ADVERTISEMENT

തൃക്കരിപ്പൂർ ∙ ലോക ഫുട്ബോളിന്റെ ആരാധനാ പാത്രമായ ലയണൽ മെസ്സിയെ നേരിൽ കാണുകയെന്ന യാഥാർഥ്യത്തിലേക്ക് ഓടിയടുക്കുകയാണ് തൃക്കരിപ്പൂർ മണിയനൊടിയിലെ നിബ്രാസെന്ന പതിനാലുകാരൻ.സൗദി അറേബ്യയ്ക്കു മുന്നിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് നിബ്രാസിന്റെ നിഷ്ക്കളങ്ക മനസ്സിലെ പൊട്ടിക്കരച്ചിൽ. അർജന്റീനയുടെ തോൽവിയിൽ കൂട്ടുകാർ വല്ലാതെ പരിഹസിച്ചപ്പോൾ കണ്ണീരൊലിപ്പിച്ച നിബ്രാസിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടതിന്റെ വിങ്ങലിൽ കരഞ്ഞ നിബ്രാസിനെക്കുറിച്ച് മലയാള മനോരമ വാർത്തയും നൽകിയിരുന്നു.

ഇപ്പോഴിതാ ലോക ഫുട്ബോൾ മാമാങ്കം കാണാൻ നിബ്രാസിനു വാതിൽ തുറന്നിരിക്കുന്നു. നിബ്രാസിന്റെ വിഡിയോ ദൃശ്യം ശ്രദ്ധയിൽ പെട്ട യുഎഇ ആസ്ഥാനമായുള്ള സ്മാർട്ട് ട്രാവൽസാണ് ഇതിനു വഴിയൊരുക്കുന്നത്. എല്ലാ ചെലവുകളും ട്രാവൽസ് വഹിക്കും. നിബ്രാസിന്റെ പാസ്പോർട്ട് പുതുക്കുന്ന തിരക്കിലാണിപ്പോൾ. പാസ്പോർട്ട് കയ്യിൽ കിട്ടിയാൽ ഉടനെ നിബ്രാസുമായി സ്മാർട്ട് അധികൃതർ പറക്കും. ദുബായ് വഴിയാണ് ഖത്തറിലേക്കു പോകുക.

5 ദിവസം ദുബായിൽ തങ്ങും. അവിടെ നിന്ന് റോഡ് മാർഗം ഖത്തറിലേക്കു പോകുമെന്നു സ്മാർട്ട് ട്രാവൽസ് പ്രതിനിധി ആഷിക് പറഞ്ഞു. അർജന്റീനയുടെ കളി കാണുകയും ഒത്താൽ മെസ്സിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ നൽകുകയുമെന്ന സ്വപ്നമാണിപ്പോൾ നിബ്രാസിന്. ലോകകപ്പ് കാണാൻ ഖത്തറിലേക്കു പോകണമെന്നത് നിബ്രാസ് സ്വപ്നമായി കൊണ്ടു നടന്നിരുന്നു. സ്വപ്നം യാഥാർഥ്യത്തിലേക്കു പുലരുമ്പോൾ നിബ്രാസ് താരമായി മാറി. ഇതിനു നിമിത്തമായത് ഫവാസെന്ന യുവാവ് ചിത്രീകരിച്ച നിബ്രാസിന്റെ വിതുമ്പലാണ്.

മണിയനൊടി കെഎംകെ ഹൗസിൽ ടി.നൗഫലിന്റെയും ഖദീജയുടെയും മകനായ നിബ്രാസ്, ഉദിനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അർജന്റീന സൗദിയോടു തോറ്റതിന്റെ കാരണം വിശദീകരിച്ച നിബ്രാസ്, രണ്ടാമത്തെ മത്സരത്തിലും അർജന്റീന വേണ്ടത്ര ശോഭിച്ചില്ലെന്നു പറഞ്ഞു. ആരാധന അർജന്റീനയോടു കാട്ടുമ്പോഴും കളിക്കുന്ന ടീമുകൾക്കൊപ്പമാണ് നിബ്രാസ്. 

ലോകകപ്പ് ആർക്കെന്നു പ്രവചിക്കാൻ നിബ്രാസ് ബുദ്ധിമുട്ടുന്നുണ്ട്. അർജന്റീനയെക്കാൾ കളിയിൽ മെച്ചം ബ്രസീലെന്നു നിബ്രാസ് അംഗീകരിക്കുന്നത് ഈ വിലയിരുത്തലിലൂടെയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com