ADVERTISEMENT

തൃക്കരിപ്പൂർ ∙ രാത്രികാല പരിശോധന നടത്തുന്നതിനിടെ പൊലീസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പടന്ന കാവുന്തല പുതിയപുരയിലെ എം.കെ.സവാദ്(25), ചെറുവത്തൂർ മടക്കര പൊള്ളയിൽ ഹൗസിലെ മുഹമ്മദ് കുഞ്ഞി(25) എന്നിവരെയാണു കഴിഞ്ഞ ദിവസം രാത്രി ചന്തേര എസ്ഐ എം.വി.ശ്രീദാസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി തൃക്കരിപ്പൂരിലെ മെട്ടമ്മലിൽ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട കാർ പൊലീസ് പരിശോധിക്കാൻ തുടങ്ങിയപ്പോഴാണു പൊടുന്നനെ ആക്രമണമുണ്ടായത്.

കാർ മുന്നോട്ടെടുക്കുകയും ഇരു ഡോറുകളും തള്ളിത്തുറന്ന് പൊലീസിനെ തള്ളിയിടുകയായിരുന്നു. അക്രമത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഓരിയിലെ പി.പി.സുധീഷിനു കൈക്കും ഇടുപ്പിനും പരുക്കേൽക്കുകയുണ്ടായി. ആശുപത്രിയിലായ സുധീഷിനു തുന്നിക്കെട്ടുണ്ട്. വാഹന പരിശോധനയ്ക്കു നേതൃത്വം നൽകിയ എസ്ഐ എം.വി.ശ്രീദാസിനു നേരെയും അക്രമശ്രമമുണ്ടായി.

അക്രമം നടത്തിയ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനം കുറുകെയിട്ടു കാറിനകത്തുണ്ടായിരുന്ന സവാദിനെയും മുഹമ്മദ് കുഞ്ഞിയെയും പിടികൂടി. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. സിപിഒ ഗിരീഷ്, ഡ്രൈവർ ഹരീഷ് എന്നിവരും പൊലീസ് സംഘത്തിലു ണ്ടായിരുന്നു. അറസ്റ്റിലായ സവാദ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനാൽ സ്വത്തു കണ്ടുകെട്ടൽ ഉൾപ്പെടെ നേരിടുന്നയാളുമാണ്.

ഇരുവരെയും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ലഹരി മരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിൽ പൊലീസ് പരിശോധനയും ശക്തമാണ്. പൊലീസിനു പിടി കൊടുക്കാതിരിക്കാൻ ഉൗടുവഴികളിലൂടെ ലഹരി കടത്തൽ വർധിച്ചതോടെ പൊലീസ് സംഘവും ഉൗടു വഴികളിൽ പരിശോധനയുമായി രംഗത്തുണ്ട്. അത്തരത്തിൽ പരിശോധന തുടരുന്നതിനിടയിലാണ് അക്രമ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com