ADVERTISEMENT

ഉപ്പള ∙ കെട്ടിടം നിർമാണം പൂർത്തിയായി, പക്ഷേ, വൈദ്യുതി ലഭിച്ചില്ല. പിന്നെ എങ്ങനെ ക്ലാസ് നടത്താനാകും. ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഇതു ചോദിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ ഇതിനു ഇതുവരെ ഉത്തരമായിട്ടില്ല.2017–18 വർഷത്തിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 6 മുറികൾ ഉള്ള ഇരുനില കെട്ടിടം നിർമിച്ചത്.

കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെയായി. എന്നാൽ വയറിങ്,പെയിന്റിങ് എന്നിവ ചെയ്യാനുള്ള ഫണ്ട് പദ്ധതിയിൽ ഇല്ലെന്നാണു അധികൃതർ പറയുന്നത്. ക്ലാസ് മുറികൾക്കും ലാബ്–ലബോറട്ടറിക്കും സ്പോർട്സ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമാണ് കെട്ടിടം നിർമിച്ചത്. എന്നാൽ വൈദ്യൂതി ഇല്ലാത്തതിനാൽ ലാബ് പ്രവർത്തിപ്പിക്കാനാകില്ല.1 മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാർഥികളാണ് ഇവിടെയുള്ളത്.

പഴയ ഓടിട്ടത് ഉൾപ്പെടെ കെട്ടിടങ്ങൾ ഏറെയുണ്ട്. എന്നാൽ വർഷത്തോറും വിദ്യാർഥികളുടെ എണ്ണം കൂടുന്നതിനാൽ സൗകര്യങ്ങൾ കുറയുന്നതിനാലാണ് 4 വർഷം മുൻപ് കെട്ടിടം നിർമിക്കാൻ തുടങ്ങിയത്. തീരെ സൗകര്യമില്ലാത്തതിനാൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ  പോലും കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. എന്നാൽ മഴ സമയത്ത് വെളിച്ചമില്ലാത്തത് വിദ്യാർഥികൾക്കു ദുരിതമാകുന്നു. 

കെട്ടിടം നിർമാണം പൂർത്തിയാക്കണമെന്നു  അഭ്യർഥിച്ചിരുന്നുവെങ്കിലും വയറിങും പെയിന്റിങ്ങും ചെയ്താൽ  ഫണ്ട് പിന്നീട് അനുവദിച്ചു തരാമെന്നാണ് മറുപടിയാണ് ജില്ലാ പഞ്ചായത്ത് അധികൃതർ നൽകിയതെന്ന്   പറയുന്നു.  പെയിന്റിങ് നടത്തിയും  വൈദ്യുതികരിച്ചും  കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്നാണ് വിദ്യാർഥികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മുൻ ഭരണസമിതിയുടെ കാലത്താണ് കെട്ടിടം നിർമിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽറഹ്മാൻ പറഞ്ഞു. വയറിങ്ങും പെയിന്റിങും നടത്തിയില്ല. വയറിങ് നടത്തുന്നതിനായി മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനു കത്ത് നൽകിയിട്ടുണ്ട്. 3 ലക്ഷത്തോളം രൂപ വയറിങ്ങിനായി വേണം. മറ്റു പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം തുറന്നു കൊടുക്കാൻ ആവശ്യമായ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com