ADVERTISEMENT

കാസർകോട് ∙ ഓൺലൈനിലൂടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 43.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയക്കാരൻ അന്തോണി ഒഗനെറോബോ എഫിദേറിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഹെർബൽ ഉൽപന്നം വിൽപനയ്ക്കു നൽകാമെന്നും വലിയ ലാഭമുള്ള കച്ചവടമാണെന്നും പറഞ്ഞ് വിദ്യാനഗർ ജേണലിസ്റ്റ് നഗറിലെ കെ.മാധവനിൽ നിന്നു 43.2 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ നെതർലൻഡ്സ്, യുകെ സ്വദേശികളായ 5 പേർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയിൽ നിന്നു ലാപ്ടോപ്, 4 മൊബൈൽ ഫോണുകൾ, വിവിധ ബാങ്കുകളുടെ 7 എടിഎം കാർഡുകൾ, 3 പാസ്പോർട്ടുകൾ, ഡോളറിന്റെ ഫൊട്ടോകോപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തതായി സിഐ പി.അജിത്ത്കുമാർ പറഞ്ഞു. കഴിഞ്ഞ ജൂൺ 9നും ജൂലൈ 18നും ഇടയിൽ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കു പല ദിവസങ്ങളിലായി പണം അയച്ചു നൽകിയെന്നും എന്നാൽ ലാഭമോ മുടക്കുമുതലോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നാണു പരാതി.

പ്രതികളെ പിടികൂടുന്നതിനായി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. എസ്ഐ പി.മധുസൂദനൻ, എഎസ്ഐ കെ.വി.ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജോഷ് വർഗീസ്, കെ.ഷാജു, കെ.ടി.അനിൽ എന്നിവർ ഉൾപ്പെട്ട സംഘം 3 ദിവസം ബെംഗളൂരുവിൽ ക്യാംപ് ചെയ്താണ് ബദ്രഹള്ളിയിൽ നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെതർലൻഡ്സ് സ്വദേശികളായ എലിൻ ജാൻസെൻ, മെൽവിൻ പെറി, പോൾ വെയിൽ, ഇംഗ്ലണ്ടിലെ കേംബ്രിജിലെ ഡോ. ജോർജ് എഡ്‍വാർഡ്, തമിഴ്നാട് വെല്ലൂരിലെ അനിൽ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com