ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ല രൂപം കൊണ്ട ശേഷം ജില്ലയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡിട്ടത് 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് ആണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ  മൂന്നു മാസങ്ങളിലായി ജില്ലയിൽ എത്തിയത് 75,175 പേരാണ്. ഇത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് ആണ്. 2022ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ജില്ല വലിയ നേട്ടമുണ്ടാക്കും എന്നതിന്റെ സൂചന ആണിതെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ ചരിത്ര പാരമ്പര്യമുള്ള മണ്ണാണ് കാഞ്ഞങ്ങാടിന്റേത്. ദേശീയ പ്രസ്ഥാനത്തിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും ഒട്ടേറെ പോരാട്ടങ്ങളുടെ കഥയും ഈ നാടിന് പറയാനുണ്ട്. മഹാകവി പി അടക്കമുള്ള സാഹിത്യ പ്രതിഭകൾക്ക് ജന്മം നൽകാനും കാഞ്ഞങ്ങാടിന് കഴിഞ്ഞു. കലാരൂപങ്ങളെ സാംസ്കാരിക പോരാട്ടങ്ങളുടെ ഭാഗമായി കാണുന്ന ജനതയാണ് കാഞ്ഞങ്ങാടുള്ളത്. അത് പുതിയ തലമുറയിലേക്ക് പകർന്നു നൽകുകയാണ് ഹൊസ്ദുർഗ് ഹെറിറ്റേജ് സ്ക്വയറിലൂടെ ലക്ഷ്യമിടുന്നത്. ബിആർഡിസി ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഡിടിപിസിയും ജില്ലയിലെ ടൂറിസം മേഖലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വരികയാണ്. 

ജില്ലയിലെ ടൂറിസം സാധ്യതകളെ മാർക്കറ്റ് ചെയ്തു മുന്നോട്ട് പോകാൻ നല്ലനിലയിൽ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷൻ ബിൽ ടെക് അബ്ദുല്ല, കൗൺസിലർ വന്ദന ബൽരാജ്, ബിആർഡിസി എംഡി പി.ഷിജിൻ, സി.കെ.ബാബുരാജ്, ഉമ്മർ പാടലെടുക്ക, കെ.സി.പീറ്റർ, സി.എസ്.തോമസ് ചിറമത്ത്, എം.ഹമീദ് ഹാജി, പി.ടി.നന്ദകുമാർ, എം.പ്രശാന്ത്, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. 

52 ലക്ഷം ചെലവിട്ട് ഹെറിറ്റേജ് സ്ക്വയർ 

കാസർകോട് വികസന പാക്കേജിൽ പെടുത്തി 52 ലക്ഷം രൂപ ചെലവിട്ടാണ് പുതിയോട്ട ടൗൺഹാളിന് മുൻപിൽ ഹെറിറ്റേജ് ടൗൺ സ്ക്വയർ ഒരുക്കിയിട്ടുള്ളത്. സാംസ്കാരിക, പൊതു പരിപാടികൾ നടത്താൻ കാഞ്ഞങ്ങാട് ഇടമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഇടപെട്ട് ഹെറിറ്റേജ് സ്ക്വയർ പദ്ധതി നടപ്പിലാക്കിയത്. ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com