മഴ കനത്തു; പുഴകൾ കരകവിഞ്ഞു, വെള്ളക്കെട്ടിൽ വലഞ്ഞ് ഗ്രാമങ്ങൾ

കനത്ത മഴയിൽ ജില്ലാ അതിർത്തിയിലെ തേജസ്വി പുഴയിലെ ചെറുപുഴ റഗുലേറ്റർ ബ്രിജിനു സമീപം ജലനിരപ്പുയർന്ന നിലയിൽ.
കനത്ത മഴയിൽ ജില്ലാ അതിർത്തിയിലെ തേജസ്വി പുഴയിലെ ചെറുപുഴ റഗുലേറ്റർ ബ്രിജിനു സമീപം ജലനിരപ്പുയർന്ന നിലയിൽ.
SHARE

ചിറ്റാരിക്കാൽ ∙ മലയോരത്ത് കനത്ത മഴ. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ പലയിടത്തും കരകവിഞ്ഞു. കൊന്നക്കാട് അശോകച്ചാൽ–ചെമ്മട്ടംചാൽ പാലത്തിൽ വെള്ളംകയറി. നേരത്തേ തന്ന അപകട ഭീഷണിയുയർന്ന ഈ പാലത്തിൽ കനത്ത മഴയിൽ വെള്ളം കയറിയതോടെ പ്രദേശവാസികളും ദുരിതത്തിലായി. തേജസ്വിനി പുഴയും പലയിടത്തും കരകവിഞ്ഞു. പുഴയിൽനിന്നും സമീപത്തെ കൃഷിയിടങ്ങളിലേയ്ക്കും വെള്ളം കയറി.

കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബത്തെ കാസർകോട് അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ചെങ്കള പഞ്ചായത്ത് വാർഡ് ഏഴിൽ നെല്ലിക്കട്ടയിൽ സൗജത്തിനേയും കുടുംബാംഗങ്ങളെയുമാണു രക്ഷിച്ചത്. പണ നികത്തി നിർമിച്ച വീട്ടിനു ചുറ്റും താഴ്ന്ന സ്ഥലമാണ്.
കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബത്തെ കാസർകോട് അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ചെങ്കള പഞ്ചായത്ത് വാർഡ് ഏഴിൽ നെല്ലിക്കട്ടയിൽ സൗജത്തിനേയും കുടുംബാംഗങ്ങളെയുമാണു രക്ഷിച്ചത്. പണ നികത്തി നിർമിച്ച വീട്ടിനു ചുറ്റും താഴ്ന്ന സ്ഥലമാണ്.

വെള്ളക്കെട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി

നെല്ലിക്കട്ട ∙ വീട്ടിനു പുറത്ത് വെള്ളകെട്ടായതോടെ പുറത്തിറങ്ങാൻ പറ്റാത്ത കുടുംബത്തെ കാസർകോട് നിന്നെത്തിയ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ചെങ്കള പഞ്ചായത്തിലെ ചെന്നെടുക്കയിലെ സൗജത്തിന്റെ കുടുംബത്തെയാണ് രക്ഷപ്പെടുത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസാധ്യത ബോധ്യപ്പെടുത്തിയതോടെയാണ് ഇവർ അകലെയുള്ള വീട്ടിലേക്ക് മാറാൻ തയാറായത്. പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയഹാഷിം, സ്ഥിരം സമിതി അധ്യക്ഷ അൻസിഫ അർഷാദ്, വാർഡ് അംഗം ചിത്രകുമാരി, ബദിയടുക്ക എസ്ഐ പി.കെ.വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി.

ചിത്താരി പുഴ ഗതിമാറി ഒഴുകിയതോടെ അപകട ഭീഷണിയിലായ അജാനൂർ അഴിമുഖത്തെ  മീനിറക്ക് കേന്ദ്രം.
ചിത്താരി പുഴ ഗതിമാറി ഒഴുകിയതോടെ അപകട ഭീഷണിയിലായ അജാനൂർ അഴിമുഖത്തെ മീനിറക്ക് കേന്ദ്രം.

