പൊതി തുറന്നപ്പോൾ ആദ്യം അമ്പരന്നു; കാക്കി യൂണിഫോം അലക്കി തേച്ച് കേക്കായി ഇരിക്കുന്നു

 പി.റഷീദ തയാറാക്കിയ കേക്ക്
(1) സർവീസിൽ നിന്നു വിരമിക്കുന്ന അമ്പലത്തറ പൊലീസ് സ്റ്റേഷൻ എസ്ഐ എ.ടി.വി.ദാമോദരൻ (2) പി.റഷീദ തയാറാക്കിയ കേക്ക് (3) ഇൻസെറ്റിൽ പി.റഷീദ
SHARE

അമ്പലത്തറ ∙ 29 വർഷ സേവനത്തിനു ശേഷം ഇന്നു സർവീസിൽ നിന്നു വിരമിക്കുന്ന അമ്പലത്തറ പൊലീസ് സ്റ്റേഷൻ എസ്ഐ എ.ടി.വി.ദാമോദരൻ തനിക്കു സ്നേഹോപഹാരമായി ലഭിച്ച പൊതി തുറന്നു നോക്കിയപ്പോൾ ആദ്യം അമ്പരന്നു. എസ്ഐയുടെ പേര് വരെ രേഖപ്പെടുത്തി നക്ഷത്രവും ബെൽറ്റും സഹിതമുള്ള കാക്കി യൂണിഫോം അലക്കി ഇസ്തിരി ഇട്ട നിലയിൽ!  

ദാമോദരന് അമ്പലത്തറ സ്റ്റേഷനിൽ ഒരുക്കിയ യാത്രയയപ്പ് കുടുംബ സംഗമത്തിൽ  ലഭിച്ച ഈ  ഉപഹാരം തുണി യൂണിഫോം ആയിരുന്നില്ല. സ്റ്റേഷനു സമീപം വീട്ടിൽ കേക്ക് തയാറാക്കി വിൽപന നടത്തുന്ന പി.റഷീദ സ്റ്റേഷനിലേക്ക് ഉണ്ടാക്കിയ റെഡ് വെൽവെറ്റ് ഫ്ലവേർഡ് സബ് ഇൻസ്പെക്ടർ റിട്ടയർമെന്റ് തീം സ്പോഞ്ച് കേക്ക് ആയിരുന്നു ഇത്. 44 സെന്റിമീറ്റർ നീളത്തിലും 28 സെന്റിമീറ്റർ വീതിയിലും തയാറാക്കിയ 4 കിലോഗ്രാം കേക്ക്. ക്രീം, ചോക്ലേറ്റ്, മിൽക്ക് മെയ്ഡ്, അണ്ടിപ്പരിപ്പ് തുടങ്ങിയവയാണ്  ചേരുവ. 

ഹാപ്പി റിട്ടയർമെന്റ്, ഗുഡ്ബൈ ടെൻഷൻ, ഹലോ പെൻഷൻ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹർത്താൽ ദിവസങ്ങളിൽ സ്റ്റേഷനിൽ പൊലീസുകാർക്കു ആഹാരം കിട്ടുന്നത് റഷീദയുടെ വീട്ടിൽ നിന്നാണ്. 4 വർഷം മുൻപ് ആണ് റഷീദ വീട്ടിൽ നിന്നു  കേക്ക് പാകം ചെയ്തു തുടങ്ങിയത്. വിവിധ ഡിസൈനും വർണങ്ങളിലും  ഒരുക്കിയ കേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അസ്സൽ എന്നു പറഞ്ഞു തുടങ്ങിയതോടെ ആത്മവിശ്വാസം ഏറി. തുടർന്നു  വിപണിയിൽ എത്തിക്കാൻ ലൈസൻസ് ലഭിക്കുന്നതിനു വെള്ളിക്കോത്ത് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 ദിവസ കോഴ്സിനു ചേർന്നു. നാട്ടിലും പുറത്തും ആഘോഷങ്ങളിലും മറ്റുമായി റഷീദയുടെ കേക്കിനു ജനപ്രിയമായി. 

2 വർഷം മുൻപ് വാഴയിലയിൽ 18 കറികളും  പായസം, പപ്പടം, പഴം തുടങ്ങിയ വിഭവങ്ങൾ ഡിസൈൻ ചെയ്ത് ഓണസദ്യ കേക്ക് ഉണ്ടാക്കിയിരുന്നു. നമ്പർ പ്ലേറ്റ് സഹിതമുള്ള കാർ, ലോറി, ലാപ്ടോപ്, പഴ്സ് തുടങ്ങി ഒട്ടേറെ ഡിസൈനും വർണവും ഉള്ള മധുരം നൽകുന്ന കേക്ക് പ്രത്യേക ബ്രാൻഡിൽ തന്നെയാണ് വിൽപന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS