തട്ടിക്കൊണ്ടുപോയി കൊലപാതകം: 2 പ്രതികൾ അറസ്റ്റിൽ

  അബ്ദുൽ റഹീം, അബ്ദുൽ അസീസ്.
അബ്ദുൽ റഹീം, അബ്ദുൽ അസീസ്.
SHARE

കാസർകോട് ∙ ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പുത്തിഗെ മുഗുറോഡ് നസീമ മൻസിലിലെ അബൂബക്കർ സിദ്ദീഖിനെ (31) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിച്ച കേസിൽ പ്രതികളായ 2  പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെഎം റോഡിലെ അബ്ദുൽ അസീസ് (36), റൗഫ് റഹീം മൻസിലിലെ അബ്ദുൽ റഹീം (41) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, ഡിവൈഎസ്പിമാരായ പി.ബാലകൃഷ്ണൻ നായർ, യു.പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ 3 പേർ കസ്റ്റഡിയിലുണ്ട്.

സിദ്ദീഖിനെതിരെ ക്വട്ടേഷൻ‌ നൽകിയ 4 പേരിൽ‌ ഒരാളാണു പിടിയിലായ അബ്ദുൽ അസീസ്. പ്രതികളായ 4 പേരെ ഗോവയിലേക്കു രക്ഷപ്പെടാനായി സഹായിച്ചയാളാണ് അബ്ദുൽ റഹീം.ഉപ്പളയിലെ ട്രാവൽ ഏജൻസി ഉടമ ഗൾഫിലെ ഒരു വ്യക്തിക്കു കൈമാറുന്നതിനായി നൽകിയ ഡോളർ നൽകാതെ അബൂബക്കർ സിദ്ദീഖ് വഞ്ചിച്ചു എന്നാരോപിച്ചാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അതേസമയം പണം താൻ എടുത്തിട്ടില്ലെന്നും മറ്റെന്തോ ചതിയാണെന്നുമായിരുന്നു സിദ്ദീഖ് കൊല്ലപ്പെടുന്നതിനു മുൻപ് ക്വട്ടേഷൻ സംഘത്തോടു പറഞ്ഞത്.

നഷ്ടപ്പെട്ട അരക്കോടിയോളം രൂപ വില വരുന്ന അമേരിക്കൻ ഡോളർ തിരികെ ലഭ്യമാക്കുന്നതിന് 10 ലക്ഷം രൂപയാണു ക്വട്ടേഷൻ സംഘത്തിനു നൽകാമെന്നേറ്റത്. ഇതിൽ മുൻകൂറായി 5 ലക്ഷം രൂപ കൈമാറിയിരുന്നു. ഈ തുകയിൽ 4.5 ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു.സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും തട്ടിക്കൊണ്ടു പോയി ക്വട്ടേഷൻ സംഘം ക്രൂരമായി മർദിച്ചിരുന്നു.

നിലവിൽ 15 പേരെയാണു പൊലീസ് പ്രതി ചേർത്തത്. ഇതിൽ 2 പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കി പ്രതികളെ  തിരിച്ചറിഞ്ഞിട്ടുണ്ട്.2 പേർ വിദേശത്തേക്കു കടന്നുവെന്നു പറയുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചില്ല. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. 5 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS