കുമ്പള കൊലപാതകം: 3 പേർകൂടി അറസ്റ്റിൽ

അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ്,അബ്ദുൽ റസാഖ്, റിയാസ് ഹസ്സൻ.
SHARE

കാസർകോട്∙ സാമ്പത്തിക  ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ  മുഖ്യപ്രതികളായ 3 പേർ  അറസ്റ്റിലായി. മഞ്ചേശ്വരം ഉദ്യാവർ റസീന മൻസിലിലെ റിയാസ് ഹസ്സൻ (33)  ഉപ്പള ബിടി റോഡ്  ന്യൂറഹ്മത്ത് മൻസിലിൽ അബ്ദുൽ റസാഖ് (46) കുഞ്ചത്തൂർ നവാസ് മൻസിലിൽ അബൂബക്കർ സിദ്ദീഖ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ക്വട്ടേഷൻ നൽകിയ 4 പേരും  പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്. കഴിഞ്ഞ 26നാണ്  രാത്രിയാണ് പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ അബൂബക്കർ സിദ്ദീഖിനെ (31) കൊലപ്പെടുത്തിയതിനു ശേഷം  കാറിൽ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചതിനു ശേഷം പ്രതികൾ കടന്നു കളഞ്ഞത്.മഞ്ചേശ്വരം ഉദ്യാവർ ജെഎം റോഡിലെ അബ്ദുൽ അസീസ് (36) റൗഫ് റഹീം മൻസിലിലെ അബ്ദുൽ റഹീം (41) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു.

കൈമാറിയത് 30 ലക്ഷമെന്ന് 

ഗൾഫിലുള്ള ഒരാളെ ഏൽപിക്കാനായി അറസ്റ്റിലായ ട്രാവൽസ് ഉടമയായ അബ്ദുൽ റസാഖും റിയാസ് ഹസ്സനും ചേർന്നാണ് 15 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിനു കൈമാറിയെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാൽ ഇതിലേറെ പണം നൽകാനായി കൊടുത്തതായി പറയുന്നുവെങ്കിലും പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. സിദ്ദീഖിനെ കൊലപ്പെടുത്തുകയും  സഹോദരൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിക്കുകയും ചെയ്ത  ക്വട്ടേഷൻ സംഘത്തെ പിടികൂടാനുണ്ട്. ഇതിൽ 10ലേറെ ആളുകൾ ഉണ്ടാകാനാണ് സാധ്യത. ഇവർ സംസ്ഥാനം വിട്ടുവെന്ന കണക്കുക്കൂട്ടലിനെ തുടർന്നു  പ്രത്യേക അന്വേഷണ  സംഘം വിവിധ ഭാഗങ്ങളിലേക്കായി തിരിച്ചിട്ടുണ്ട്.

‘ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുക, അല്ലെങ്കിൽ നിങ്ങൾക്കും ഈ ഗതിയാകും’

പൈവളികെ കേന്ദ്രീകരിച്ചുള്ള  സംഘത്തിനു ക്വട്ടേഷൻ നൽകിയത് ട്രാവൽസ് ഉടമ അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലുള്ള 4 പേരാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഗൾഫിലെ ഒരാൾക്ക് നൽകാനായി ഏൽപിച്ച വൻതുക നൽകാതെ അബൂബക്കർ സിദ്ദീഖ്  വഞ്ചിച്ചു,  അവരിൽ നിന്നു പണം എങ്ങനെ എങ്കിലും തിരിച്ചു വാങ്ങണമെന്നും  അതിനു നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോളൂ എന്നാണ് ക്വട്ടേഷൻ  നൽകിയവർ കൊലയാളി സംഘത്തിനു നൽകിയ നിർദേശം. 

ഭീഷണിപ്പെടുത്തിയും മർദിച്ചും നഷ്ടമായ പണം തിരിച്ചെടുക്കുക എന്നതായിരുന്നു ക്വട്ടേഷൻ നൽകിയവരുടെ ലക്ഷ്യം. ഇതിന്റെ  ഭാഗമായിട്ടാണ് സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും തട്ടിക്കൊണ്ടു പോയത്. പിന്നീട് അൻവറാണ് ഫോൺ ചെയ്തു സിദ്ദിഖിനെ വിളിച്ചു വരുത്തിയത്. കഴിഞ്ഞ ‍ഞായാറാഴ്ച മൂവരെയും ക്രൂരമായി മർദിച്ചു. സിദ്ദീഖിനെ അതിഭീകരമായിട്ടാണ് സംഘാംഗങ്ങൾ മർദിച്ചത്. വൈകിട്ടോടെ ക്വട്ടേഷൻ സംഘത്തലവൻ റിയാസിനെ വിളിച്ചു ഉടൻ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു.

റിയാസ് മറ്റു മൂവരെയും കൂട്ടി പൈവളികെയിലേക്ക് സങ്കേതത്തിലേക്ക് എത്തുമ്പോഴേക്കും സിദ്ദീഖ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ബന്തിയോട്ടെ ആശുപത്രിയിലേക്ക് എത്തിക്കാൻ ക്വട്ടേഷൻ സംഘത്തലവൻ നിർദേശിച്ചു. ‘ഇവനെ കൊന്നോ’യെന്ന് ചോദിച്ചപ്പോൾ കൂടുതൽ പറയേണ്ട ‘ഉടൻ ആശുപത്രിയിലേക്ക് എത്തിക്കുക, അല്ലെങ്കിൽ ഈ ഗതി നിങ്ങൾക്കു ഉണ്ടാകു’മെന്ന് പറഞ്ഞ് ഗുണ്ടാത്തലവൻ ഭീഷണിപ്പെടുത്തി. ഇതോടെ സിദ്ദീഖിനെ കാറിൽ കയറ്റി ആശുപത്രിയിൽ ഉപേക്ഷിച്ച് ഭയം കാരണം രക്ഷപ്പെടുകയായിരുന്നുവെന്ന് അറസ്റ്റിലായവർ പൊലീസിനോടു വെളിപ്പെടുത്തിയതായാണു സൂചന.

കൊലയാളി സംഘത്തിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഡിവൈഎസ്പിമാരായ പി.ബാലകൃഷ്ണൻ നായർ, യു.പ്രേമൻ, സിഐമാരായ പി.പ്രമോദ്, സി.കെ.സന്തോഷ്കുമാർ, എസ്ഐമാരായ അൻസാർ, സുരേന്ദ്രനായക്, വി.കെ.അനീഷ്, രാമകൃഷ്ണൻ, കെ.അജിത, എഎസ്ഐ കെ.സഞ്ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ചന്ദ്രശേഖരൻ, എസ്.ഗോകുൽ, സുഭാഷ്  ചന്ദ്രൻ, രതീഷ്കുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, കെ.കെ.സജീഷ്, ശ്രീരാജ്  എന്നിവരും  സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS