ADVERTISEMENT

പൊയിനാച്ചി ∙ ശരീരത്തിന്റെ തളർച്ച മനസ്സിനെ തോൽപിച്ചില്ല, രാഗേഷ് ഒരുങ്ങുന്നതു സ്വന്തമായി കാർ ഡ്രൈവ് ചെയ്തുള്ള ലഡാക്ക് യാത്രയ്ക്ക്. 13 വർഷമായി നട്ടെല്ലിനു ട്യൂമർ ബാധിച്ച് അരയ്ക്കു താഴേക്കു ചലന ശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ കഴിയുന്ന പള്ളിക്കര പഞ്ചായത്തിലെ മൈലാട്ടി കൂട്ടപ്പുന്ന സ്വദേശി രാഗേഷ്(37) ആണ് ഒരു മാസം കൊണ്ട് സ്വന്തമായി ഡ്രൈവ് ചെയ്ത് ലഡാക്കിലേക്കു പോകുന്നത്. ഒക്ടോബർ 5ന് പൊയിനാച്ചിയിൽ നിന്നു യാത്ര ആരംഭിക്കാനാണ് തീരുമാനം.

പറ്റുമെങ്കിൽ സ്പോൺസറെ കൂടി കിട്ടണമെന്നാണ് ആഗ്രഹം. പൊയിനാച്ചിയിൽ നിന്ന് ലഡാക്കിലേക്ക് 3215 കിലോമീറ്റർ ദൂരമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ന്യൂഡൽഹി, ഉത്തർപ്രദേശ് വഴി ലഡാക്കിലെത്തി തിരിച്ച് മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് വഴി കേരളത്തിലേക്കാണ് രാഗേഷിന്റെ യാത്രയുടെ റൂട്ട് മാപ്പ്. അങ്ങോട്ടും ഇങ്ങോട്ടുമായി മൊത്തം 11000 കിലോമീറ്റർ, ഒരു മാസം നീളുന്ന യാത്ര. ഇളയ സഹോദരൻ മനീഷ്, വല്യമ്മയുടെ മകൻ രഞ്ജി എന്നിവർ സഹായികളായി കൂടെ പോകും.

ജീവിതം വീൽചെയറിലേക്ക്

13 വർഷം മുൻപ് ഗൾഫിൽ ഹെയർ കട്ടിങ് ഷോപ്പിലെ ജീവനക്കാരനായിരുന്നു രാഗേഷ്. പുറം വേദനയും നെഞ്ചിന് താഴെയൊക്കെ വേദന വരുന്നത് ഗ്യാസിന്റെ പ്രശ്നമാണെന്ന് ആദ്യം കരുതി. പക്ഷേ ഒരു ദിവസം രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാതായി. അതോടെ നാട്ടിലേക്കു മടങ്ങി. മംഗളൂരുവിലെ ആശുപത്രിയിലെത്തി 10ാം ദിവസമാണു നട്ടെല്ലിനാണു പ്രശ്നമെന്നു മനസ്സിലായത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു സർജറി. 2 കാലിന്റെ ചലനശേഷിയും ഇതിനിടെ നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലും റീജനൽ കാൻസർ സെന്ററിലും ആയിരുന്നു ചികിത്സ. ട്യൂമർ മാറിയെങ്കിലും സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ചതിനാൽ പിന്നീടുള്ള ജീവിതം വീൽചെയറിൽ തന്നെയായി.

ആദ്യ യാത്രകൾ‌ സ്കൂട്ടറിൽ

പാലിയേറ്റിവ് പ്രവർത്തകരുടെ പരിചരണവും പ്രവർത്തനവും വഴിയാണു വീടിനു പുറത്തിറങ്ങാൻ തുടങ്ങിയത്. പുസ്തക വായനയും ചിത്രം വരയുമായിരുന്നു നേരം പോകാൻ കണ്ടെത്തിയ മാർഗങ്ങൾ. പിന്നീട് പേപ്പർ പൾപും പാഴ്‌വസ്തുകളും ഉപയോഗിച്ച് തെയ്യക്കോലങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഈർക്കിൽ കൊണ്ട് കപ്പലും ചിരട്ട കൊണ്ട് പല തരത്തിലുള്ള ശിൽപങ്ങളും ഉണ്ടാക്കി. കളിമണ്ണും സിമന്റ് കൊണ്ടും ശിൽപങ്ങൾ നിർമിച്ചു.

വാഹനം സ്വന്തമാക്കി

ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ കാറുകൾ മോഡിഫൈ ചെയ്യുന്ന മലപ്പുറം സ്വദേശി മുസ്തഫയെ സമൂഹ മാധ്യ മത്തിലൂടെ പരിചയപ്പെട്ടു. സ്കൂട്ടി വാങ്ങി മോഡിഫൈ ചെയ്തതോടെ 4 ചുവരുകൾക്ക കത്തുള്ള ജീവിതത്തിൽ നിന്നു പുറത്തിറങ്ങാ നായി. സ്വന്തമായി ഒരു വരുമാനം കണ്ടെത്തണം എന്ന ഒരു തോന്നലിൽ ലോട്ടറി കച്ചവടം തുടങ്ങി. കൈകൊണ്ട് നിയന്ത്രിക്കാൻ പറ്റുന്ന ഒരു കാർ വാങ്ങാൻ തീരുമാനിച്ചു.

ചെറിയ തുക കൂട്ടിവച്ചും ബാക്കി വായ്പയെടുത്തും ഒരു നാനോ കാർ സ്വന്തമാക്കി മോഡിഫൈ ചെയ്തെടുത്തു. സുഹൃത്ത് ഡ്രൈവിങ് പരിശീലിപ്പിച്ചു. ലൈസൻസ് എടുത്തു. യാത്ര ചെയ്യാനുള്ള മോഹങ്ങൾക്കു ചിറകു വച്ചു. സുഹൃത്തുക്കളു മൊന്നിച്ച് ചെറിയ ചെറിയ യാത്രകൾ നടത്തി. ലോട്ടറി വിൽപനയാണ് ഏക വരുമാന മാർഗം. രാഗേഷിന്റെ ഫോൺ: 9495003315.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com