തെങ്ങുകയറ്റ തൊഴിലാളികൾ പറയുന്നു, ജീവിതത്തിൽ മാത്രം ഒരു ഉയർച്ചയുമില്ല

ജോലി കഴിഞ്ഞു മടങ്ങുന്ന തെങ്ങുകയറ്റ തൊഴിലാളികളായ പത്തിൽ രാജൻ, ബിജു ഉള്ളാറപ്പത്തിൽ, ടി.രാഘവൻ, വി.വി.നാരായണൻ, ടി.കെ.പവിത്രൻ
ജോലി കഴിഞ്ഞു മടങ്ങുന്ന തെങ്ങുകയറ്റ തൊഴിലാളികളായ പത്തിൽ രാജൻ, ബിജു ഉള്ളാറപ്പത്തിൽ, ടി.രാഘവൻ, വി.വി.നാരായണൻ, ടി.കെ.പവിത്രൻ
SHARE

ചെറുവത്തൂർ ∙ ജീവിക്കാൻ വേണ്ടിയാണ് ഈ അപകടം പിടിച്ച ജോലി ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ഇത്രയും കാലം ശരീരം മറന്ന് അധ്വാനിച്ചിട്ടും കൈകാലുകളിലെ തഴമ്പിച്ച പാടും ശരീരം മുഴുവനുമുള്ള വേദനയുമാണ് ബാക്കി. തെങ്ങുകയറ്റ തൊഴിലാളികൾക്ക് പറയാൻ സങ്കടകഥകൾ മാത്രം ബാക്കി. തെങ്ങിൽ കയറി തേങ്ങ പറിച്ചെടുക്കുന്ന തെങ്ങുകയറ്റ തൊഴിലാളികളുടെ ജീവിതകഥ വേദനയുടേതാണ്. മുൻപ് കാലത്ത് പാരമ്പര്യമായി ഈ തൊഴിൽ എടുത്തു വരുന്നവരായിരുന്നു പലരും.എന്നാൽ പിന്നീട് യുവാക്കളടക്കം ഈ രംഗത്തേക്കു വന്നു.

എന്നാൽ ജോലിയുടെ അപകട സാധ്യതയും ഈ ജോലിയെടുക്കുന്നവർക്കുണ്ടാകുന്ന അസുഖങ്ങളും കാരണം പുതുതായി ഈ തൊഴിലിലേക്ക് ആരും കടന്നു വരുന്നില്ല. എല്ലാ തൊഴിലാളികൾക്കും ഇന്ന് തൊഴിലാളി സംഘടനകൾ ഉണ്ടെങ്കിലും തെങ്ങുകയറ്റ തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് ആരും തന്നെ മുൻകൈ എടുക്കുന്നില്ല. ഇവർ അസംഘടിതരായതു കൊണ്ട് തന്നെ കൃത്യമായ വേതനം ലഭിക്കുന്നുമില്ല. മറ്റ് ആനുകൂല്യങ്ങളില്ലാത്ത തൊഴിലാളികളും ഇന്ന് ഇവർ മാത്രമാണ്.

മുൻകാലങ്ങളിൽ പറമ്പുകളിൽ നിന്ന് ഒരു വർഷത്തിൽ 6തവണയാണ് തേങ്ങ പറിച്ചെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ നാലോ അഞ്ചോ തവണ മാത്രമാണ് പറിച്ചെടുക്കുന്നത്. തേങ്ങയുടെ വിലയിടിവ് കാരണം തെങ്ങ് കർഷകർക്ക് കൃഷിയിൽ നിന്ന് കാര്യമായ വരുമാനം ഇല്ലാത്തതാണ് ഇതിനു കാരണം. ഒരു തെങ്ങിൽ കയറി തേങ്ങയിട്ടാൽ ഇന്ന് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് ശരാശരി 25 രൂപയാണ്. നമ്മുടെ നാട്ടിലെ തെങ്ങുകൾ വളരെ ഉയരം കൂടിയതിനാൽ പല തൊഴിലാളികൾക്കും 30ലധികം തെങ്ങിൽ കയറി തേങ്ങയിടാൻ കഴിയാത്ത അവസ്ഥയാണ്.

തൊഴിൽ ചെയ്യുമ്പോൾ തെങ്ങിൽ നിന്ന് വീണ് പരുക്കേൽക്കുന്നവരുടെ കഥയാണ് ഏറെ വേദനാജനകം. അപകടം സംഭവിച്ചാൽ, സ്ഥലമുടമകൾ സഹായിക്കാത്ത അവസ്ഥയുമുണ്ട്. തുടർച്ചയായി 10ലധികം വർഷം ജോലി ചെയ്താൽ നടുവേദനയും, കൈകാൽ വേദനയും ഉറപ്പാണെന്ന് തൊഴിലാളികൾ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് പഞ്ചായത്ത് ഇൻഷുറൻസ് ഏർപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ആ പദ്ധതി എവിടെയും എത്തിയില്ല.

വില്ലനാകുന്ന പരുന്ത്

തെങ്ങിൽ കൂടുവച്ച് കഴിയുന്ന പരുന്താണ് തൊഴിലാളികൾക്ക് പലപ്പോഴും അപകടം വരുത്തുന്നത്. പരുന്ത് കൂട് വച്ച് കഴിയുന്ന പറമ്പിലെ തെങ്ങിൽ തേങ്ങയിടാൻ തൊഴിലാളികൾ കയറിയാൽ ഇവരുടെ തലയിലും മുഖത്തും പരുന്ത് ആക്രമിക്കുക പതിവാണ്. ഇങ്ങനെ പരുന്തിന്റെ പെട്ടെന്നുള്ള ആക്രമത്തിനിടയിലാണ് പലപ്പോഴും തൊഴിലാളികൾക്ക് വീണ് പരുക്കേൽക്കുന്നത്. തെങ്ങിൽ ഉണ്ടാകുന്ന തേനീച്ചക്കൂടും തൊഴിലാളികൾക്ക് ഭീഷണിയാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS