അലാമിക്കുളം അന്ന് ചെളിക്കുഴി; ഇന്ന് ആമ്പൽ വിരിയും ജലാശയം

അലാമിക്കുളം പുനർ നിർമാണത്തിന് ശേഷം
അലാമിക്കുളം പുനർ നിർമാണത്തിന് ശേഷം
SHARE

കാഞ്ഞങ്ങാട് ∙ കാടുമൂടി മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം ഇന്നു കണ്ടാൽ ആരും അന്തം വിട്ട് പോകും. പൂന്തോട്ടത്താൽ ചുറ്റപ്പെട്ട് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ജലാശയമായി ഈ പൊതുകുളം മാറി. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാൻഡിനോടു ചേർന്നു കിടക്കുന്ന ‘അലാമിക്കുളം’ ആണ് ആരെയും ആകർഷിക്കുന്ന വിധത്തില്‍ പുനർ നിർമിച്ചത്. രണ്ടു വർഷം മുൻപ് വരെ ഒരു ചെളിക്കുഴി ആയിരുന്നു ഈ കുളം. ചിലര്‍ ഈ കുഴിയെ മാലിന്യം തള്ളാനുള്ള ഇടവും ആക്കി.

അലാമിക്കുളം രണ്ട് വർഷം മുൻപ്.
അലാമിക്കുളം രണ്ട് വർഷം മുൻപ്.

ജലസേചന വകുപ്പ് ഹരിത കേരളം പദ്ധതിയിലൂടെ നടത്തിയ ഇടപെടലാണ് പൊതുകുളത്തിന്റെ തിരിച്ചുവരവിന് ഇടയാക്കിയത്. രണ്ട് വർഷമായി നടക്കുന്ന നവീകരണം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തി. ഒരുകാലത്ത് നോക്കാത്താ ദൂരം പരന്നു കിടന്ന അലാമിപ്പള്ളി വയലിന്റെ ഓരം ചേർന്നുള്ള ഈ പൊതുകുളത്തിന് കാർഷിക സംസ്‌കൃതിക്കൊപ്പം അലാമികളിയെന്ന അനുഷ്ഠാന കലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രമുണ്ട്. 17 ലക്ഷം രൂപ ചെലവിട്ടാണ് കുളം നവീകരിച്ചത്.

കാടും മാലിന്യവും ചെളിയും നീക്കി അടിത്തട്ട് കരിങ്കല്ല് കെട്ടി ഉറപ്പുവരുത്തി. ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്തു. മുകളിൽ ചുറ്റുമായി ചെങ്കല്ലുകൊണ്ട് പടവുകൾ തീർത്ത് മനോഹരമാക്കി. ചുറ്റുമതിലിനായി ചെത്തിമിനുക്കിയ ചെങ്കല്ലും ചെറുകരിങ്കൽ തൂണുകളും ഉപയോഗിച്ചു. മതിലിനുള്ളിൽ പച്ചപുൽത്തകിടിയും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. മുൻ നഗരസഭാധ്യക്ഷൻ വി.വി.രമേശന്റെ ഇടപെടലും കുളം നവീകരണത്തിന് സഹായിച്ചു. അച്യുതൻ പടന്നക്കാട് ആണ് നിർമാണം ഏറ്റെടുത്ത് കുളത്തെ മനോഹരമായി പുനർ നിർമിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS