ADVERTISEMENT

കാസർകോട് മെഡിക്കൽ കോളജ്:അടിസ്ഥാന വിവരങ്ങൾ

∙ആകെ അനുവദിച്ച സ്ഥലം: 25.06 ഹെക്ടർ
∙നിർവഹണ ഏജൻസി: കിറ്റ്കോ
∙ആകെ എസ്റ്റിമേറ്റ് തുക: 385 കോടി
∙പണി പൂർത്തിയായത്: അക്കാദമിക് ബ്ലോക്ക് മാത്രം.
∙പണി നിലച്ചത്: ആശുപത്രി പ്രധാന കെട്ടിടം, (പണം നൽകാത്തതിനാൽ കരാറുകാരൻ പണി നിർത്തി)
∙പണി നടക്കുന്നത് : അധ്യാപക ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ, ജല വിതരണ സംവിധാനം.
∙സർക്കാർ പ്രഖ്യാപിച്ച തസ്തികകൾ: 273 (നിയമിച്ചത് 87 പേരെ മാത്രം, ഇതിൽ പലരെയും സ്ഥലം മാറ്റി)
∙നിലവിലുള്ള കിടക്ക സൗകര്യം; 350, കിടത്തി ചികിത്സ ഇല്ല.
∙മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ, സൂപ്രണ്ട് തസ്തികകൾ അനുവദിച്ചിട്ടില്ല.
∙നിലവിൽ ഒപി പരിശോധന ഉണ്ട്

മെഡിക്കൽ കോളജിനായി ഇതുവരെ പൂർണമായി വിനിയോഗിച്ച തുക

സ്റ്റേറ്റ് പ്ലാൻ ഫണ്ട്: 45.62 കോടി

കാസർകോട് വികസന പാക്കേജ് 27.03 കോടി
നബാർഡ് ധനസഹായം കിട്ടിയത്: 52 കോടി

∙പണി നടക്കുന്നത് കാസർകോട് വികസന പാക്കേജ് 37.25 കോടി രൂപ കിഫ്ബി ഫണ്ട് 16 കോടി
∙നിലവിൽ അനുവദിച്ചിട്ടും ലഭിക്കാത്ത തുകകിഫ്ബി ഫണ്ടിൽ നിന്ന് 144.23 കോടിയുടെ അനുമതിയായെങ്കിലും തുക ലഭ്യമായിട്ടില്ല.

പാലക്കുന്നിൽ പ്രതിഷേധം 5ന്;ദയാബായി എത്തും

മെഡിക്കൽ കോളജ് പണി മെല്ലെപ്പോക്കിനെതിരെ എംബികെ(മൂവ്മെന്റ് ഫോർ ബെറ്റർ കേരള) കാസർകോടിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പാലക്കുന്ന് ടൗണിൽ ‘ബേജാറിന്റെ ദശവത്സരാഘോഷം’ എന്ന പേരിൽ ഒരു ദിവസം മുഴുവൻ നീളുന്ന പ്രതിഷേധം സംഘടിപ്പിക്കും.രാവിലെ 10ന് സാമൂഹിക പ്രവർത്തക ദയബായി ഉദ്ഘാടനം ചെയ്യും. 10.30 ന് പ്രദീപ് വെള്ളമുണ്ടയുടെ കാർട്ടൂൺ, വിഡിയോ പ്രദർശനം, 10.45ന് കഞ്ഞിവെപ്പ് സമരം, 11ന് സംവാദം, 12.30ന് ഭക്ഷണം, 1.00ന് കലാ പരിപാടികൾ. 3.45ന് നാടൻ പാട്ട്, 5.15ന് മാജിക് ഷോ, 6.30ന് കാസർകോടിന്റെ ആരോഗ്യം എന്ന വിഷയത്തിൽ പൊതു ചർച്ച എന്നിവ നടക്കും.

‘ഞാൻ മന്ത്രിയോടു ചോദിച്ചു: എന്റെ കാലാവധി തീരും മുൻപ് മെഡി.കോളജ് കാണാൻ ഭാഗ്യമുണ്ടാവുമോ?’

