ADVERTISEMENT

‌രാജപുരം ∙ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ അപകടം പതിവാകുന്നു. മെക്കാഡം ടാറിങ് പൂർത്തിയായ റോഡിൽ സൂചന ബോർഡ് സ്ഥാപിക്കാത്തത് അപകടത്തിനു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം റാണിപുരം ഡിടിപിസി റിസോർട്ടിനു സമീപത്തെ കൊടുംവളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദേലംപാടി സ്വദേശിയായ യുവാവ് മരിച്ചിരുന്നു. 

പനത്തടിയിൽ നിന്നും റാണിപുരം വരെയുള്ള റോഡ് മെക്കാഡം ടാറിങ് പൂർത്തിയാക്കിയെങ്കിലും ചില സ്ഥലങ്ങളിൽ നിർമാണം പാതിയിലാണ്. റോഡിൽ വൈറ്റ് മാർക്ക് ചെയ്തിട്ടില്ല. 2 കിലോമീറ്ററോളം വനത്തിനകത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളുമുള്ള റോഡിൽ നവീകരണത്തിന്റെ ഭാഗമായി എവിടെയും സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതു കൊണ്ട് തന്നെ രാത്രിയും പകലുമായി എത്തുന്ന വിനോദ സ‍ഞ്ചാരികൾക്ക് റോഡിന്റെ ഘടന മനസ്സിലാക്കാനും സാധിക്കുന്നില്ല. റാണിപുരം റിസോർട്ടിനു സമീപമുള്ള കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചത്.

ഏഴോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. വേഗം നിയന്ത്രണ ബോർഡ്, വളവ് സൂചിപ്പിക്കുന്ന ബോർഡ് എന്നിവ സ്ഥാപിച്ചിട്ടില്ല. പാണത്തൂരിൽ നിന്നും കുണ്ടുപ്പള്ളി വഴി വരുന്ന റോഡ് ചേരുന്ന സെന്റ് മേരീസ് പള്ളിക്ക് സമീപവും അപകടകരമായ രീതിയിലാണ്. വനത്തിനകത്തെ റോഡിൽ ഒരു ഭാഗം അഗാധ ഗർത്തമാണ്. ഇവിടെ സുരക്ഷാ വേലി ഇല്ല. റിബൺ ഉപയോഗിച്ച് കെട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. റെയിൽ ഗാർഡുകൾ വേണ്ട സ്ഥലത്ത് അവ സ്ഥാപിച്ചിട്ടില്ല. പെരുതടി അങ്കണവാടിക്കു സമീപത്തെ കൊടും വളവിൽ 2 ബസുകളാണ് അപകടത്തിൽപെട്ടത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് റാണിപുരത്ത് എത്തുന്നത്. വേഗം അൽപം കൂടിയാൽ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന വളവുകളാണുള്ളത്.

പാതയോരത്ത് ഓവുചാലില്ല

കോടികൾ മുടക്കി നവീകരണം നടത്തിയ പനത്തടി റാണിപുരം റോഡിൽ കൃത്യമായ ഓവുചാലില്ല. കൾവർട്ട് നിർമിച്ച സ്ഥലങ്ങളിൽ മാത്രമാണ് ഓവുചാൽ നിർമിച്ചിട്ടുള്ളത്. മറ്റു സ്ഥലങ്ങളിൽ ഓവുചാൽ നിർമിച്ചിട്ടില്ല. മഴക്കാലത്ത് റോഡിൽ കൂടി കല്ലും മണ്ണും ഒഴുകുന്ന സ്ഥിതിയാണ്. കനത്ത മഴയിൽ കുന്നിൽ മുകളിൽ നിന്നും കുത്തിയൊലിച്ച് വരുന്ന വെള്ളമാണ് ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലൂടെ ഒഴുകുന്നത്. ടാറിങ്ങിന്റെ ഇരു ഭാഗങ്ങളിലും കോൺക്രീറ്റ് ജോലികളും ബാക്കിയാണ്. കൾവർട്ട് ആവശ്യമായ സ്ഥലങ്ങളിൽ നിർമിച്ചില്ലെന്നും ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുൻപ് തുടങ്ങിയ റോഡ് നവീകരണ പ്രവൃത്തികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com