ADVERTISEMENT

ബേക്കൽ ∙ 83 വയസ്സുള്ള ദേവേട്ടനും പരവനടുക്കം സർക്കാർ വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും മനസിൽ സൂക്ഷിക്കും ഇന്നലത്തെ ഒരു ദിനം. ജീവിതത്തിൽ എന്നോ നഷ്ടമായെന്നു കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങൾ ലോക ടൂറിസം ദിനത്തിൽ അവർ പള്ളിക്കര ബീച്ചിൽ വീണ്ടെടുത്തു. കോവിഡ് കാലത്ത് 3 വർഷത്തോളം പുറംലോകവുമായി അധികം ബന്ധമില്ലാതെ കഴിഞ്ഞ വൃദ്ധസദനം അന്തേവാസികൾക്ക് ഉല്ലാസം നൽകുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് ആസൂത്രണം ചെയ്ത വിനോദയാത്രയിലാണ് 20 താമസക്കാരും പങ്കാളികളായത്.

പള്ളിക്കര റെഡ് മൂൺ ബീച്ചിൽ ഒരു ദിവസം മുഴുവൻ ഇവർ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളും ഇവർക്കൊപ്പം ചേർന്നപ്പോൾ ഓരോ നിമിഷവും ഓർമയിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അനുഭവങ്ങളാണ് ആ ജീവിതങ്ങൾക്കു സമ്മാനിച്ചത്. വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷയിൽ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബീച്ചിൽ ഒരുക്കിയിരുന്നു.

സർക്കാരിതര ഏജൻസി ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ ‘ലൈറ്റ് ഓഫ് ഹാപ്പിനസ്’ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം, ചന്ദ്രഗിരി ലയൺസ് ക്ലബ്, റെഡ് മൂൺ ബീച്ച് എന്നിവയുടെ സഹകരണത്തോടു കൂടിയാണു പരിപാടി നടത്തിയത്. വൃദ്ധ മന്ദിരത്തിലെ താമസക്കാരുടെ ജീവിതത്തിന് ഊർജവും കരുത്തും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയതെന്നു ജില്ലാ സാമൂഹിക ഓഫിസർ ഷീബ മുംതാസ് പറഞ്ഞു.

ജില്ലാ പ്രൊബേഷൻ ഓഫിസർ പി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എ.ബദറുൽ മുനീർ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം അസി.പ്രഫസർ ഡോ.ലക്ഷ്മി, എം.എം.നൗഷാദ്, എ.ഷാഫി നെല്ലിക്കുന്ന്, അക്കര ഫൗണ്ടേഷൻ പ്രോഗ്രാം കോ ഓർഡിനേറ്റർ സാജൻ ആന്റണി, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ പ്രതിനിധി മോഹൻദാസ് വയലാംകുഴി, ഡോ.എം.കാർത്തിക, എ.വിപിൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com