‘കാസർകോട് മെഡിക്കൽ കോളജ് നിർമാണം എന്നു പൂർത്തിയാകും എന്നതിനു സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല. 2013ൽ യുഡിഎഫ് ഭരണത്തിൽ തറക്കല്ലിട്ട മെഡിക്കൽ കോളജ് 9 വർഷമായിട്ടും പണി പൂർത്തിയാകാതെ ഇഴഞ്ഞു നീങ്ങുന്നു. ഏറ്റവും ഒടുവിൽ കാസർകോട്ട് ആരോഗ്യ മന്ത്രി ഉദ്ഘാടകയായ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഞാൻ എന്റെ കാലാവധി തീരും മുൻപ് മെഡിക്കൽ കോളജ് കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്ന് ചോദിച്ചതാണ്.

നിയമസഭയിലും അല്ലാതെയുമായി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സർക്കാർ സമർഥമായി മറുപടി പറയുന്നതല്ലാതെ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഒപി വിഭാഗം തുടങ്ങാൻ യുഡിഎഫ് സംഘടിപ്പിച്ച സമരത്തിൽ നാട്ടുകാർക്കു വേണ്ടി എംഎൽഎ തന്നെ ധർണ ഇരിക്കേണ്ടി വന്നു. ഒപി തുടങ്ങിയെങ്കിലും സ്പെഷ്യൽറ്റി ഡോക്ടർമാരില്ല. ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ല. 2013ൽ പ്രതീക്ഷയോടെ തറക്കല്ലിട്ട മെഡിക്കൽ കോളജ് നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ ജനപ്രതിനിധികളുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ തയാറാകുന്നില്ല. സ്പെഷൽ ഓഫിസറെ നിയമിച്ചിട്ടുണ്ടെങ്കിലും വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. കരാറുകാരൻ പണം കിട്ടാത്തതിനാൽ പണി നിർത്തി കോടതിയെ സമീപിച്ചിരിക്കുന്നു. പണി ചെയ്ത ബില്ല് മുഴുവൻ കിട്ടാൻ കോടതിയിൽ പോകേണ്ട സ്ഥിതിയായി.’
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ

ഫണ്ട് ലഭിച്ചാൽ ഒന്നര വർ‌ഷത്തിനുള്ളിൽ പണി പൂർത്തിയാക്കും

‘ആവശ്യമായ ഫണ്ട് ലഭിച്ചാൽ 400 കിടക്കകളുടെ മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിന്റെ പണി ഒന്നര വർഷത്തിനകം പൂർത്തിയാകും. രോഗികൾക്ക് കിടത്തി ചികിത്സ ആരംഭിച്ചാൽ പിന്നീട് മെഡിക്കൽ കൗൺസിലിന്റെ അനുമതി തേടി എംബിബിഎസ് കോഴ്സ് തുടങ്ങാനാകും. നബാർഡ് പദ്ധതിയിൽ നിന്നുള്ള 52 കോടി ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണം.ആശുപത്രി കെട്ടിടത്തിലെ വൈദ്യുതീകരണ ജോലികൾക്കായി കിഫ്ബി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി പണി തുടങ്ങിയിട്ടുണ്ട്. അതു കഴിഞ്ഞ ശേഷമാവും കെട്ടിടത്തിന്റെ ബാക്കി സിവിൽ വർക്ക് പൂർത്തിയാകുക. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 67.25 കോടി രൂപയുടെ പദ്ധതികളാണ് മെഡിക്കൽ കോളജിനു വേണ്ടി ചെയ്യുന്നത്. ഇതിൽ 27.03 കോടി രൂപ ചെലവിൽ അക്കാദമിക് ബ്ലോക്കിന്റെ പണി തീർന്നു. ഡോക്ടർമാർക്കും വിദ്യാർഥിനികൾക്കും ഉള്ള ഹോസ്റ്റൽ നിർമാണം നടന്നു വരുന്നു. 29.25 കോടി രൂപയാണ് ഇതിനു ചെലവ്.

1 വർഷത്തിനകം അത് പൂർത്തിയാകും. അടുക്കസ്ഥല പുഴയിലെ തടയണയിൽ നിന്നു പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ പണി നടക്കുന്നുണ്ട്. 8 കോടി രൂപയാണ് ഇതിനു ചെലവ്. 65 ശതമാനം ജോലി തീർന്നു. 4 മാസം കൊണ്ട് അത് പൂർത്തിയാകും.ആശുപത്രിയിൽ ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിന് കിഫ്ബി 160 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിൽ 35 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. ’
ഇ.പി.രാജ്മോഹൻ, സ്പെഷൽ ഓഫിസർ, കാസർകോട് വികസന പാക്കേജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com