മത്സ്യ തൊഴിലാളികൾക്ക് തിരിച്ചടി, മഴവെള്ളം ഗതിമാറി ഒഴുകുന്നു; മീനിറക്ക് കേന്ദ്രം അപകടാവസ്ഥയിൽ

കാഞ്ഞങ്ങാട് ∙ നഗരത്തിൽ നിന്നുള്ള മഴവെള്ളം ഗതിമാറി മീനാപ്പീസ് കടപ്പുറം വഴി കടലിലേക്ക് ഒഴുകി ചേരുന്നത് മത്സ്യ തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. നഗരത്തിലെയും, റെയിൽവേ സ്റ്റേഷൻ പരിസരം, ആവിക്കര, ഗാർഡർ വളപ്പ് എന്നീ പ്രദേശങ്ങളിലെയും മഴവെള്ളം ഒഴുകി ബത്തേരിക്കൽ തോട് വഴിയാണ് അറബിക്കടലിൽ എത്തുന്നത്.

ബത്തേരിക്കൽ തോടിന്റെ പടിഞ്ഞാറു ഭാഗത്തായി പണിത കോൺക്രീറ്റ് ഓവുചാൽ തകർന്നതോടെ ആണ് മഴവെള്ളം നൂറു മീറ്റർ തെക്കോട്ടു മാറി മീനാപ്പിസ് കടപ്പുറം വഴി കടലിലേക്കു പതിക്കുന്നത്. ഇത് മത്സ്യ തൊഴിലാളികൾക്ക് കടലിലേക്ക് തോണി ഇറക്കാനും മീൻ ലേലം വിളിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാക്കും. കഴിഞ്ഞ വർഷം സമാന സംഭവം ഉണ്ടായിരുന്നിട്ടും അധികൃതർ ഇടപെട്ടില്ലെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു.

ഒളമുഗറുവിൽ വെള്ളക്കെട്ട്:ഒറ്റപ്പെട്ട് കുടുംബങ്ങൾ

പള്ളം  ∙ മഴ ശക്തമാവുമ്പോൾ ഒളമുഗറുവിലെ വീട്ടുകാർക്ക് ആധിയാണ്. മഴ പെയ്യുമ്പോൾ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടായി ഒറ്റപ്പെടുന്നതാണ് ഇവർക്ക് ദുരിതമാവുന്നത്. ഒളമുഗർ പള്ളം റോഡിൽ ബട്ടത്തിളയിലാണ്  ഒരാൾപ്പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്. 10 വീട്ടുകാരാണ് ഇതോടെ ഒറ്റപ്പെടുന്നത്. വർഷങ്ങളായി മഴക്കാലത്ത് ദുരിതം പോറുകയാണ് പ്രദേശവാസികൾ.

പുത്തിഗെ പുഴയിൽ നിന്നുള്ള വെള്ളമാണ് കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയെത്തുന്നത്.താഴ്ചയുള്ള റോഡിലേക്കെത്തുന്ന വെള്ളം ഇറങ്ങിയതിനു ശേഷമാണ് ഇവർക്ക് പുറത്തുപോകാനാവുന്നത്. ബട്ടത്തിളയിലുള്ള കൈത്തോടിൽ നിന്നുള്ള വെള്ളവും വെള്ളം ഒഴുകി പോകുന്നു. ഇവിടെ നിന്നുള്ള ഈ പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്ത് പള്ളത്തെത്തിയാലാണ് വിവിധ ആവശ്യങ്ങൾക്ക് പോകാൻ സൗകര്യമുള്ളത്. എൻമകജെ പഞ്ചായത്തിലാണ് ഒളമുഗർ.

ഇവിടെ അധികം പേരും കർഷകരാണ്. അരിയപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രം, ഷേണി വില്ലേജ് ഓഫിസ്, എൻമകജെ പഞ്ചായത്ത് ഓഫിസ്, സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ ഒളമുഗറുവിൽ നിന്നു പള്ളത്തെത്തി ബസ് കയറണം. കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുമാവുന്നില്ല.എൻമകജെ പഞ്ചായത്തിലെ 13ാം വാർഡായ ഗുണാജെയിലാണ് ഒളമുഗർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS