ADVERTISEMENT

രാജപുരം ∙ സിപിഎം ഭരിക്കുന്ന മലനാട് റബർ ആൻഡ് അദർ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സഹകരണ സംഘം(മലനാട് സൊസൈറ്റി) വൻ സാമ്പത്തിക പ്രതിസന്ധിയിൽ. സ്ഥലവും കെട്ടിടങ്ങളും ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളും വിൽപന നടത്തി ബാധ്യത തീർക്കാനാണ് ആലോചന. വർഷങ്ങളായി തുടരുന്ന പ്രതിസന്ധിയിൽ‍ ഏകദേശം 6.5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉള്ളതായാണു സൂചന. 

ചിട്ടി തുക തിരികെ നൽകാനായില്ല !

സൊസൈറ്റി നടത്തി വന്ന ചിട്ടി, കാലാവധി കഴിഞ്ഞ് 3 മാസമായിട്ടും തുക നൽകാത്തതിനെ തുടർന്നു ചിട്ടിയിൽ ചേർന്നവർ കലക്‌ഷൻ എജന്റുമാരെ വഴിയിൽ തടയാൻ തുടങ്ങിയതോടെയാണു സൊസൈറ്റിയുടെ കാലങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധി പുറത്തായത്. ഇതോടെ ഏജന്റുമാരിൽ പലരും ജോലിയിൽ നിന്നു പിരിഞ്ഞു പോയി. പ്രതിമാസം 1000 രൂപ മാസ അടവുള്ള കാലാവധി പൂർത്തിയായ 20,000 രൂപയുടെ ചിട്ടിയിൽ 400ലധികം പേരാണുള്ളത്. ഇതിൽ 40 ലക്ഷം രൂപയാണു കൊടുത്തു തീർക്കാനുള്ളത്. കൂടാതെ വൻതുക സ്ഥിര നിക്ഷേപം നടത്തിയവർക്ക് ഉൾപ്പെടെ നൽകാൻ ഏകദേശം 6.5 കോടി രൂപ ഉള്ളതായും സൂചനയുണ്ട്. 

സ്ഥലം വിട്ട് തുക നൽകാമെന്ന് സംഘം

സൊസൈറ്റിയുടെ ഉടമസ്ഥതയുള്ള പാണത്തൂരിലെ സ്ഥലം വിൽപന നടത്തി കുറി തുക നൽകാമെന്നാണു നിലവിൽ ചിട്ടിയിൽ ചേർന്നവർക്ക് ഉറപ്പു നൽകിയിരിക്കുന്നത്. എന്നാൽ പാണത്തൂരിലെ കെട്ടിടവും സ്ഥലം ലാൻഡ് അസൈൻമെന്റ് ആക്ട് പ്രശ്നത്തിൽ പെട്ടതായതിനാൽ വിൽപന നടത്തുന്നതിൽ നിയമ തടസ്സമുണ്ട്. കലക്‌ഷൻ ഏജന്റുമാർക്കു പലരിൽ നിന്നും ചിട്ടി തുക പൂർണമായി പിരിച്ചെടുക്കാനും സാധിച്ചിട്ടില്ല. 16000 രൂപ മുതൽ 20000 രൂപ വരെയാണ് ചിട്ടിയിൽ ചേർന്നവർക്കു കൊടുക്കാനുള്ളത്.

ബാധ്യത പല രീതിയിൽ

പാണത്തൂർ, പനത്തടി, മാലക്കല്ല്, പെരുമ്പള്ളി എന്നിവിടങ്ങളിൽ മലനാട് സൊസൈറ്റിക്കു സ്വന്തമായി കെട്ടിടങ്ങളുണ്ട്. ഇവ വിൽപന നടത്താനുള്ള ശ്രമങ്ങളും സൊസൈറ്റി നടത്തുന്നുണ്ട്. മാലക്കല്ലിലെ പ്രധാന ഓഫിസിനു പുറമെ പാണത്തൂർ, പനത്തടി, ഇരിയ, ചുള്ളിക്കര എന്നിവിടങ്ങളിൽ ശാഖകൾ ഉണ്ടായിരുന്നതിൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഇരിയ, ചുള്ളിക്കര ശാഖകൾ നേരത്തെ അടച്ചു പൂട്ടിയിരുന്നു.

ഗുരുപുരത്ത് പുതിയ സ്ഥലത്തിനു മുൻകൂർ തുക കൊടുത്തിരുന്നെങ്കിലും പ്രതിസന്ധി മൂലം സ്ഥലം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ നൽകിയ തുക നഷ്ടപ്പെട്ടു. റാണിപുരം ഡിടിപിസി റിസോർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതും ബാധ്യതയ്ക്കു കാരണമായി പറയുന്നു. 

പണം കിട്ടാത്തവരിൽ സിപിഎം അംഗങ്ങളും

സിപിഎം പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ലക്ഷങ്ങളാണു ‍സൊസൈറ്റിയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി പുറത്തായതോടെ പലരും ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു നാട്ടുകാർ ചോദിക്കുന്നു. കൂടാതെ ഡെയ്‌ലി ഡിപ്പോസിറ്റ് സ്കീമിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും വൻതുക നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്.

ഇത്രയും നിക്ഷേപം ഉണ്ടായിട്ടും പ്രതിസന്ധി ഉണ്ടായത് എങ്ങനെ എന്ന ചോദ്യവും അംഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. സിപിഎം മുൻ ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണനാണ് സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റ്. 4 മാസം മുൻപാണ് എം.വി.കൃഷ്ണൻ സ്ഥാനം ഏറ്റെടുത്തത്. കാലങ്ങളായി സൊസൈറ്റി നടത്തിപ്പിലെ സാമ്പത്തിക ഇടപാടിലെ ക്രമക്കേടാണു പ്രതിസന്ധിക്കു കാരണമെന്നും ആക്ഷേപമുണ്ട്. സൊസൈറ്റിക്കെതിരെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

"ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സൊസൈറ്റിക്കു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. ഡിസംബർ 31നകം മുഴുവൻ അംഗങ്ങൾക്കും കുറി തുക നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്." - എം.വി.കൃഷ്ണൻ, പ്രസിഡന്റ്, മലനാട് റബർ മാർക്കറ്റിങ് സൊസൈറ്റി

"3 മാസമായി ചിട്ടി കാലാവധി തികഞ്ഞിട്ട്. 2000 രൂപയുടെ ചിട്ടിയിൽ 16000 രൂപയാണ് എനിക്കു ലഭിക്കാനുള്ളത്. ബാക്കി തുക എടുക്കാൻ ഏജന്റുമാർ വന്നില്ല. ഡിസംബർ 31 ആണ് അവസാന തീയതി പറഞ്ഞിട്ടുള്ളത്." - സി.എസ്.സന്തോഷ്കുമാർ, ശ്രീലക്ഷ്മി ഓഫ് സെറ്റ് പ്രസ്, കോളിച്ചാൽ

"ചിട്ടിയിലേക്ക് ഡെയ്‌ലി ഡിപ്പോസിറ്റ് ആയാണു തുക നിക്ഷേപിച്ചിരുന്നത്. സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ മാലക്കല്ലിലെ ഓഫിസിൽ എത്തി തുക തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥലം വിൽപന നടത്തി തരാമെന്നാണു മറുപടി ലഭിച്ചത്. ടൗണിലെ ഒട്ടേറെ വ്യാപാരികൾക്കു തുക ലഭിക്കാനുണ്ട്." - കെ.ഷൺമുഖൻ, വ്യാപാരി, കോളിച്ചാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com