ADVERTISEMENT

കാസർകോട് ∙ പട്ടികജാതി വിഭാഗക്കാർ ഏറെയുള്ള ജില്ലയിൽ ഈ ഓഫിസുകളിലും വകുപ്പിന്റെ മേൽനോട്ടത്തിലുള്ള വിദ്യാലയത്തിലും സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ വിവിധ ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതു വൈകുന്നതിനു പുറമേ  വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി പരാതി. ഈ വിഭാഗത്തിലുള്ളവർക്ക് ഏറെ വ്യക്തിഗത ആനൂകൂല്യങ്ങൾ നൽകുന്ന ജില്ല കൂടിയാണിത്.

വിദ്യാനഗറിലെ സിവിൽ സ്റ്റേഷനിലാണു ജില്ലാ പട്ടിക ജാതി വികസന ഓഫിസുള്ളത്. ഇവിടെ ജില്ലാ പട്ടികജാതി വികസന അസിസ്റ്റന്റ് ഓഫിസറില്ല. ഏറെക്കാലമായി ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഹെഡ് ക്ലാർക്കുമില്ല. രണ്ടു പ്രധാന തസ്തികയിൽ ഓഫിസർമാരില്ലാത്തതിനാൽ കോളനി വികസനം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. റിസർച് അസിസ്റ്റന്റ് തസ്തികയിൽ ജീവനക്കാരുണ്ട്. എന്നാൽ ഏറെയും അവധിയിലാണത്രെ. ഇതിനുപുറമേ 5 ക്ലാർക്കുമാർ വേണ്ടിടത്ത് 3 പേരാണ് ജില്ലാ ഓഫിസിലുള്ളത്.

വർഷം തോറും കേന്ദ്ര–സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു ജീവനക്കാരുടെ കുറവുകൾ  തടസ്സമാകുന്നതായി പറയുന്നു.ഈ വകുപ്പിന്റെ കീഴിൽ 8 പ്രീ–മെട്രിക് ഹോസ്റ്റലുകളുണ്ട്. ഇതിൽ രണ്ടെണ്ണം പെൺകുട്ടികളുടേതാണ്. ഇതിൽ മൂന്നിടത്ത് മാത്രമാണു സ്ഥിരം വാർഡൻമാരുള്ളത്. ചെമ്മട്ടംവയൽ, അണങ്കൂർ (രണ്ടും പെൺകുട്ടികൾ)  ദേലംപാടി, ബദിയടുക്ക, രാജപുരം എന്നിവിടങ്ങളിൽ താൽക്കാലിക വാർഡൻമാരാണുള്ളത്. ഒരിടത്തു മാത്രം സ്ഥിരം കുക്കില്ല.

വെള്ളച്ചാൽ എംആർഎസിലെ സ്ഥിതിയും ദയനീയം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ചെറുവത്തൂർ വെള്ളച്ചാലിലെ ആൺകുട്ടികളുടെ എംആർഎസിൽ (മോഡൽ റസിഡൻഷ്യൽ സ്കൂൾ) 5 അധ്യാപക തസ്തികയിലും സ്ഥിരം ജീവനക്കാരില്ല. ഹിന്ദി, മലയാളം, നാച്വറൽ സയൻസ്, സംഗീതം, കായികം എന്നീ തസ്തികകളിൽ സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കരാർ അടിസ്ഥാനത്തിലാണു നിയമിച്ചിട്ടുള്ളത്. സ്ഥിരം വാർഡനില്ല. താമസിച്ച് പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും എല്ലാം കാര്യങ്ങളും നോക്കേണ്ട എംസിആർടിയും (മേട്രൺ കം റസിഡന്റ് ട്യൂട്ടർ) ക്ലാർക്കും ഇവിടെയില്ല.

ക്ലാസ് മുറികളായിട്ടും പ്ലസ് ടു തുടങ്ങിയില്ല

‘ആനയെ വാങ്ങി പക്ഷേ തോട്ടി വാങ്ങിയില്ല’  എന്ന പഴഞ്ചൊല്ലാണു  വെള്ളച്ചാലിൽ എംആർഎസിലെ പ്ലസ്ടു കോഴ്സിനെക്കുറിച്ച് പറയാനുള്ളത്. ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറിയായി ഉയർത്തുമെന്ന പ്രതീക്ഷയിൽ പ്ലസ്ടു കോഴ്സ് തുടങ്ങുന്നതിനായി ക്ലാസ് മുറികളും ഹോസ്റ്റൽ കെട്ടിടവും നിർമിച്ചിട്ട് ഏറെയായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണു ഹോസ്റ്റൽ കെട്ടിടം ഒരു വർഷം മുൻപ്  ഉദ്ഘാടനം നടത്തിയത്. എന്നാൽ ഇതുവരെ പ്ലസ്ടു കോഴ്സ് അനുവദിച്ചില്ല. 

ഹയർ സെക്കൻഡറിയായി ഉയർത്തുന്നതിനായി ബന്ധപ്പെട്ടവർ ഒട്ടേറെ തവണ നിവേദനങ്ങളും മറ്റും നൽകിയിട്ടും ഇതുവരെ തുടർനടപടിയുണ്ടായില്ല. പ്ലസ്ടു ഹോസ്റ്റൽ കെട്ടിടത്തിൽ ചുറ്റുമതിൽ നിർമിച്ചില്ല. കളി സ്ഥലത്തിന്റെ നിർമാണവും തുടങ്ങിയെങ്കിലും പാതി വഴിയിലാണ്. അതിനാൽ  5 മുതൽ 10 വരെ ക്ലാസുകളിലെ  ഇരുനൂറിലേറെ കുട്ടികളുടെ കായിക പരിശീലനം മുടങ്ങുകയാണ്.  ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ എടുക്കാൻ ജനപ്രതിനിധികൾ  മുന്നിട്ടിറങ്ങണമെന്നാണു രക്ഷിതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com