ADVERTISEMENT

∙ജില്ലയിൽ സംഭരണത്തിന് 3 സംഘങ്ങൾ മാത്രം; പള്ളിക്കര സൊസൈറ്റിയിൽ lതേങ്ങ സംഭരണം നാളെ മുതൽ
∙കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പച്ചത്തേങ്ങ കൊപ്രയാക്കാൻ കേരഫെഡ് ആശ്രയിക്കുന്നത് ചെറുപുഴയിലെ സ്ഥാപനത്തെ

കാസർകോട് ∙ ജില്ലയിലെ പച്ചത്തേങ്ങ സംഭരണം വൈകുന്നു. 3 സഹകരണ സംഘങ്ങൾ മാത്രമാണു കേരഫെഡുമായി ചർച്ച നടത്തിയത്. എന്നാൽ സംഭരണം സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ അന്തിമ ധാരണയായില്ല. ‌ ധാരണയായില്ലെങ്കിലും നാളെ മുതൽ സംഭരണം തുടങ്ങാൻ തയാറാണെന്ന് പള്ളിക്കര കോ ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സൊസൈറ്റി അറിയിച്ചതിനാൽ ഇവിടെ നാളെ മുതൽ പച്ചത്തേങ്ങ സംഭരിക്കും. ജില്ലയിൽ നിന്ന് ആഴ്ചയിൽ 10 ടൺ മാത്രമാണ് കേരഫെഡിനു സംഭരിക്കാൻ കഴിയുക. കൊപ്രയാക്കാനുള്ള ‍‍ഡ്രയറുകളുടെ കുറവും കേരഫെഡിനു വെല്ലുവിളിയാണ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തേങ്ങ കൊപ്രയാക്കാൻ ചെറുപുഴയിലെ സ്ഥാപനത്തിലെ ഡ്രയറാണുപയോഗിക്കുന്നത്. പച്ചത്തേങ്ങ സംഭരണത്തിന്റെ ജില്ലാതല ഏകോപനം മുൻപ് ജോയിന്റ് റജിസ്ട്രാറായിരുന്നു നിർവഹിച്ചിരുന്നത്. ഇപ്പോൾ കൃഷിവകുപ്പിന്റെ ചുമതലയിലാണ്. സഹകരണ സംഘങ്ങൾ കാര്യമായി മുന്നോട്ടു വരാത്തതിന്റെ ഒരു കാരണം ഇതാണെന്നു വിലയിരുത്തപ്പെടുന്നു. ജില്ലയിലെ കർഷകരുടെ കയ്യിലെ പച്ചത്തേങ്ങ പൂർണമായും സംഭരിക്കാൻ നിലവിലെ സാഹചര്യത്തിൽ കേരഫെഡിനു കഴിയില്ല.

കേരഫെഡിന്റെ നേരിട്ടുള്ള സംഭരണ കേന്ദ്രങ്ങൾക്കു പുറമേ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) കേന്ദ്രങ്ങൾ മാത്രമാണ് മറ്റു ചില ജില്ലകളിൽ ഇപ്പോൾ പച്ചത്തേങ്ങ സംഭരിക്കുന്നത്. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാൽ പച്ചത്തേങ്ങ സംഭരണത്തിന്റെ ഫലം കർഷകർക്കു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. സഹകരണ സംഘങ്ങൾ മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ വിഎഫ്പിസികെ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.

ഒരു തെങ്ങിലെ 50 തേങ്ങ മാത്രം; പരിധി ഒഴിവാക്കണമെന്ന് ആവശ്യം

പച്ചത്തേങ്ങ സംഭരണത്തിൽ ഉൽപന്നം മുഴുവനായും വിൽപന നടത്താനാകാതെ കർഷകർ പ്രതിഷേധത്തിൽ. വർഷം ഒരു കർഷകന് ഒരു തെങ്ങിന് 50 തേങ്ങ വീതം മാത്രമേ വിൽപന നടത്താനാകു എന്ന നിബന്ധനയാണ് കർഷകർക്ക് തിരിച്ചടിയായത്. ഒരു തെങ്ങിൽ നിന്ന് ഒരു വർഷം കുറഞ്ഞത് 100 തേങ്ങ എങ്കിലും ലഭിക്കുമെന്ന് കർഷകർ പറയുന്നു.

സർക്കാർ പച്ചത്തേങ്ങ സംഭരണവുമായി ഇറക്കിയ സർക്കുലർ പ്രകാരം 100 തെങ്ങ് ഉള്ള ഒരു കർഷകന് വർഷത്തിൽ ലഭിക്കുന്ന 10,000 തേങ്ങയിൽ 5000 തേങ്ങ മാത്രമേ സംഭരണം വഴി വിൽപന നടത്താൻ സാധിക്കൂ. ബാക്കി തേങ്ങ എന്തു ചെയ്യുമെന്ന് കർഷകർ ചോദിക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, തെങ്ങുകളുടെ എണ്ണം, വാർഷിക ഉൽപാദനം എന്നിവ സൂചിപ്പിക്കുന്ന സാക്ഷ്യപത്രം കൃഷി ഓഫിസർ നൽകണം. ഇതിന് ഒരു വർഷ കാലാവധിയുണ്ടാകും.

ഇതിൽ ഒരു കർഷകന് ഒര വർഷം 50 തേങ്ങ മാത്രമെ സംഭരിക്കാൻ പാടുള്ളുവെന്ന് പറയുന്നുണ്ട്. ചുരുക്കത്തിൽ പച്ചത്തേങ്ങ സംഭരണം കൊണ്ട് വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ലഭിക്കുന്ന മുഴുവൻ തേങ്ങയും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ 32 രൂപ പ്രകാരമാണ് കേരഫെഡ് കർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്നത്.

പരപ്പ ബ്ലോക്കിൽ മാലക്കല്ല് മലനാട് സൊസൈറ്റി മാത്രമാണ് തേങ്ങ സംഭരിക്കുന്നത്. ഇവർ പച്ചത്തേങ്ങ കൊപ്രയാക്കി നാഫെഡിനു കൈമാറുകയാണു ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com