നാടകോത്സവത്തിന് ഇന്നു തിരശീല വീഴും; എല്ലാ വഴികളും മാണിയാട്ടേക്ക്

മാണിയാട്ട് നാടകോത്സവത്തിനെത്തിയ കാണികൾ
മാണിയാട്ട് നാടകോത്സവത്തിനെത്തിയ കാണികൾ
SHARE

തൃക്കരിപ്പൂർ ∙ ചായം തേക്കാത്ത മനസ്സുകളുടെ കരുത്തുണ്ട് മാണിയാട്ടെ അരങ്ങിന്. ഒരു നാടൊന്നാകെ നാടകത്തിനായി രാപകൽ ഉണർന്നിരിക്കുമ്പോൾ, അതിനു പിന്നിലുള്ളത് നാടിന്റെ കെട്ടുറപ്പും ആത്മാർഥതയുമാണ്. മാണിയാട്ടെ കോറസ് കലാസമിതി വെറുമൊരു കലാസമിതി അല്ലാതായി മാറുകയും അതു നാടിന്റെ തുടിപ്പായി നില കൊള്ളുകയും ചെയ്യുന്നത് ആ സംഘക്കരുത്തിലാണ്.നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ സ്മരണയ്ക്ക് കോറസ് നടത്തി വരുന്ന സംസ്ഥാനതല പ്രഫഷനൽ നാടകോത്സവത്തിനു ഇന്നു ‌തിരശീല വീഴുമ്പോൾ നാടകങ്ങൾക്കൊപ്പം ചർച്ച ചെയ്യപ്പെടുന്നത്  മാണിയാട്ട് ഗ്രാമത്തിന്റെ കൂട്ടായ്മ കൂടിയാണ്. 

മാണിയാട്ട് എൻ.എൻ.പിള്ള അനുസ്മരണ നാടകോത്സവത്തിനെത്തിയ നടൻ വിജയരാഘവൻ
മാണിയാട്ട് എൻ.എൻ.പിള്ള അനുസ്മരണ നാടകോത്സവത്തിനെത്തിയ നടൻ വിജയരാഘവൻ

കേരളത്തിൽ എൻ.എൻ.പിള്ളയെ സ്മരിക്കാൻ സംസ്ഥാന തലത്തിൽ നാടക മത്സരം നടത്തുന്ന ഒരേയൊരു നാട് മാണിയാട്ടാണ്. ഒൻപതാമത് നാടക മത്സരമാണ് ഇന്നു സമാപിക്കുന്നത്. കോവിഡിന്റെ അടച്ചിടലിൽ 2 വർഷം അരങ്ങ് നിശ്ശബ്ദമായിരുന്നു.നാടകം തുടങ്ങിയാൽ എല്ലാ വഴികളും മാണിയാട്ടേക്കാണ്. ഒഴുകിയെത്തുന്ന ആൾക്കൂട്ടം അദ്ഭുതം പകരുന്ന കാഴ്ച കൂടിയാണ്. അരങ്ങിനെ ഇത്രമേൽ ഒപ്പം കൂട്ടിയവരുണ്ടാകുമോയെന്ന ആശ്ചര്യം നോക്കി നിൽക്കുന്നവരിലുണ്ടാകാം. 

11 നാൾ നീണ്ടതാണ് ഇത്തവണത്തെ നാടക മത്സരം. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നാടക സമിതികൾ മത്സര നാടകങ്ങളുമായി എത്തി. നാടകം കഴിഞ്ഞ ശേഷം നടത്തുന്ന നാടക ചർച്ച മറ്റൊരു വിശേഷം. ഇന്നു രാത്രി സമാപനത്തിൽ ആതിഥേയരുടെ പ്രദർശന നാടകമായ ’കലാപങ്ങൾക്കപ്പുറം’ അരങ്ങു കാണും. മത്സരം ഇന്നലെ സമാപിച്ചു. ഇന്നു നാടകത്തിനു മുൻപ് വിളമ്പുന്ന സമൂഹസദ്യ മറ്റൊരു പ്രത്യേകതയാണ്. നാടകം കാണാനെത്തിയവരെ ആദ്യ ദിനം സ്വീകരിച്ചത് കുമ്പിളപ്പത്തിന്റെ മധുരത്തോടെയാണെങ്കിൽ തിരശീല വീഴുമ്പോൾ സദ്യ നൽകി യാത്രയാക്കുകയാണ്. അടുത്ത വർഷം ഇതിനെക്കാൾ ഉണർവോടെ തിരിച്ചെത്താൻ.

കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ നൽകിയ ഉൗർജം മാണിയാട്ടിന്റെ ഓരോ ചലനത്തിലുമുണ്ട്. അരങ്ങിലെ ഉണർവും അതിന്റെ തുടർച്ച തന്നെ. അനുഭവ സമ്പത്തുള്ള നിരവധി നാടക പ്രവർത്തകരുടെ നാടാണിത്. അവരെയെല്ലാം പാകപ്പെടുത്തിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവന രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നാടക ഗ്രാമമായി മാണിയാട്ട് ഉയർത്തപ്പെടുമ്പോൾ സവിശേഷതയാർന്ന പ്രവർത്തനങ്ങളും അരങ്ങിനായി സമർപ്പണം നടത്തിയ പ്രവർത്തകരുമാണ് സ്മരണീയരാകുന്നത്.

ആയിരങ്ങൾക്കൊപ്പംവിജയരാഘവനും

പിതാവിന്റെ സ്മരണയ്ക്ക് ഇങ്ങു വടക്ക് നടത്തുന്ന നാടകോത്സവത്തോടു വല്ലാത്ത മമതയും സ്നേഹവുമുണ്ട് മകൻ വിജയരാഘവന്. അഭിനയത്തിരക്കാണെങ്കിൽ പോലും വിജയരാഘവൻ ഇവിടെ പറന്നെത്തും. ഇത്തവണയും മുടക്കിയില്ല. കഴിഞ്ഞദിവസം മാണിയാട്ടെത്തി ആസ്വാദകർക്കൊപ്പമിരുന്നു നാടകം കണ്ടു. നാട്ടു വിശേഷങ്ങൾ പങ്കിട്ടു. നാടക നടത്തിപ്പിന്റെ നെടുംതൂണായ ടി.വി.ബാലനെന്ന ശോഭ ബാലന്റെ സംഘാടക വൈഭവത്തിന്റെ സാക്ഷ്യപ്പെടുത്തലാണു നാടകപ്പറമ്പിലേക്കു ഒഴുകിയെത്തുന്ന ആയിരക്കണക്കിനാളുകൾക്കൊപ്പം വിജയരാഘവനെ പോലുള്ളവരുടെ സാന്നിധ്യവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS