ADVERTISEMENT

പരവനടുക്കം ∙ തലക്ലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ഉത്സവ ദിനമായ ഇന്നു ദർശന സായൂജ്യം തേടിയെത്തുന്നത് ഒട്ടേറെ ഭക്തർ. രാവിലെ 6ന് ഉഷപൂജ, 6.30ന് ഗണപതിഹോമം, 7ന് ഉഷ ശ്രീവേലി, 9ന് കലശപൂജ, കലശാഭിഷേകം, 10ന് കേളി. 10.30ന് മിഴാവ് തായമ്പക. 12ന് ഉച്ചപൂജ, പ്രസാദ വിതരണം, അന്നദാനം. 1.30ന് ശ്രീവേലി എഴുന്നള്ളത്ത്, പ‍ഞ്ചവാദ്യം, ചെണ്ടമേളം തുടർന്ന് ശിവപുരം ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, മണ്ഡപത്തിൽ പൂജ, വൈകിട്ട് 4ന് തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.

  പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സർപ്പക്കാവ്.
പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സർപ്പക്കാവ്.

6ന് ദീപാരാധന, മടിക്കൈ ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിലുള്ള തായമ്പക, 6.30ന് നൃത്താഞ്ജലി. 8ന് അത്താഴപൂജ, 8.30ന് ഭൂതബലി, ചെണ്ടമേളം, വസന്തപൂജ, തിടമ്പ് നൃത്തം. തുടർന്ന് തെയ്യം കൂടൽ എന്നിവ നടക്കും. നാളെ രാവിലെ 11ന് രക്തേശ്വരി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടും.

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രവുമായുള്ള ബന്ധം‍‌

ക്ഷേത്രത്തിലെ പ്രധാന ദേവൻ സുബ്രഹ്മണ്യ സ്വാമിയാണ്. കുക്കെ സുബ്രഹ്മണ്യ മഹാക്ഷേത്രത്തിലെ വഴിപാടുകൾക്കു സാദൃശ്യമുള്ളതാണ് തലക്ലായി ക്ഷേത്രത്തിലെയും വഴിപാടുകൾ എന്നതിനാൽ ഈ രണ്ടു ക്ഷേത്രങ്ങളും തമ്മിൽ  പൗരാണിക കാലം തൊട്ടേ ബന്ധമുണ്ടെന്നാണു പറയുന്നത്. പൗരാണിക കാലത്ത് ഈ പ്രദേശത്ത് ‘പാലയൂർ’ എന്ന പേരിൽ ഒരു നമ്പൂതിരിയില്ലം ഉണ്ടായിരുന്നത്രെ.

പാലയൂരില്ലത്ത് പുരുഷ സന്തതികൾ ഇല്ലാതായിത്തീർന്നതു മൂലം ഇല്ലം നാമാവശേഷമാകുന്നതിൽ വ്യാകുല ചിത്തനായ ഗൃഹനാഥൻ തെക്കൻ പ്രദേശത്തുള്ള മംഗലം എന്ന ഇല്ലത്തു നിന്നു ദത്തുപുത്രനെ സ്വീകരിച്ചു എന്നാണ് ഐതിഹ്യം. ആ നിലയ്ക്ക് പാലയൂരില്ലത്തിൽ പിന്നീടുണ്ടായ സന്താന പരമ്പര രണ്ട് ഇല്ലക്കാരും സമാഹരിച്ചു പാലമംഗലം എന്ന പേരിൽ നിലനിർത്തി.  പാലയൂരിന്റെ ദത്തുപുത്രനായി ശംഭുനാട്ടിലെത്തി മംഗലം നമ്പൂതിരി ചെറുപ്പത്തിൽ തന്നെ സുബഹ്മണ്യ ഭക്തനായിരുന്നു. അദ്ദേഹം തന്റെ ആരാധനാ ദേവനെ നേരിൽ ദർശിക്കുന്നതിനായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നത്രെ. പാലമംഗലം വിഷ്ണു നമ്പൂതിരിയാണു നിലവിൽ ക്ഷേത്ര മാനേജിങ്  ട്രസ്റ്റി.

സർപ്പക്കാവ്

ശ്രീകോവിലിന്റെ ഭദ്രതയ്ക്കായി ചുറ്റും നാലമ്പലങ്ങളും ക്ഷേത്രത്തിന്റെ സുരക്ഷാർഥം നാലു ഭാഗത്തും മതിലുകളും നിർമിച്ചിട്ടുണ്ട്. ഇതിനു പുറമേ ക്ഷേത്ര പാലക പ്രതിഷ്ഠ, നമസ്കാര മണ്ഡപം, ബലിക്കല്ല്, അഗ്രശാല, കുളം, കിണർ, പടിപ്പുര എന്നിവയും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ തെക്കുവശത്ത് റോഡിനു സമീപത്താണ് സർപ്പക്കാവുള്ളത്. പാലമംഗലത്തില്ലം വകയാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ ഇപ്പോൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com