ADVERTISEMENT

ബദിയടുക്ക ∙ടൗണിലെ ഡിവൈഡറിലെ  വെളിച്ചമില്ലാത്ത തെരുവു വിളക്ക് തൂണുകളിൽ വാഹനമിടിച്ചുള്ള അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയുള്ള സമയത്ത് ഇതുവഴി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വെളിച്ചമില്ലാത്ത തെരുവുവിളക്കിന്റെ തൂണിൽ രാത്രി ഇരുട്ടിൽ തൂണിലിടിച്ചാണ് അപകടമുണ്ടാവുന്നത്. ടൗണിൽ മീത്തൽ ബസാർ മുതൽ പെട്രോൾ പമ്പ് വരെ ഡിവൈഡറുകളിൽ 10 വർഷം മുൻപാണ് 20 ഓളം വിളക്കുകൾ സ്ഥാപിച്ചത്.

പഞ്ചായത്ത് നേരിട്ട് കരാർ നൽകിയതും ഏജൻസികൾ വഴി സ്ഥാപിച്ചതുമായ വിളക്കുകൾ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാൽ വെളിച്ചമില്ലാതെ നോക്കുകുത്തിയായി. ടൗണിലെ പ്രധാന സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തിനടുത്ത് വാഹനമിടിച്ച് മറിഞ്ഞ തൂൺ മാറ്റുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല.പഞ്ചായത്തിനു മുൻപിലെ വിളക്കുകളും ഒടിഞ്ഞു തൂങ്ങുന്നു. കത്താത്ത വിളക്കുകൾ മാറ്റിയിട്ടില്ല.

കരാറു നൽകി സ്ഥാപിക്കുന്ന തൂണുകളിലെ വിളക്കുകളുടെ അറ്റകുറ്റപ്പണി നിശ്ചിത വർഷത്തേക്ക് ചെയ്യേണ്ടത് കരാറെടുത്ത ഏജൻസിയാണ്. തകരാറിലാവുന്ന സമയത്ത് പ്രവൃത്തി നടത്തുന്നതിനു വരാൻ വൈകിയാണെത്തുന്നതെന്നാണ് ആക്ഷേപം. ഗുണമേൻമയില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുന്നത് കൊണ്ടാണ് പെട്ടെന്ന് തകരാർ സംഭവിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.

അറ്റകുറ്റ പണിയുടെ ഗാരന്റി സമയം കഴിഞ്ഞ വിളക്കുകളുടെ പ്രവൃത്തി നടത്തുന്നതിനു നിലാവ് പദ്ധതി നടപ്പിലാക്കുന്നതിനാൽ പഞ്ചായത്തിനു പ്രത്യേക ഫണ്ട് അനുവദിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. തെരുവു വിളക്കുകൾക്കമാത്രമായി പ്രത്യേക ലൈൻ വലിക്കുന്ന സ്ഥലത്ത് നിലാവ് പദ്ധതി വഴി കെഎസ്ഇബിയാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.

ഇവിടെ ടൗണിൽ ലൈൻ വലിച്ചിട്ടുണ്ടെങ്കിലും വിളക്കുകൾ സ്ഥാപിക്കാൻ വൈകുന്നു. 500 വിളക്കുകൾ ലഭ്യമാവുന്ന നിലാവ് പദ്ധതിയിലാണ് പ‍ഞ്ചായത്ത് ചേർന്നിട്ടുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ 100 വിളക്കുകൾ ലഭിക്കേണ്ടത്. ഇതിൽ 68 ബൾബുകൾ മാത്രമാണ് ഇതുവരെ 19 വാർഡുകളിലേക്കായി ലഭിച്ചത്.1വാർഡിൽ തന്നെ 25ഓളം ബൾബുകൾ മാറ്റാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com