കാസർകോട് ∙ ഇതുവരെയും സമ്പൂർണ ശുചിത്വ പദവി കൈവരിക്കാത്ത പഞ്ചായത്തുകളിൽ, സമ്പൂർണ ശുചിത്വ പദവി കൈവരിക്കാൻ കഴിവുള്ള പഞ്ചായത്തുകളുടെ പട്ടിക മുൻഗണനാക്രമത്തിൽ അംഗീകരിച്ചു. തൃക്കരിപ്പൂർ, വലിയപറമ്പ, എൻമകജെ, ചെമ്മനാട്, മധൂർ, കയ്യൂർ ചീമേനി, വെസ്റ്റ് എളേരി, പുത്തിഗെ, പൈവളിഗെ, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളാണു പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാലിന്യ പരിപാലന ഏകോപന സമിതി യോഗത്തിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ നിർദേശം അനുസരിച്ചാണു പട്ടിക തയാറാക്കിയത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ സ്ഥിതി, മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. ശുചിത്വ പദവി ഇതുവരെയും ലഭിക്കാത്ത കാസർകോട് മുനിസിപ്പാലിറ്റിക്കും മറ്റു പഞ്ചായത്തുകൾക്കും ശുചിത്വ പദവി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടറോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു. വലിച്ചെറിയൽ മുക്ത ജില്ല പദ്ധതിയോട് അനുബന്ധിച്ച് വിപുലമായ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക് തലത്തിൽ യോഗം വിളിച്ച് ചേർക്കാനും തീരുമാനമായി.
ഡപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിങ് ഓഫിസർ നിനോജ് മേപ്പടിയത്ത്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.ലക്ഷ്മി, പഞ്ചായത്ത് അസി.ഡയറക്ടർ കെ.വി.ഹരിദാസ്, എഡിസി (ജനറൽ)ഫിലിപ്പ് ജോസഫ്, ഡിഎസ്എം (ഹെൽത്ത്)അസി.കോർഡിനേറ്റർ എം.ടി.പി.റിയാസ്, ഡി.എം.ഒ ടി.എ. പി. കുഞ്ഞിക്കൃഷ്ണൻ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എച്ച്എസ് ഷൈൻ പി.ജോസ്, കാസർകോട് മുനിസിപ്പാലിറ്റി ജെഎച്ച്ഐ കെ.മധു, അസി.ടൗൺ പ്ലാനർ ഇ.വി.നാരായണൻ, നീലേശ്വരം മുനിസിപ്പാലിറ്റി സെക്രട്ടറി കെ.മനോജ് കുമാർ, കുടുംബശ്രീ ഡിപിഎം കെ.നിധീഷ, പിഎയു എഎസ്ഒ മുഹമ്മദ് മദനി, ക്ലീൻ കേരള കമ്പനി ആർപി യു.കെ.സൗരവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.