ADVERTISEMENT

പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയുടെ ലൈബ്രറിയിൽ നിന്നു ഇനി പുസ്തകങ്ങൾ രേഖപ്പെടുത്താതെ കൊണ്ടുപോകാൻ ശ്രമിച്ചാൽ പിടി വീഴും. ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ഇനി പുസ്തകമെടുക്കുന്നതും തിരിച്ചേൽപ്പിക്കുന്നതും സ്വയം രേഖപ്പെടുത്തുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സംവിധാനം ലൈബ്രറിയിൽ നിലവിൽ വന്നു. രേഖപ്പെടുത്താതെ പുസ്തകം കൊണ്ടുപോകാൻ ശ്രമിച്ചാൽ ‘ബീപ്’ ശബ്ദം മുഴക്കി മുന്നറിയിപ്പ് തരും.

ലൈബ്രറിയിലെ അര ലക്ഷത്തിലേറെ പുസ്തകങ്ങളിൽ റേഡിയോ ഫ്രീക്വൻസി രേഖപ്പെടുത്തിയ ടാഗ് ഘടിപ്പിച്ചു. അംഗങ്ങൾക്ക് സ്മാർട് കാർഡും നൽകി. ആവശ്യമുള്ള പുസ്തകങ്ങളും കാർഡും ആർഎഫ്‌ഐഡി റീഡറിൽ വെച്ചാൽ പുസ്തകമെടുത്തതായി രേഖപ്പെടുത്തും. പുസ്തകം തിരിച്ചുകൊടുക്കുമ്പോഴും ഇതേ രീതി തന്നെ. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരിച്ചു നൽകുമ്പോഴും രസീത് ലഭിക്കുകയും ചെയ്യും. എത്ര പുസ്തകങ്ങൾ ഇതുവരെ എടുത്തുവെന്നതിന്റെ വിശദാംശങ്ങളും ലഭിക്കും.

ആവശ്യമുള്ള പുസ്തകങ്ങൾ എവിടെയാണുള്ളതെന്ന് വേഗത്തിൽ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. 24 മണിക്കൂറും പുസ്തകം തിരികെ കൊടുക്കുവാനും കഴിയും. ലൈബ്രറിയിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വൈസ് ചാൻസലർ പ്രഫ. എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡീൻ പ്രഫ.അമൃത് ജി.കുമാർ, ഡപ്യൂട്ടി ലൈബ്രേറിയൻ ഡോ. സെന്തിൽ കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com