ADVERTISEMENT

പെരിയ ∙ നാടൻ വിത്തിനങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി ഇരുചക്രവാഹനത്തിൽ രാജ്യം ചുറ്റുന്ന ‘വിത്തു മനുഷ്യൻ’ ജില്ലയിലെത്തി. തമിഴ്നാട് ട്രിച്ചി സ്വദേശിയായ സാലൈ അരുൺകുമാറാണ്  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പര്യടനത്തിനു ശേഷം കാസർകോട്ടെത്തിയത്. സംസ്ഥാനത്തെ മികച്ച കർഷകരെ കണ്ട് അവരോടൊപ്പം താമസിച്ച് കൃഷി രീതികൾ മനസ്സിലാക്കിയും അവർക്കാവശ്യമുള്ള അപൂർവയിനം വിത്തുകൾ കൈമാറിയുമാണ് 28 കാരനായ അരുണിന്റെ യാത്ര. 500 ലേറെ വിത്തുകളുടെ ശേഖരം അരുൺകുമാറിന്റെ കൈവശമുണ്ട്. 

കർഷകർക്ക് വിത്തുകൾ കൈമാറുന്നതിനൊപ്പം അവരുടെ പക്കലുള്ള തനതു വിത്തുകൾ സ്വീകരിക്കുകയും ചെയ്യും. ഇവ ആവശ്യമുള്ള മറ്റു സ്ഥലങ്ങളിലെ കർഷകർക്കു കൈമാറും.നാഗർകോവിലിൽ നിന്നാണ് അരുൺകുമാർ തന്റെ രാജ്യപര്യടനം തുടങ്ങിയത്. പെരിയ ആയമ്പാറയിലെ ജൈവ കർഷകൻ നാരായണൻ കണ്ണാലയത്തിന്റെ അതിഥിയായി കഴിഞ്ഞ അരുൺകുമാർ കുണിയ ഗവ. ഹൈസ്കൂളിലെ കുട്ടികളുമായും പുല്ലൂർ പെരിയ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണപരിപാടിയിൽ കർഷകരുമായും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഇന്ന് രാവിലെ പെരിയയിൽ നിന്ന് അരുൺകുമാർ കർണാടകയിലേക്ക് യാത്രതിരിക്കും. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചശേഷമായിരിക്കും തന്റെ നാട്ടിലേക്കുള്ള മടക്കമെന്ന് അരുൺകുമാർ പറഞ്ഞു. 

ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായ തനിക്ക് മികച്ച കർഷകനാകുക എന്നതായിരുന്ന ആഗ്രഹമെന്നും വരുമാനമുണ്ടാക്കുകയല്ല, അതിനുള്ള ആരോഗ്യമുണ്ടാക്കുകയാണ് ആദ്യം വേണ്ടതെന്നും വിഷരഹിത ഭക്ഷണമുണ്ടാക്കുകയാണ് അതിനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് തന്റെ ഈ യാത്രയെന്നും അരുൺകുമാർ പറഞ്ഞു. പെരിയയിൽ നടന്ന ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ അരുൺകുമാറിനെ ആദരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com