ADVERTISEMENT

ബോവിക്കാനം ∙ പ്ലാന്റേഷൻ കോർപറേഷൻ(പിസികെ) കാസർകോട് എസ്റ്റേറ്റിലെ തൊഴിലാളി സമരം 38–ാം ദിവസത്തിലേക്കു കടന്നതോടെ നിലപാട് കടുപ്പിച്ച് മാനേജ്മെന്റും യൂണിയനുകളും. സമരത്തിൽ പങ്കെടുത്ത 8 തൊഴിലാളികളെ ഇന്നലെ മാനേജർ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സിഐടിയു-ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി.പണിമുടക്ക് ഇന്നും തുടരും.

ലേബർ ഓഫിസിൽ ഇന്നു നടക്കുന്ന ചർച്ചയിൽ തീരുമാനം അനുകൂലമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഇരു യൂണിയനുകളും പ്രഖ്യാപിച്ചു. അതേസമയം രണ്ടു കൂട്ടരും മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കുകയുമാണ്. കശുവണ്ടി പ്ലാന്റേഷനിൽ പണിയെടുത്തിരുന്ന മുളിയാർ ഡിവിഷനിലെ 6 തൊഴിലാളികളെ റബർ മേഖലയിലേക്കു മാറ്റിയതാണു പ്രശ്നങ്ങളുടെ തുടക്കം. 7 മാസം മുൻപാണ് ഇവരെ റബർ ടാപ്പിങ് പരിശീലനത്തിനു പോകാൻ മാനേജർ നിയോഗിച്ചത്. എന്നാൽ പരിശീലനത്തിനു പോകാൻ 6 പേരും തയാറായില്ല. പറ്റില്ലെന്ന് ഇവർ അറിയിച്ചെങ്കിലും പഴയ പണി നൽകിയില്ല.

പണി വേണമെങ്കിൽ റബറിന്റെ പണി എടുക്കട്ടെ എന്ന നിലപാടിലാണ് മാനേജ്മെന്റ്. 6 മാസത്തോളം വീട്ടിലിരുന്ന ശേഷം ഒരു മാസം മുൻപ് 6 തൊഴിലാളികളും പിസികെ കാസർകോട് എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. സംയുക്ത സമരസമിതി രൂപീകരിച്ചായിരുന്നു സമരം. എന്നിട്ടും മാനേജ്മെന്റ് അയഞ്ഞില്ല.‌ഇവർക്ക് അനുഭാവം പ്രകടിപ്പിച്ചു മറ്റു തൊഴിലാളികളും സമരത്തിൽ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ സമരത്തിൽ മാനേജരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് 8 പേരെ സസ്പെൻഡ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു മാനേജർ പൊലീസിലും പരാതി നൽകിയിരിക്കുകയാണ്.

കോർപറേഷന്റെ വാദം

റബറിന്റെ ആദായം എടുക്കാൻ കൂടുതൽ തൊഴിലാളികൾ ആവശ്യമായി വന്നതോടെയാണു കശുവണ്ടി മേഖലയിൽ നിന്നു തൊഴിലാളികളെ നിയോഗിച്ചത്. എല്ലാ യൂണിയനുകളോടും ആലോചിച്ച് 50 വയസ്സിൽ താഴെ പ്രായമുള്ളവരെയാണ് ഇതിനു തിരഞ്ഞെടുത്തത്. പെർളയിൽ തീരുമാനിച്ച 12 പേരും ജോലിക്കു ഹാജരായപ്പോൾ മുളിയാറിൽ 6 പേർ അതിനു തയാറായില്ല. റബർ ടാപ്പിങ് ചെയ്യാത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് കോർപറേഷന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പുതിയ തൊഴിലാളികളെ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോൾ കോർപറേഷനില്ല. കശുവണ്ടി മേഖലയിൽ തൊഴിലാളികൾ അധികവുമാണ്. ഈ സാഹചര്യത്തിൽ ഇവരെ മാറ്റുകയല്ലാതെ മറ്റു വഴിയില്ല. ‌‍റബർ ടാപ്പിങിനു തയാറായ തൊഴിലാളികളെ യൂണിയനുകൾ നൽകിയാൽ ഇപ്പോൾ ബുദ്ധിമുട്ട് അറിയിച്ച 6 പേരിൽ കൂടുതൽ പ്രശ്നമുള്ളവരെ മാറ്റാൻ തയാറാണ്.

"പ്ലാന്റേഷൻ കോർപറേഷനെ നഷ്ടത്തിലാക്കിയത് അധികൃതരുടെ പിടിപ്പുകേടാണ്. കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടെന്ന വാദം തന്നെ തെറ്റാണ്. കശുവണ്ടി സീസൺ ആയിട്ടും കാട് കൊത്തൽ പൂർത്തിയായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന പാഷൻ ഫ്രൂട്ട് കൃഷി പാടേ ഉപേക്ഷിച്ചു. വിദഗ്ധരായ തൊഴിലാളികളെ ടാപ്പിങിന് ഉപയോഗിച്ചാൽ നല്ല വരുമാനം നേടാൻ സാധിക്കും. അതിനു തയാറാകാതെ, കശുവണ്ടി തൊഴിലാളികളെ ടാപ്പിങിന് ഉപയോഗിക്കുന്നതു തെറ്റായ നിലപാടാണ്. പുതിയ തൊഴിലാളികളെ നിയമിക്കാൻ കഴിയില്ലെങ്കിൽ, മുളിയാർ ഡിവിഷനിലെ എല്ലാ തൊഴിലാളികൾക്കും ടാപ്പിങ് പരിശീലനം നൽകി റൊട്ടേഷൻ അടിസ്ഥാനത്തിൽ ടാപ്പിങിനു നിയമിക്കാമെന്ന നിർദേശം യൂണിയനുകൾ വച്ചെങ്കിലും അതിനും മാനേജ്മെന്റ് തയാറായില്ല." - പി.രവീന്ദ്രൻ, തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു കാസർകോട് എസ്റ്റേറ്റ് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com