ADVERTISEMENT

കാസർകോട് ∙ ബേക്കൽ കോട്ടയിലെ തകർന്ന കൊത്തളം പുനർ‌നിർമിക്കുന്നത് ‘ഇരുമ്പിന്റെ ഉറപ്പിനെ വെല്ലുന്ന’ പൈതൃക കൂട്ട് കൊണ്ട്. തമിഴ്നാട് തൃശിനാപ്പള്ളിയിൽ നിന്നുള്ള വിദഗ്ധ സംഘം കാസർകോടെത്തി കോട്ടയുടെ തകർന്ന കൊത്തളം പുനർനിർമിക്കുന്ന പണി തുടങ്ങി. കോട്ടയുടെ ഒരു ഭാഗത്തുള്ള കൊത്തളം തകർന്നിട്ട് 5 വർഷം പിന്നിട്ടു.

കല്ലു കെട്ടിയ ശേഷം മണ്ണ് കുഴച്ചു ചേർത്ത് ഉറപ്പിച്ച ഈ കൊത്തളത്തിന്  400 വർഷം പഴക്കമുണ്ട്. തകർന്ന കൊത്തളം സംരക്ഷിക്കാത്തതിനെതിരെ പരാതി ഉയർന്നിരുന്നു. ഏറെ മുറവിളികൾക്കു ശേഷം ഒരു മാസം മുൻപാണ് ഇതിന്റെ പുനർനിർമാണ ജോലികൾക്കു തുടക്കം കുറിച്ചത്. 

24000 ചെങ്കല്ല്, ചെലവ് 30 ലക്ഷം രൂപ

12 മീറ്റർ ഉയരത്തിൽ 9 മീറ്റർ വരെ ചുറ്റും പുത്തൻ ചെങ്കല്ല് കെട്ടി ഉറപ്പിച്ചാണു പുനർനിർമിതി. 30 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പൈതൃക നിർമിതിയിൽ പ്രാവീണ്യമുള്ള തമിഴ്നാട് ഏജൻസിക്കാണു കരാർ നൽകിയിട്ടുള്ളത്. 24000ലേറെ ചെങ്കല്ല് വേണ്ടി വരും കൊത്തളം കെട്ടാൻ. സിമന്റ് ഉപയോഗം ഇല്ല. കല്ലുകൾ ലോക്ക് ചെയ്ത് ഉറപ്പിക്കുന്നതിനു ചുണ്ണാമ്പ്, വെല്ലം, കടുക്ക, കള്ളിമുള്ള്, ഏലമാവ്, എം സാൻഡ് തുടങ്ങിയവയാണ് പ്രധാന ചേരുവ. സുർക്കി പരമ്പരാഗത വിദ്യയിലാണു കുമ്മായം കൂട്ട് തയാറാക്കുന്നത്. 

നിർമാണ രീതി

gum-making
ബേക്കൽ കോട്ടയുടെ തകർന്ന കൊത്തളം പുനർനിർമിക്കാനായി പശക്കൂട്ട് തയാറാക്കുന്ന ദൃശ്യം.

കുമ്മായം 18 ദിവസം വെള്ളത്തിലിട്ടു വയ്ക്കും. 4 ക്വിന്റൽ വെല്ലം, 3 ക്വിന്റൽ കടുക്ക എന്നിവ വേണ്ടി വരും. കടുക്ക തിളപ്പിച്ച വെള്ളം ഇതിനു ചേരുവ ആകും. കള്ളിമുള്ള് ചതച്ച് ഇളം ചൂടുവെള്ളത്തിൽ ഇട്ടു സത്തയാക്കും. വെല്ലം, കുമ്മായം എന്നിവ ഗ്രൈൻഡറിൽ അരയ്ക്കും. കുമിള വരാത്ത വിധത്തിലായിരിക്കും കുമ്മായം തയാറാക്കൽ. കെട്ടുന്ന കല്ലിനിടയിൽ ഒരു തുള്ളി വെള്ളം പോലും കടക്കാത്ത വിധമുള്ള പശ കൂട്ട് കൊണ്ടാണ് ലോക്ക് ചെയ്യുന്നത്.

കള്ളിമുള്ള് കോട്ടയുടെ ചുറ്റും കിട്ടാനുണ്ട്. താളി, കശുമാവ് പശയും കൂട്ട് ചേർക്കും. പൂർണമായി ഹെർബൽ പശ ആണ് കല്ല് പുറത്തേക്കു തള്ളാതിരിക്കാൻ ഉപയോഗിക്കുന്നത്. ഒന്നര മീറ്റർ താഴ്ചയിൽ ഫൗണ്ടേഷൻ എടുത്താണ് കൊത്തളം കെട്ടുന്നത്. ഒന്നര മാസത്തിനകം കൊത്തളം നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടം റീട്ടെയിൽ വാൾ പണിയാൻ ഉദ്ദേശിക്കുന്നുണ്ട്. ആയിരങ്ങൾ കാണാനെത്തുന്ന രാജ്യത്തിന്റെ സംരക്ഷിത ചരിത്ര പൈതൃകം ഒരു പോറൽ പോലും വരാതെ സംരക്ഷിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര പുരാവസ്തു വകുപ്പ് നടപ്പിലാക്കി വരുന്നത്. 

ലോക പൈതൃക വാരാഘോഷം ഇന്ന് മുതൽ ബേക്കൽ കോട്ടയിൽ

ബേക്കൽ ∙ ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്കു പകർന്നു നൽകുന്നതിനായുള്ള ലോക പൈതൃക വാരാഘോഷം ഇന്ന് മുതൽ 25 വരെ ബേക്കൽ കോട്ടയിൽ നടക്കും. വാരാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ബേക്കൽ കോട്ടയിൽ കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് നിർവഹിക്കും.

കേന്ദ്ര പുരാവസ്തു വകുപ്പുമായി സഹകരിച്ച്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് കോട്ടയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ, രാത്രി ബേക്കൽ കോട്ട ത്രിവർണ്ണങ്ങളിൽ ദീപാലംകൃതമാക്കൽ എന്നിവ ഉണ്ടാകും. ഇന്ന് സന്ദർശകർക്ക് കോട്ടയിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com