിറക്കു നോട്ടിസ് ലഭിച്ച കർഷകർ ഹൈക്കോടതിയിൽനിന്നും സ്റ്റേ വാങ്ങി. 2017 ൽ ഹൈക്കോടതി കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലിനു കേസ് കൈമാറി.

18 കമ്മീഷനുകൾ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകി. എല്ലാം കർഷകർക്ക് അനുകൂലമായിരുന്നു. ഹൈക്കോടതിയിലെ ഗവ. പ്ലീഡർ അഡ്വ. നാഗരാജ് നാരായണൻ സ്ഥലം സന്ദർശിച്ചു അപ്പീൽ സാധ്യതയില്ലെന്നു റിപ്പോർട്ട് നൽകി. അപ്പീൽ പോകേണ്ടതില്ലെന്ന നിയമോപദേശവും കിട്ടിയപ്പോഴാണ് പ്രശ്നപരിഹാരമായത്. ഭൂപ്രശ്നം പരിഹരിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിച്ചെങ്കിലും കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങിയത്.

സ്ഥലം എംഎൽഎയും മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്റേയും കെ.എസ്.കുര്യാക്കോസ് ഉൾപ്പെടെയുള്ളവരുടേയും ഇടപെടലുകളും നിർണായകമായി. 2006 ൽ നോട്ടിഫൈ ചെയ്ത സ്ഥലം ഡി നോട്ടിഫൈ ചെയ്യുക എന്ന ഒരു നടപടിക്രമം കൂടി ഇനിയും ബാക്കിയുണ്ട്. ഇതോടൊപ്പം 7 പട്ടികവർഗ കുടുംബങ്ങളുടെയും കോടതി വ്യവഹാരത്തിനിടെ ആത്മഹത്യ ചെയ്തവരുടേയും ഭൂപ്രശ്നങ്ങളിൽ ഉചിതമായ തീരുമാനം വരേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com