ADVERTISEMENT

നീലേശ്വരം ∙ കൊല്ലംപാറ മഞ്ഞളംകാട് വളവിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരോടെ വിട നൽകി. കരിന്തളം ചിമ്മത്തോട് വാച്ചാലിലെ ശ്രീരാഗ് (18) കൊന്നക്കാട്ടെ അനൂഷ് ഗണേശൻ (31), മീർ കാനം കൊടക്കൽ വീട്ടിലെ കെ.കെ.കിഷോർ (20) എന്നിവർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ വീടുകളിലേക്ക് ഒഴുകിയെത്തി.  വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് മൂവരും മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പഞ്ചായത്ത് അംഗം ഉമേശൻ വേളൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി.

കരിന്തളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുദർശനത്തിന് വച്ചത്. ആയിരങ്ങളാണ് ഇവിടെ തടിച്ചു കൂടിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇ.ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, സിപിഎം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, സിപിഐ നേതാക്കളായ എം.കുമാരൻ, കെ.എസ്.കുര്യാക്കോസ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.സി.പത്മനാഭൻ, കുര്യാക്കോസ് പ്ലാപറമ്പൻ, പി.ടി.നന്ദകുമാർ തുടങ്ങിയവർ ഇവിടെയെത്തി.

ഇവിടെ നിന്ന് വിലാപയാത്രയായി മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലെ അന്ത്യോപചാര ചടങ്ങുകളിൽ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തുടർന്ന് മൂവരുടെയും സംസ്കാര ചടങ്ങുകൾ നടത്തി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന മീർകാനത്തെ ബിനുകുമാറിന്റെ നില ഭേദപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഇന്നലെ ശസ്ത്രക്രിയ നടത്തി. അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുശോചിച്ചു. 

ഡ്രൈവർ അറസ്റ്റിൽ

‌കാറും ലോറിയും കൂട്ടിയിടിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ മഞ്ഞളംകാട് വാഹനാപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തിരൂരിലെ മുഹമ്മദ് റെയ്സിനെയാണ് നീലേശ്വരം സിഐ, കെ.പി.ശ്രീഹരി അറസ്റ്റ് ചെയ്തത്.

പൊലിഞ്ഞത് 3 കുടുംബങ്ങളുടെ പ്രതീക്ഷകൾ

മഞ്ഞളം കാട് വാഹനാപകടത്തിൽ പൊലിഞ്ഞത് നിർധന കുടുംബങ്ങൾക്ക് ഏക പ്രതീക്ഷയായിരുന്ന യുവാക്കൾ. ഉറ്റ സുഹൃത്തുക്കളുമാണ് മൂവരും. മീർകാനം കൊടക്കൽ വീട്ടിലെ കെ.കെ.കിഷോറിന്റെ കുടുംബം മിച്ചഭൂമിയിലെ ഒറ്റമുറി വീട്ടിൽ ടാർപോളിൻ ഷീറ്റ് മേൽക്കൂരയ്ക്ക് കീഴെയാണ് കഴിയുന്നത്. ചിമ്മത്തോട് വാച്ചാലിലെ ശ്രീരാഗിന് കിനാനൂർ കരിന്തളം പഞ്ചായത്തും ചീമേനി തുറന്ന ജയിലുമാണ് വീട് നിർമിച്ചു നൽകിയത്.

കൊന്നക്കാട്ടെ അനൂഷ് ഗണേശനും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ഹിറ്റാച്ചി ഡ്രൈവറാണ്. കെഎസ്ഇബി കരാർ തൊഴിലിനിടെയാണ് മൂവരും അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന മീർകാനത്തെ ബിനുകുമാറും പരിചയപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com