പെരിയ ∙ രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടീമുകളിലൊന്നായ ചെന്നൈയിൻ എഫ്സിയുടെ ജൂനിയർ ടീമിലിടം നേടി പെരിയ സ്വദേശി. പെരിയ കായക്കുളത്തെ 17കാരനായ ടി.അമോഘ്ചിത്താണ് ഇനി ചെന്നൈയിൻ എഫ്സിയുടെ ജൂനിയർ ടീമിനായി സ്ട്രൈക്കർ റോളിലിറങ്ങുക. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ അമോഘ് കൊച്ചിയിൽ സ്പോർട്സ് കൗൺസിൽ സ്കൂളിൽ പ്ലസ് വണിനു ചേർന്നതിനു പിന്നാലെയാണ് ചെന്നൈ ക്യാംപിലേക്കു ക്ഷണമെത്തിയത്.
കായക്കുളം എസ്‍വി ബ്രദേഴ്സ് ക്ലബ്ബിലൂടെ ഫുട്ബോൾ കളിച്ചു തുടങ്ങിയ അമോഘ് ആറാം ക്ലാസ് വിദ്യാർഥിയായിരിക്കേ ഗോകുലം എഫ്‍സിയുടെ സബ് ജൂനിയർ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പുറം വളാഞ്ചേരിയിലായിരുന്നു പരിശീലനം. എട്ടാം ക്ലാസിൽ വീണ്ടും ദുർഗയിലെത്തി. ജില്ലാ സബ് ജൂനിയർ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട അമോഘ് ആ വർഷം കൊൽക്കത്തയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.
കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ കായികാധ്യാപകൻ വിജയകൃഷ്ണൻ, കാലിക്കടവിലെ ഫുട്ബോൾ പരിശീലകൻ ചിത്രരാജ് എന്നിവരാണ് അമോഘിന്റെ ഫുട്ബോൾ മികവു തിരിച്ചറിഞ്ഞത്. ചെന്നൈയിൻ ടീമുമായി രണ്ടു വർഷത്തേക്കാണ് അമോഘിന്റെ കരാർ. ഇതോടെ തുടർപഠനവും ചെന്നൈയിലാകും. കായക്കുളത്തെ കെ.സുമിത്രന്റെയും ഉദുമ നാലാംവാതുക്കൽ കുടുംബക്ഷേമ കേന്ദ്രത്തിൽ നഴ്സായ തെക്കേയടുക്കത്തെ ചിത്രയുടെയും മകനാണ് അമോഘ്ചിത്ത്.