ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിലെ ബഡ്സ് സ്കൂളുകളിലേക്ക് (മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ‍ സെന്റർ‍) സാമൂഹിക സുരക്ഷാ മിഷൻ നിയമിച്ച ജീവനക്കാർക്ക് 3 മാസമായി ശമ്പളമില്ല. വേതനം വൈകുന്നതിനാൽ ജീവനക്കാർ ജോലി നിർത്തുന്നുത് ബഡ്സ് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജില്ലയിലെ 6 ബഡ്സ് സ്കൂളുകളിലാണ് സാമൂഹിക സുരക്ഷ മിഷൻ ജീവനക്കാരെ നിയമിച്ചത്. പുല്ലൂർ-പെരിയ, കാറഡുക്ക, വെള്ളൂർ, കുബഡാജെ, മുളിയാർ, കയ്യൂർ‍ എന്നീ ബഡ്സ് സ്കൂളുകളിൽ സ്പെഷൽ എജ്യുക്കേറ്റർ, ആയമാർ, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപേഷൻ തെറപ്പിസ്റ്റ് എന്നിവരെയാണ് നിയമിച്ചത്.

എന്നാൽ വേതനം വൈകുന്നതോടെ ജീവനക്കാർ പാതിയിൽ പണി ഉപേക്ഷിച്ചു പോകുന്ന സ്ഥിതിയാണ്. മുളിയാർ ബഡ്സ് സ്കൂളിൽ നിയമിച്ച 6 പേരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ ജോലിക്കെത്തുന്നത്. കാറഡുക്ക ബ‍ഡ്സ് സ്കൂളിൽ നിന്നു ഒരു ജീവനക്കാരൻ കഴിഞ്ഞ ദിവസം ജോലി മതിയാക്കി. ദീർഘദൂരം യാത്ര ചെയ്തു വരുന്നവരാണ് ജീവനക്കാരിൽ പലരും. ബസ് യാത്രക്കൂലി അടക്കം വലിയൊരു ചെലവ് വേണ്ടി വരുന്നുവെന്ന് ഇവർ പറയുന്നു. 

ജീവനക്കാരുടെ കുറവ് എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളെ സാരമായി ബാധിക്കും. പലർക്കും ഫിസിയോതെറപ്പി അടക്കം പുറത്തു പോയി ചെയ്യേണ്ട സ്ഥിതി വരും. കോവിഡ് കാലത്തെ സാലറി കട്ട് മറ്റെല്ലാ ജീവനക്കാർക്കും തിരിച്ച് കിട്ടിയപ്പോൾ ഇവർക്ക് ഇതു വരെയായി ഇതുപോലും തിരിച്ചു കിട്ടിയില്ലെന്ന് പറയുന്നു. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് ഏറെ ആശ്വാസമാണ് ബഡ്സ് സ്കൂൾ. ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നാൽ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ചോർന്നൊലിക്കുന്ന ക്ലാസിൽ ഭിന്നശേഷിക്കാരുടെ പഠനം

രാജപുരം ∙ കള്ളാർ പഞ്ചായത്തിലെ പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിലെ ഭിന്നശേഷി കുട്ടികൾ ഇപ്പോഴും ചോർന്നൊലിക്കുന്ന മുറിയിൽ തന്നെ‍. കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഒരു മാസം മുൻപ് ചോർന്നൊലിക്കുന്ന സംഭവം വാർത്തയായതിനെ തുടർന്ന് കള്ളാർ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അറ്റകുറ്റപ്പണി പാതിയിൽ നിർത്തി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ‍ വീണ്ടും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. കുട്ടികളെ ക്ലാസ് മുറിയുടെ ഒരു ഭാഗത്ത് ഇരുത്തി പഠിപ്പിക്കുകയാണ് അധ്യാപികമാർ. മഴവെള്ളം കുട്ടികളുടെ ദേഹത്തേക്കു തെറിക്കാതിരിക്കാ‍ൻ തറയിൽ ചണ ചാക്ക് വിരിച്ചിട്ടുണ്ട്. രാവിലെ സ്കൂളിൽ എത്തിയാൽ കെട്ടിക്കിടക്കുന്ന മഴവെള്ളം കോരി കളയുകയാണ് ജീവനക്കാരുടെ ആദ്യ ജോലി. മഴ തുടർന്നാൽ സ്കൂൾ അടച്ചിടേണ്ട സ്ഥിതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com