കാസർകോട് ∙ ഇന്ധനം നിറച്ച വകയിൽ പെട്രോൾ പമ്പുകളിൽ പൊലീസിനുള്ള കടബാധ്യതയ്ക്കു അടുത്തയാഴ്ചയോടെ പരിഹാരമാകും. ജില്ലയിലെ 11 ഓളം ബങ്കുകളിൽ നിന്ന് ഇന്ധനം കടം വാങ്ങിയ വകയിൽ ആകെ 85 ലക്ഷം രൂപ കൊടുക്കാനുണ്ടെങ്കിലും ഇതു ഭാഗികമായെങ്കിലും പരിഹരിക്കാൻ 40 ലക്ഷം രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടെ ഈ തുക പെട്രോൾ പമ്പ് ഉടമകൾക്കു കിട്ടും. എന്നാൽ അടുത്ത ആഴ്ചയോടെ കുടിശിക പിന്നെയും കൂടും. എണ്ണ കിട്ടണമെങ്കിൽ ഇന്ധന കമ്പനികൾക്ക് മുൻകൂറായി പണം ലഭിക്കണമെന്ന വ്യവസ്ഥയാണ് റീട്ടെയിൽ ഡീലർമാരെ ദുരിതത്തിലാക്കുന്നത്.
ഇന്ധനം നിറച്ചതിന് അതത് മാസം പണം കിട്ടിയില്ലെങ്കിൽ റീട്ടെയിൽ ഡീലർക്ക് കമ്പനികളിൽ നിന്ന് ഇന്ധനം കിട്ടില്ല. ഇതു മറ്റ് ഇടപാടുകാരേയും ബാധിക്കും. അതിനാൽ കടം തവണകളായെങ്കിലും കൊടുത്തു തീർക്കാതെ ഇന്ധനം നൽകാനാവില്ലെന്ന നിലപാടിലാണ് പെട്രോൾ പമ്പ് ഉടമകൾ. സാമ്പത്തിക ഭദ്രത ഉള്ള റീട്ടെയിൽ ഡീലർമാർ മാസങ്ങൾ കുടിശിക ഉണ്ടെങ്കിലും തുടർന്നും ഇന്ധനം നൽകാൻ തയാറാകുന്നുണ്ട്.
ഇതിന്റെ ബലത്തിലാണ് ഒട്ടേറെ പൊലീസ് വാഹനങ്ങൾ ഓടുന്നത്. കുടിശിക തുക കിട്ടിയില്ലെങ്കിൽ ഇന്ധനം നൽകാനാവില്ലെന്ന് ഉടമകൾ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. ഇന്ധന ബില്ലുകൾ ഉടൻ സമർപ്പിക്കുന്നതിന് ജില്ലയിലെ മുഴുവൻ ഡിപ്പാർട്മെന്റ് വാഹനങ്ങളുടെയും എഴുതി പൂർത്തീകരിച്ച ജൂലൈ വരെയുള്ള വെഹിക്കിൾ ഡയറി പത്തിനകം കാസർകോട് മോട്ടർ ട്രാൻസ്പോർട്ട് ഓഫിസിൽ ലഭിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.