ADVERTISEMENT

കാസർകോട്∙  യുഡിഎഫ് അംഗങ്ങളുടെ ഡിവിഷനുകളിലെ വികസന പ്രവൃത്തികൾക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കില്ലെന്ന് ആക്ഷേപം.. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യുഡിഎഫ് അംഗങ്ങളാണ് ഈ വിഷയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചത്. ഇതു വാക്കേറ്റത്തിനും ഇടയാക്കി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഡിവിഷനുകളിൽ ഒട്ടേറെ പദ്ധതികൾക്കായി ലക്ഷങ്ങൾ അനുവദിച്ചപ്പോൾ ദേലംപാടി ഡിവിഷനിലേക്ക് അനുവദിച്ചത് 15 ലക്ഷം രൂപ മാത്രമാണെന്ന്  മുസ്‍ലിംലീഗ് അംഗം പി.ബി.ഷെഫീഖ് ആരോപിച്ചു.

കർണാടക അതിർത്തിയിലെ സാൽത്തടുക്ക-മയ്യള റോഡിന് 30 ലക്ഷം രൂപയുടെ അടങ്കൽ നൽകിയെങ്കിലും ലഭിച്ചത് 15 ലക്ഷം രൂപ മാത്രമാണ്. 15 വർഷം മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്. ദേലംപാടി ഗവ. ഹൈസ്‌കൂളിന്റെ സ്ഥിതിയും ദയനീയമാണ്. അവിടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച ഫണ്ടും ഒഴിവാക്കി. ജില്ലാപഞ്ചായത്ത് അംഗം ഡിവിഷന് പുറത്തെ സ്വന്തം വീട്ടിലേക്കുള്ള റോഡിന് ഫണ്ട് വകയിരുത്തിയിടത്താണ് തന്നെപ്പോലുള്ള അംഗങ്ങൾക്ക് വിവേചനം നേരിടേണ്ടി വരുന്നതെന്നും ഷെഫീഖ് കുറ്റപ്പെടുത്തി.

പദ്ധതി വിഹിതം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഭരണസമിതി യോഗത്തിൽ മാത്രം ഉന്നയിച്ചാൽ പോരെന്നും പഞ്ചായത്ത്‌രാജ് ചട്ടം അനുസരിച്ച് അതിന്റെ ഓരോ ഘട്ടത്തിലും അംഗത്തിന്റെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്നും  യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പദ്ധതി വിഹിതം അനുവദിക്കുമ്പോൾ രാഷ്ട്രീയം നോക്കി വിവേചനം കാണിക്കാനുള്ള ചട്ടം പഞ്ചായത്ത്‌രാജിൽ ഉണ്ടോയെന്ന മറു ചോദ്യവുമായാണ് ഷെഫീഖ് വിമർശനത്തെ നേരിട്ടത്. യുഡിഎഫ് അംഗങ്ങളിലെ പലർക്കും ഇതേ അഭിപ്രായമാണുള്ളത്. 

അവഗണന

"യുഡിഎഫ് അംഗങ്ങളുടെ ഡിവിഷനുകളെ പാടെ അവഗണിക്കുന്നു. ഉപ്പള ഡിവിഷനിൽ 5 വിദ്യാലയങ്ങളുടെ നവീകരണത്തിനായി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടെണ്ണത്തിനു മാത്രമാണു കിട്ടിയത്. ജിഎച്ച്എസ്എസ് ഷിറിയ, ജിഎച്ച്എസ്എസ് ഹേരൂർ, ജിഎച്ച്എസ്എസ് മംഗൽപാടി എന്നീ 3 വിദ്യാലയങ്ങളിലേക്കു പുതിയ ഭരണസമിതി വന്നതിനു ശേഷം ഒരു തുക പോലും അനുവദിച്ചില്ല. ഇതേ പോലെ പല അംഗങ്ങളുടെ ഡിവിഷനുകളിൽ വിവേചനം കാട്ടുകയാണ്. ഇതു പാടില്ല." - ഗോൾഡൻ അബ്ദുൽ ഖാദർജില്ലാ പ‍ഞ്ചായത്ത് അംഗം, ഉപ്പള ഡിവിഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com